ലുലു റീട്ടെയ്ൽ ഓഹരി ലിസ്റ്റ് ചെയ്തു; ആദ്യ 20 മിനിറ്റിൽ കൈമാറിയത് 4 കോടി ഓഹരികൾ, യൂസഫലിക്ക് നാളെ പിറന്നാൾ
Mail This Article
കാത്തിരിപ്പിന് വിരാമമിട്ട് ലുലു ഗ്രൂപ്പിന് (Lulu Group) കീഴിലെ ലുലു റീട്ടെയ്‍ലിന്റെ (Lulu Retail) ഓഹരികൾ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്/ADX) ഇന്ന് കന്നിച്ചുവടുവച്ച് ലിസ്റ്റ് ചെയ്തു. യുഎഇ സമയം ഇന്ന് രാവിലെ 10നായിരുന്നു ലിസ്റ്റിങ് (Lulu Retail Listing). എഡിഎക്സിൽ ലിസ്റ്റ് ചെയ്യുന്ന 100-ാമത്തെ കമ്പനിയാണ് ലുലു. ഐപിഒയ്ക്ക്ശേഷം നിർണയിച്ച പ്രൈസ് ബാൻഡ് 2.04 ദിർഹം (ഏകദേശം 46.88 രൂപ) ആയിരുന്നെങ്കിലും ഇന്ന് ഓഹരികൾ ഒരുവേള 1.4% താഴ്ന്ന് 2.01 ദിർഹം (46.19 രൂപ) വരെയെത്തി.
വ്യാപാരം ആരംഭിച്ച് ആദ്യ 20 മിനിറ്റിൽ തന്നെ 4 കോടിയിലേറെ ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. നിലവിൽ നഷ്ടം പൂർണമായി ഒഴിവാക്കി വില 2.04 ദിർഹത്തിലേക്ക് തിരികെകയറിയിട്ടുണ്ടെങ്കിലും ചാഞ്ചാട്ടം ദൃശ്യമാണ്. മികച്ച വാങ്ങൽ ട്രെൻഡ് പ്രതീക്ഷിക്കാമെന്നും ഓഹരിവില മുന്നേറിയാക്കാമെന്നുമാണ് വിലയിരുത്തലുകൾ.
ഉയർന്ന നേട്ടം പ്രതീക്ഷിച്ച് ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾ ചെറുകിട (റീട്ടെയ്ൽ) നിക്ഷേപകർ ദീർഘകാലം കൈവശം വയ്ക്കാനുള്ള സാധ്യതയാണ് ഏറെയെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലി (M.A. Yusuff Ali) നയിക്കുന്ന ലുലു ഗ്രൂപ്പിന് കീഴിലെ ലുലു റീട്ടെയ്ൽ ഒക്ടോബർ 28 മുതൽ നവംബർ 5 വരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന (ഐപിഒ) സംഘടിപ്പിച്ചത്. ആദ്യം 25% ഓഹരികൾ വിറ്റഴിക്കാനായിരുന്നു തീരുമാനമെങ്കിലും മികച്ച പ്രതികരണം ലഭിച്ചതോടെ 30 ശതമാനത്തിലേക്ക് ഉയർത്തി.
മൊത്തം 3,700 കോടി ഡോളറിന്റെ (ഏകദേശം 3.12 ലക്ഷം കോടി രൂപ) സബ്സ്ക്രിപ്ഷൻ അപേക്ഷകളാണ് ലുലു ഓഹരികൾക്ക് ലഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാരിത സ്ഥാപനത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന സബ്സ്ക്രിപ്ഷനാണിത്. യുഎഇ ഈ വർഷം സാക്ഷിയായ ഏറ്റവും വലിയ ഐപിഒയിലൂടെ 172 കോടി ഡോളർ (14,520 കോടി രൂപ) ലുലു സമാഹരിച്ചു. ഓഹരിക്ക് 2.04 ദിർഹം വീതം കണക്കാക്കിയാൽ 574 കോടി ഡോളറാണ് (48,450 കോടി രൂപ) ലുലു റീട്ടെയ്‍ലിന്റെ വിപണിമൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ).
ഐപിഒയിൽ 89% ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായാണ് (ക്യുഐബി) ലുലു മാറ്റിവച്ചത്. ഒരു ശതമാനം ഓഹരികൾ ജീവനക്കാർക്കും 10% ഓഹരികൾ റീട്ടെയ്ൽ നിക്ഷേപകർക്കായും വകയിരുത്തി. ഇതിൽ ക്യുഐബികൾക്ക് 180-ദിസത്തെ ലോക്ക്-ഇൻ കാലാവധിയുണ്ട്. ഇന്നുമുതൽ 180 ദിവസം കഴിഞ്ഞേ ഇവർക്ക് ഓഹരി വിൽക്കാനോ കൈമാറാനോ സാധിക്കൂ. അതേസമയം ജീവനക്കാർക്കും റീട്ടെയ്ൽ നിക്ഷേപകർക്കും ഈ ചട്ടം ബാധകമില്ല. അവർക്ക് ഇന്നുമുതൽ ഓഹരി വിൽക്കാം, വാങ്ങാം.
അപ്പർ-സർക്യൂട്ട് 15%
ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾക്ക് അടുത്ത മൂന്ന് ദിവസത്തേക്ക് അപ്പർ-സർക്യൂട്ട് 15 ശതമാനവും ലോവർ-സർക്യൂട്ടായി 10 ശതമാനവും എഡിഎക്സ് നിശ്ചയിച്ചിട്ടുണ്ട്. അതായത്, ഒരുദിവസം ഓഹരിവില പരമാവധി 15 ശതമാനമേ ഉയരാൻ അനുവദിക്കൂ. അതുപോലെ, പരമാവധി 10 ശതമാനമേ ഇടിയാനും അനുവദിക്കുകയുള്ളൂ. ഓഹരിവിലയിൽ പരിധിക്കപ്പുറം വിലവ്യതിയാനം ഒറ്റദിവസമുണ്ടാകുന്നത് തടയിടുകയാണ് ലക്ഷ്യം.
