ADVERTISEMENT

കൊച്ചി ∙ വ്യാപാരത്തിന്റെ ഓരോ സെക്കൻഡിലും നിക്ഷേപകർക്കു 40 കോടി രൂപയുടെ നഷ്ടം വരുത്തിവച്ച് ഓഹരി വിപണിയിൽ വൻ തകർച്ച. പൊതു മേഖലയിൽനിന്നുള്ള ബാങ്കുകളുടെയും റിയൽറ്റി വ്യവസായത്തിൽനിന്നുള്ള കമ്പനികളുടെയും ഓഹരികളിലാണ് ഏറ്റവും കൂടുതൽ വിലയിടിവു നേരിട്ടതെങ്കിലും മറ്റു വിഭാഗങ്ങളിൽനിന്നുള്ളവയുടെ പ്രകടനവും ദയനീയമായിരുന്നു. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലെ ഭീമമായ വിലയിടിവു കോടിക്കണക്കിനു സാധാരണ നിക്ഷേപകർക്കു കനത്ത തിരിച്ചടിയായി.

വിദേശ ധനസ്ഥാപനങ്ങളിൽനിന്നുള്ള വിൽപന സമ്മർദം മൂർച്ഛിച്ചതും കോർപറേറ്റ് മേഖലയിൽനിന്നുള്ള പ്രവർത്തന ഫലങ്ങളിലെ മാന്ദ്യസൂചനകളുമാണു പ്രധാനമായും തകർച്ചയ്ക്കു പ്രേരണയായത്. ആഗോള വിപണികളുടെ മോശം പ്രകടനത്തിന്റെ സ്വാധീനവും ഇന്ത്യൻ വിപണിയെ ബാധിച്ചു. 

നിക്ഷേപകരെ വലിയ തോതിൽ ആകർഷിക്കുന്ന രണ്ട് ഐപിഒകളിലേക്കുള്ള പണപ്രവാഹവും ദ്വിതീയ വിപണിയെ ദുർബലമാക്കി. യുഎസ് ഫെഡ് റിസർവ് നവംബർ ഏഴിനു വായ്പ നിരക്കിൽ രണ്ടാം ഗഡു ഇളവു പ്രഖ്യാപിച്ചേക്കാനുള്ള സാധ്യത ഇല്ലാതാകുന്നുവെന്നു സൂചിപ്പിക്കുന്ന നിരീക്ഷണങ്ങളും വിപണിയെ നിരാശപ്പെടുത്തുന്നതായി.

യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പു ദിനം അടുത്തുവരുന്നതും വിപണിയെ അസ്വസ്ഥമാക്കുന്നുണ്ട്. നവംബർ അഞ്ചിനു നടക്കുന്ന വോട്ടെടുപ്പിൽ ട്രംപിനാണു വിജയമെങ്കിൽ പണപ്പെരുപ്പം വർധിക്കാൻ ഇടയാകുമെന്നും വായ്പ നിരക്കുകളുടെ പടിയിറക്കം തടസ്സപ്പെടുമെന്നും വിപണി അനുമാനിക്കുന്നു.

വിദേശ ധനസ്ഥാപനങ്ങളുടെ ഓഹരി വിൽപന ഈ മാസം മാത്രം 90,000 കോടി രൂപ കവിഞ്ഞിരിക്കുന്നു. ചരിത്രത്തിൽത്തന്നെ ഒരു മാസം ഇത്ര വലിയ വിൽപന ആദ്യം.

മൂന്ന് ആഴ്ചയിലേറെയായി തുടരുന്ന തകർച്ച ഇന്നലെ സെൻസെക്സിൽ നിന്നു 930.35 പോയിന്റാണു ചോർത്തിയത്. നിഫ്റ്റിയിലെ ഇടിവ് 309 പോയിന്റ്. സെൻസെക്സ് 80,220.72 പോയിന്റിൽ അവസാനിച്ചപ്പോൾ നിഫ്റ്റിയിലെ അവസാന നിരക്ക് 24,472.10 പോയിന്റിലൊതുങ്ങി. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 9.5 ലക്ഷം കോടിയോളം രൂപയുടെ നഷ്ടമാണു നേരിട്ടത്. സെൻസെക്സിൽ 505 പോയിന്റ് നഷ്ടത്തിനും കാരണമായത് റിലയൻസ് ഇൻഡസ്ട്രീസ്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, എം & എം, എൽ & ടി എന്നീ ഓഹരികളിലെ വിലയിടിവാണ്.

രാജ്യത്തെ മൂലധന വിപണി കണ്ട ഏറ്റവും വലിയ ഐപിഒയിലൂടെ ഹ്യുണ്ടായ് മോട്ടർ ഇന്ത്യ പുറപ്പെടുവിച്ച ഓഹരികൾ സ്റ്റോക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയിലും വളരെ കുറഞ്ഞ നിരക്കിലായിരുന്നു. 1960 രൂപ നിരക്കിൽ പുറപ്പെടുവിച്ച ഓഹരിയുടെ വിപണി വില 1820 രൂപയിലേക്കു താഴുന്നതും കണ്ടു.

പൊതു മേഖലയിലെ മാസഗോൺ ഡോക് 23.19 രൂപ നിരക്കിൽ ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചെന്നും ഒന്നിനു രണ്ട് എന്ന എന്ന അനുപാതത്തിൽ ഓഹരി വിഭജനം (സ്‌റ്റോക് സ്‌പ്‌ളിറ്റ്) നടത്താൻ തീരുമാനിച്ചെന്നുമുള്ള റിപ്പോർട്ടാകട്ടെ കമ്പനിയുടെ ഓഹരി വിലയിൽ പ്രതിഫലിച്ചില്ല. വിലയിൽ 508.15 രൂപയുടെ ഇടിവ് (10.89%) അനുഭവപ്പെടുകയും ചെയ്തു. 

കനത്ത ഇടിവിനൊടുവിൽ സംഭവിക്കാറുള്ള ആശ്വാസ മുന്നേറ്റം അടുത്ത ദിവസങ്ങളിൽ വിപണിയിൽ പ്രതീക്ഷിക്കാമെന്നു വിപണിയുമായി ബന്ധപ്പെട്ടവർക്ക് അഭിപ്രായമുണ്ട്.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com