ഗൂഗിൾ പേയിൽ ഇനി സ്വർണം പണയം വയ്ക്കാം
Mail This Article
ന്യൂഡൽഹി ∙ സ്വർണം പണയം വച്ച് വായ്പ എടുക്കാൻ ഇനി ബാങ്കിൽ പോകേണ്ട, ഫോണിലെ ‘ഗൂഗിൾ പേ’ ആപ്പ് വഴി ഗോൾഡ് ലോൺ നൽകുന്ന പദ്ധതി ഗൂഗിൾ പ്രഖ്യാപിച്ചു. കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ ഗോൾഡ് ലോൺ നൽകുന്ന പുതിയ ഫീച്ചർ ഗൂഗിൾ വാർഷിക പരിപാടിയായ ‘ഗൂഗിൾ ഫോർ ഇന്ത്യയിലാണ്’ പ്രഖ്യാപിച്ചത്.
നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളായ (NBFC) മുത്തൂറ്റ് ഫിനാൻസ്, ആദിത്യ ബിർള ഫിനാൻസ് ലിമിറ്റിഡ് എന്നിവയുമായി സഹകരിച്ചാണ് ഗോൾഡ് ലോൺ ലഭിക്കുക. ഗൂഗിൾ പേയിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ഉപയോക്താക്കൾക്ക് മറ്റ് ഉടമ്പടികളൊന്നുമില്ലാതെ ലോൺ ലഭ്യമാകുമെന്നും ആപ്പ് വഴി തന്നെ പണം തിരിച്ചടയ്ക്കാനും സാധിക്കുമെന്നും ഗൂഗിൾ പേ അറിയിച്ചു.
എന്നാൽ ലോൺ നടപടിക്രമങ്ങൾ എന്തൊക്കെയെന്ന് കമ്പനി പുറത്തുവിട്ടില്ല. ആർബിഐ അംഗീകാരം ലഭിച്ചാൽ ഈ വർഷം അവസാനത്തോടെ എല്ലാ സംസ്ഥാനങ്ങളിലും ഗോൾഡ് ലോൺ ആപ്പ് വഴി ലഭ്യമാകും. ഇതോടൊപ്പം ഗൂഗിൾ പേയിലെ വ്യക്തിഗത വായ്പ പരിധി അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.