എഡിഎക്സിൽ നിന്നുള്ള കണക്കുപ്രകാരം ലുലു റീട്ടെയ്‍ലിന്റെ പൊതുഓഹരികളിൽ 76.91 ശതമാനമാണ് വിദേശ നിക്ഷേപകരുടെ കൈവശമുള്ളത്. ജിസിസി രാജ്യങ്ങളിലെ നിക്ഷേപകരുടെ പക്കൽ 12.82%. യുഎഇ പൗരന്മാരുടെ കൈവശം 9.86 ശതമാനവും അറബ് രാജ്യങ്ങളിലെ പൗരന്മാരുടെ പക്കൽ 0.41 ശതമാനവും ഓഹരികളുണ്ട്. ഐപിഒയിൽ റീട്ടെയ്ൽ നിക്ഷേപകർക്ക് 10% ഓഹരികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, നിരവധി പേർക്ക് അലോട്ട്മെന്റ് ലഭിച്ചിരുന്നില്ല. അതുകൊണ്ട്, ലിസ്റ്റിങ്ങിന് ശേഷം റീട്ടെയ്ൽ നിക്ഷേപകരിൽ നിന്ന് മികച്ച ഡിമാൻഡും പ്രതീക്ഷിക്കുന്നുണ്ട്.
നികുതിക്ക് ശേഷമുള്ള ലാഭത്തിന്റെ 75% ലാഭവിഹിതമായി നൽകുന്നത് പരിഗണിക്കുമെന്ന ലുലുവിന്റെ പ്രഖ്യാപനവും ജിസിസിയിലും മറ്റ് രാഷ്ട്രങ്ങളിലും ലുലു ഗ്രൂപ്പിന്റെ വിപണിവിപുലീകരണ പദ്ധതികളും ഓഹരിയിലേക്ക് കൂടുതൽ പേരെ ആകർഷിച്ചിരുന്നു. 2023ൽ 5.6% വളർച്ചയോടെ 730 കോടി ഡോളറും (61,600 കോടി രൂപ) 2024ന്റെ ആദ്യപകുതിയിൽ 5.6% നേട്ടത്തോടെ 390 കോടി ഡോളറും (32,900 കോടി രൂപ) വരുമാനം ലുലു റീട്ടെയ്ൽ നേടിയിരുന്നു. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭത്തിൽ 2023ലെ വളർച്ച 7.2 ശതമാനവും ഈ വർഷം ആദ്യപകുതിയിൽ 4.3 ശതമാനവുമാണ്.
യൂസഫലിക്ക് പിറന്നാൾ മധുരം
വിദേശ രാജ്യത്ത് ഒരു മലയാളി സംരംഭകൻ പടുത്തിയർത്തിയ പ്രസ്ഥാനം ഐപിഒയിലേക്ക് കടന്നതും ലോകമാകെ അതിന് ശ്രദ്ധലഭിച്ചതും ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്. 1974ൽ ആണ് ലുലു ഗ്രൂപ്പിന് യുഎഇയിൽ എം.എ. യൂസഫലി തുടക്കമിടുന്നത്. അബുദാബി ആസ്ഥാനമായ ലുലുവിന് ജിസിസി രാജ്യങ്ങളിൽ മാത്രം 240ലേറെ സ്റ്റോറുകളുണ്ട്. 70,000ലേറെയാണ് ജീവനക്കാർ.
യുഎഇയിലും ജിസിസിയിലും ഏറെ പരിചിതമായ റീട്ടെയ്ൽ ബ്രാൻഡായ ലുലുവിന്റെ സ്റ്റോറുകളിൽ പ്രതിദിനം എത്തുന്നത് 130 രാജ്യങ്ങളിൽ നിന്നുള്ള 6 ലക്ഷത്തോളം പൗരന്മാരാണ്. 85ഓളം രാജ്യങ്ങളിൽ നിന്നാണ് ലുലു ഗ്രൂപ്പ് ഉൽപന്നങ്ങൾ ശേഖരിക്കുന്നത്.
ലോകത്തെ എറ്റവും സമ്പന്നനായ മലയാളിയായ എം.എ. യൂസഫലി നാളെ 69-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് ലുലു റീട്ടെയ്ൽ ഇന്ന് ജിസിസിയിലെ ഏറ്റവും പ്രമുഖമായ സ്റ്റോക്ക് എക്സ്ചേഞ്ചായ എഡിഎക്സിൽ ലിസ്റ്റ് ചെയ്തത് എന്നത് അദ്ദേഹത്തിന് ഇരട്ടിമധുരവുമാണ്. നിലവിൽ ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടികയിൽ 740 കോടി ഡോളർ (ഏകദേശം 62,450 കോടി രൂപ) ആസ്തിയുമായി 39-ാം സ്ഥാനത്താണ് എം.എ. യൂസഫലി. ആഗോള സമ്പന്നപട്ടികയിൽ 428-ാം സ്ഥാനത്തും. ലുലു റീട്ടെയ്‍ലിന്റെ ഓഹരികളിലുണ്ടാകുന്ന മുന്നേറ്റം അദ്ദേഹത്തിന്റെ ആസ്തിയിലും റാങ്കിങ്ങിലും മുന്നേറ്റത്തിന് സഹായിക്കുമെന്നാണ് വിലയിരുത്തലുകൾ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)