ADVERTISEMENT

"സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടത്",. 

പറഞ്ഞത് മറ്റാരുമല്ല.  ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളിൽ സമ്പാദ്യം ശീലം വളർത്താനായി  കേരളാ ബാങ്ക് ആവിഷ്ക്കരിച്ച വിദ്യാനിധി നിക്ഷേപപദ്ധതി  ഉൽഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.     

ശരിയായി  ജീവിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന അദ്ദേഹത്തിന്റെ  നിർദേശത്തോട് നൂറു ശതമാനം യോജിപ്പു തന്നെയാണ്. അടുത്തിരിക്കുന്ന കുട്ടി വിഷമിക്കുന്നതു കണ്ടാൽ സ്വന്തം കൈയിൽ  പണമുണ്ടെങ്കിൽ അവനെ  സഹായിക്കേണ്ടത് തന്റെ  കടമയാണെന്ന്  കുട്ടികളെ പഠിപ്പിക്കണം എന്ന അദ്ദേഹത്തിന്റെ വാക്കുകളും സമൂഹം ശിരസാ വഹിക്കേണ്ടതുമാണ്. അതിലൊന്നും ആർക്കും വിയോജിപ്പുണ്ടാകില്ല. 

പക്ഷേ അതേ പ്രസംഗത്തിൽ  അദ്ദേഹം പറഞ്ഞ മറ്റു ചില കാര്യങ്ങളെ അതേ പോലെ അംഗീകരിക്കാനാകുമോ? 

കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അമിതമായ സമ്പാദ്യബോധം കുട്ടികളിലുണ്ടാക്കരുതെന്നും അദ്ദേഹം പറയുന്നു. 

നാളെയ്ക്കായി മാറ്റിവെക്കാം

family

ശരിയാണ് അമിതമായാൽ അമൃതം വിഷം  തന്നെയാണ്. പക്ഷേ മിതമായി സമ്പാദ്യം ശീലം കുട്ടികളിൽ വളർത്തേണ്ടത് ആവശ്യമല്ലേ?  ഉള്ളതിൽ അൽപം നാളേയ്ക്കായി മാറ്റി വെയ്ക്കുന്ന ശീലം ബാല്യത്തിൽ വളർത്തുന്നതിൽ എന്താണ് അപാകത? ചുട്ടയിലെ  ശീലം ചുടല വരെ എന്നല്ലേ? ഇന്നത്തെ ഈ കുട്ടികൾ നാളെ മുതിർന്നവരാകുമ്പോൾ സൂക്ഷിച്ചു ചെലവാക്കാനും ഭാവിക്കായി സമ്പാദിക്കാനും കഴിയും വിധം ആ ശീലം കുട്ടിക്കാലത്തു വളർത്തിയെടുക്കേണ്ടതല്ലേ? ഇത്തരം പാഠങ്ങൾ  പഠിക്കാത്തതുകൊണ്ട് കൂടിയല്ലേ  പലരും വലിയ സാമ്പത്തികപ്രശ്നങ്ങളിലും കടക്കെണിയിലും പെടുന്നത്. കൂട്ട ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നത്. അവിടെ സർക്കാരിനു പോലും കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല എന്നതും വസ്തുതയല്ലേ? 

മുൻകാലങ്ങളിൽ സഞ്ചയിക പോലുള്ള പഴയ പോസ്റ്റ് ഓഫീസ് പദ്ധതികൾ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.  

ദുഃശീലങ്ങളില്ലാതാക്കാം

അതു മാത്രമല്ല, പോക്കറ്റ് മണിയടക്കം ഇന്ന്  മിക്ക കുട്ടികളുടെ  കൈയിലും കാര്യമായ തുക ഉണ്ടാകും. അതു മുഴുവൻ അനാവശ്യമായി ചെലവാക്കാൻ അവർക്ക് അവസരം നൽകണോ? മദ്യവും മയക്കുമരുന്നടക്കമുള്ള ദുഃശീലങ്ങളിലേയ്ക്ക് അവരെ കൊണ്ടു ചെന്ന് എത്തിക്കാതിരിക്കാൻ ഇത്തരം സമ്പാദ്യം ശീലം  സഹായിക്കില്ലേ? അതുകൊണ്ടു  മാത്രം ഇത്തരം പദ്ധതികൾക്കു വലിയ പ്രോൽസാഹനം നൽകേണ്ടതല്ലേ?  

