ടാറ്റ സൺസിന്റെ ഐപിഒ 2025ൽ? ഇളവില്ലെന്ന് സൂചന, ടാറ്റ കെമിക്കൽസ് ഓഹരിയിൽ 14% മുന്നേറ്റം
Mail This Article
ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) 2025ൽ നടന്നേക്കും. ഐപിഒ നടത്തണമെന്ന നിബന്ധന ഒഴിവാക്കണമെന്ന ടാറ്റാ സൺസിന്റെ അപേക്ഷ റിസർവ് ബാഹ്ക് നിരസിച്ചുവെന്ന് ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ച് ടാറ്റാ സൺസ് ടാറ്റാ സൺസ് ഐപിഒ നടന്നേക്കുമെന്ന വിലയിരുത്തലുകളെ തുടർന്ന് ടാറ്റാ കെമിക്കൽസ് ഓഹരി ഇന്ന് 14% വരെ മുന്നേറി. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 10% നേട്ടവുമായി 1,199 രൂപയിൽ. ടാറ്റാ ഇൻവെസ്റ്റ്മെന്റ് ഓഹരികളും ഇന്ന് 10 ശതമാനത്തിനടുത്ത് മുന്നേറി.
ഐപിഒ 2025 സെപ്റ്റംബറിനകം
റിസർവ് ബാങ്ക് പുറത്തുവിട്ട ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എൻബിഎഫ്സി) പട്ടികയിൽ അപ്പർ-ലെയർ വിഭാഗത്തിലാണ് ടാറ്റാ സൺസുള്ളത്. ഈ വിഭാഗത്തിലെ കമ്പനികൾ നിർബന്ധമായും ഐപിഒ നടത്തണമെന്നാണ് റിസർവ് ബാങ്കിന്റെ നിബന്ധന. ഇതുപ്രകാരം ടാറ്റാ സൺസ് 2025 സെപ്റ്റംബറിനകം ഐപിഒ നടത്തണം.
അതേസമയം, ഐപിഒ നടത്താൻ ടാറ്റാ സൺസിന് താൽപര്യമില്ല. ഐപിഒ ഒഴിവാക്കണമെന്നായിരുന്നു അന്തരിച്ച മുൻ ചെയർമാൻ രത്തൻ ടാറ്റയുടെയും നിലപാടെന്നായിരുന്നു സൂചനകൾ. പ്രവർത്തനഘടന പുനഃക്രമീകരിച്ചും കടബാധ്യത 100 കോടി രൂപയ്ക്ക് താഴെയായി കുറച്ചും ഐപിഒ ഒഴിവാക്കാൻ ടാറ്റാ സൺസ് ശ്രമിച്ചിരുന്നു. പുറമേ, ഉപസ്ഥാപനവും എൻബിഎഫ്സിയുമായ ടാറ്റാ കാപ്പിറ്റിലിലെ ഓഹരി പങ്കാളിത്തം 97 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിന് താഴെയായി കുറച്ചും ഐപിഒ നിബന്ധനയിൽ നിന്ന് പുറത്തുകടക്കാൻ കമ്പനി ആലോചിച്ചിരുന്നു. എന്നാൽ, ഐപിഒ വേണമെന്ന നിലപാടിൽ റിസർവ് ബാങ്ക് ഉറച്ചുനിൽക്കുന്നു എന്നാണ് റിപ്പോർട്ടുകൾ.
വരുന്നത് വമ്പൻ ഐപിഒ?
ഈ വർഷത്തിന്റെ തുടക്കത്തിലെ കണക്കുപ്രകാരം ഏകദേശം 11 ലക്ഷം കോടി രൂപയാണ് ടാറ്റാ സൺസിന്റെ മൂല്യം. അതുപ്രകാരം 5% ഓഹരികൾ ഐപിഒയിൽ വിറ്റഴിച്ചാൽ പോലും 55,000 കോടി രൂപ സമാഹരിക്കാം. അടുത്തിടെ ഐപിഒ നടത്തി 27,870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായിയുടെ പേരിലാണ് നിലവിലെ റെക്കോർഡ്.
ടാറ്റാ സൺസിന്റെ 65.9% ഓഹരികൾ ടാറ്റാ ട്രസ്റ്റുകളുടെ കൈവശമാണ്. ഷാപുർജി പലോൺസി ഗ്രൂപ്പിന്റെ പക്കൽ 18.4% ഓഹരികളുണ്ട്. 12.8% ഓഹരികൾ വിവിധ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെയും 2.8% ഓഹരികൾ ടാറ്റാ കുടുംബത്തിന്റെയും കൈവശവുമാണ്. ടാറ്റാ കെമിക്കൽസും ടാറ്റാ മോട്ടോഴ്സും മൂന്ന് ശതമാനത്തോളവും ടാറ്റാ പവർ രണ്ടു ശതമാനവും ഇന്ത്യൻ ഹോട്ടൽസ് ഒരു ശതമാനവും ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. ടാറ്റാ സൺസ് ഐപിഒ നടന്നാൽ ടാറ്റാ കെമിക്കൽസിന്റെ മൂല്യത്തിലും കുതിപ്പുണ്ടാകുമെന്ന വിലയിരുത്തലാണ് ഇന്ന് ഓഹരികളുടെ കുതിപ്പിന് വഴിയൊരുക്കിയത്.