ഫുൾചാർജിൽ രാമനുണ്ണിയുടെ ചാർജ് മോഡ്
Mail This Article
കൊച്ചി ∙ ഒരു ‘പെൻഷൻകാരൻ’ തുടങ്ങിയ സ്റ്റാർട്ടപ് ആറാം വർഷമെത്തിയത് 150 കോടി രൂപയുടെ മൂല്യത്തിലേക്ക്! കോഴിക്കോട് സ്വദേശി എം.രാമനുണ്ണി സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റാർട്ടപ് ‘ചാർജ് മോഡ്’ വിദേശ വിപണിയിലും ചാർജിങ് തുടങ്ങി.
30 സ്റ്റേഷനുകൾ ആരംഭിച്ചതു നേപ്പാളിൽ. അടുത്ത ലക്ഷ്യം ഗൾഫും യൂറോപ്പും. ഇന്ത്യയിൽ 10 സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലേറെ ചാർജിങ് സ്റ്റേഷനുകളുണ്ട്. 1500 എണ്ണവും കേരളത്തിൽ. പുതുതായി 1000 സാധാരണ ചാർജിങ് സ്റ്റേഷനുകളും 100 അതിവേഗ ചാർജിങ് സ്റ്റേഷനുകളും ഉടൻ സ്ഥാപിക്കും.
പ്ലസ് ടു കഴിഞ്ഞു നാഷനൽ ഡിഫൻസ് അക്കാദമിയിൽ എയർ ഫോഴ്‌സ് കെഡറ്റായി ജോലി കിട്ടി, രാമനുണ്ണിക്ക്. നീന്തൽ പരിശീലനത്തിനിടെ പരുക്കേറ്റതോടെ 18–ാം വയസ്സിൽ റിട്ടയർമെന്റ്! തുടർന്ന് കോഴിക്കോട് ഗവ.എൻജിനീയറിങ് കോളജിൽ ചേർന്നു. സുഹൃത്തുക്കളായ വി.അനൂപും സി.അദ്വൈതുമായി ചേർന്നു ബിസിനസ് ആശയം കണ്ടെത്തി–ഇലക്ട്രിക് ബൈക്ക് നിർമിക്കുക! മറ്റൊരു സുഹൃത്തു മിഥുനും അവർക്കൊപ്പം ചേർന്നു. അപ്പോഴൊരു ചോദ്യം ഉയർന്നു. ദീർഘദൂര യാത്രകളിൽ ചാർജ് തീരുമ്പോൾ എന്തു ചെയ്യും? ആദ്യം വേണ്ടത് ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങളാണെന്നു തിരിച്ചറിഞ്ഞു. അങ്ങനെയാണു 2019ൽ ‘ചാർജ് മോഡ്’ പിറന്നത്. ടെക്നോപാർക്കാണ് ആസ്ഥാനം.
യാത്രകളിൽ തൊട്ടടുത്ത സ്റ്റേഷൻ കണ്ടെത്താനും ചാർജ് ചെയ്യാനും ചാർജിങ് പുരോഗതി തത്സമയം അറിയാനുമെല്ലാം സഹായിക്കുന്ന മൊബൈൽ ആപ് തുടങ്ങാൻ അതാണു കാരണമെന്ന് രാമനുണ്ണി പറയുന്നു.