ഇനി കുട്ടികൾക്ക് എന്തിനാണ് സമ്പാദ്യം എന്ന  മുഖ്യമന്ത്രിയുടെ ചോദ്യത്തിലേയ്ക്ക് വരാം. 

ഇത്തരത്തിൽ മിച്ചം പിടിച്ചു കുടുക്കയിൽ സൂക്ഷിച്ചിരുന്ന തുകകൾ പ്രളയകെടുതിയിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത കുട്ടികളുടെ വിവരങ്ങൾ എത്രയോ ദിവസം പത്രസമ്മേളനത്തിൽ അഭിമാനത്തോടെയും സ്നേഹത്തോടെയും മുഖ്യമന്ത്രി തന്നെ നമ്മോട് പറഞ്ഞിട്ടുണ്ട്. അതിനവർക്കു കഴിഞ്ഞത്  സമ്പാദ്യശീലം അവർക്കുണ്ടായിരുന്നതുകൊണ്ടല്ലേ? 

"മാതാപിതാക്കൾ മക്കൾക്കായി സമ്പാദിക്കുന്നത് കേരളത്തിൽ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. മറ്റു പലയിടത്തും  കുട്ടികൾ  നിശ്ചിത പ്രായം കഴിഞ്ഞാൽ  സ്വന്തം വഴി കണ്ടെത്തും. മാതാപിതാക്കളുടെ സമ്പാദ്യം വെച്ചല്ല അവർ കാര്യങ്ങൾ നടത്തുന്നത് " എന്നിങ്ങനെ  മുഖ്യമന്ത്രി പറയുന്നതും യാഥാർത്ഥ്യങ്ങൾ തന്നെ ആണ്. 

kid1

ജീവിക്കാൻ പണം കൂടിയേ തീരൂ

പക്ഷേ അതിനു നമ്മുടെ കുട്ടികളെ പ്രാപ്തരാക്കേണ്ടതില്ലേ? അധ്വാനിക്കാനും  വരുമാനമുണ്ടാക്കി എത്രയും നേരത്തെ  സ്വന്തം കാലിൽ നിൽക്കാനും കുട്ടികളെ പ്രേരിപ്പിക്കേണ്ടേ? അതിനു പണത്തിന്റെ മൂല്യം അറിഞ്ഞ് അവരെ വളർത്തണം. അത്യാവശ്യത്തിനു ചെലവാക്കി ബാക്കി മിച്ചം പിടിക്കാനും നാളെയ്ക്കായി സൂക്ഷിക്കാനും പഠിക്കുന്നത് തെറ്റാണോ?

ജീവിക്കാൻ പണം കൂടിയേ തീരൂ എന്നതു സത്യം തന്നെയാണ്. സർക്കാർ അടക്കം ആരും അത് നമുക്കുകൊണ്ട് തരില്ല. നാം അധ്വാനിച്ചുണ്ടാക്കുകയും സൂക്ഷിച്ചുപയോഗിക്കുകയും വേണം. കൈയിൽ പണമുണ്ടെങ്കിലേ അടുത്തിരിക്കുന്നവനെ ആവശ്യം വരുമ്പോൾ സഹായിക്കാനാകൂ. 

അതേസമയം പണം ആണ് എല്ലാം എന്ന  ചിന്ത കുട്ടികളിൽ വളർന്നു വരാനും പാടില്ല. പകരം  സ്വയം അധ്വാനിച്ചുണ്ടാക്കാനും  ഉള്ളതുകൊണ്ട് സന്തോഷമായി ജീവിക്കാനും പഠിപ്പിക്കണം. അതിനു സ്കൂൾ തലം മുതൽ ശരിയായ മണി മാനേജ്മെന്റ് പാഠങ്ങൾ  ഉൾപ്പെടുത്തുകയാണ് വേണ്ടത്.  

English Summary: Learn Our Kids the Lessons of Money Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com