മാന്ദ്യം പ്രവചിച്ച രാജന് നൊബേല്‍ ഇല്ല; കുറ്റസമ്മതം നടത്തിയ ബെര്ണാന്കിക്കുണ്ട്!
Mail This Article
2017 ഒക്‌റ്റോബര്‍ മാസത്തിലെ ആദ്യ ആഴ്ച്ചകളില്‍ ലോകത്തിലെ വിഖ്യാത സാമ്പത്തിക മാധ്യമങ്ങളിലെല്ലാം രഘുറാം രാജന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇന്ത്യന്‍ കേന്ദ്ര ബാങ്കിന്റെ മുന്‍ഗവര്‍ണറുമുണ്ടെന്നായിരുന്നു വാര്‍ത്ത. ശാസ്ത്രഗവേഷണ രംഗത്ത് പ്രശസ്തമായ ക്ലാരിവേറ്റ് അനലിറ്റിക്‌സ് എന്ന സ്ഥാപനം പുറത്തുവിട്ട പട്ടികയിലായിരുന്നു രാജനും ഇടം നേടിയത്. അന്ന് ഇന്ത്യയൊന്നടങ്കം ആഗ്രഹിച്ചിരുന്നു രഘുറാം രാജന് നൊബേല്‍ ലഭിക്കാന്‍. എന്നാല്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഥേലര്‍ക്കായിരുന്നു ആ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍.
1998ല്‍ സാമ്പത്തിക ശാസ്ത്രത്തിന് നൊബേല്‍ നേടി ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ അമര്‍ത്യ സെന്നിന് ശേഷം രാജന്‍ പുതുചരിത്രമെഴുതുമായിരുന്നു. കാരണം ആള് ചില്ലറക്കാരനല്ല. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ച കക്ഷിയാണ്. ഇനി 2022ലേക്കൊരു ഫാസ്റ്റ് ഫോര്‍വേഡ്...മാന്ദ്യം പ്രവചിച്ച രാജന് നൊബേല്‍ കിട്ടിയില്ലെങ്കിലും മാന്ദ്യത്തില്‍ കുറ്റസമ്മതം നടത്തിയ അമേരിക്കന്‍കേന്ദ്ര ബാങ്ക് മുന്‍തലവന്‍ ബെന്‍ ബെര്‍ണാന്‍കിക്ക് ന`ബേല്‍ ലഭിച്ചു. ഒപ്പം ഡഗ്ലസ് ഡയമണ്ട്, ഫിലിപ് ഡിബ് വിഗ് എന്നീ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കും. ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും എന്ന വിഷയത്തിലെ ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കുമെല്ലാമാണ് സാമ്പത്തിക ശാസ്ത്രത്തിലെ പരമോന്നത പുരസ്‌കാരം ഇവര്‍ക്ക് ലഭിച്ചത്.
അല്‍പ്പം ചരിത്രം, വിവാദവും
ഇത്തവണത്ത സാമ്പത്തിക നൊബേലിന് ചരിത്രപരമായ ഒരു പ്രസക്തി കൂടിയുണ്ട്. വിവാദത്തിലേക്ക് കടക്കും മുമ്പ് അതൊന്ന് നോക്കാം. സാമ്പത്തിക പ്രതിസന്ധികളില്‍ ബാങ്കുകളുടെ പങ്കിനെ കുറിച്ച് മനസിലാക്കുന്നതില്‍ ലോകത്തെ സഹായിച്ചതിനാണ് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധര്‍ക്ക് നൊബേല്‍ ലഭിച്ചത്. ബാങ്കുകളുടെ തകര്‍ച്ച ഒഴിവാക്കേണ്ടത് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് അവരുടെ ഗവേഷണങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് നൊബേല്‍ കമ്മിറ്റി പറയുന്നു. മറ്റ് വിഷയങ്ങളിലെ നൊബേലില്‍ നിന്ന് സാമ്പത്തിക നൊബേലിന് അല്‍പ്പം വ്യത്യാസമുണ്ട്. 1895ല്‍ ആല്‍ഫ്രഡ് നൊബേല്‍ എഴുതി വെച്ച വില്‍പത്രത്തില്‍ ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം തുടങ്ങിയ വിഷയങ്ങളിലെ സംഭാവനകള്‍ക്ക് പുരസ്‌കാരം നല്‍കണമെന്നേ പറഞ്ഞിരുന്നുള്ളൂ. ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ സമ്മാനത്തിനും സാമ്പത്തിക നൊബേല്‍ നിലവില്‍ വന്നതിനും ചരിത്രപരമായ ഒരു ബന്ധമുണ്ട്.
ബാങ്കുകളുടെ പരാജയം
യഥാര്‍ത്ഥത്തില്‍ സ്വീഡിഷ് കേന്ദ്ര ബാങ്കായ സെറിഗ്‌സ് റിക്‌സ്ബാങ്കാണ് ആല്‍ഫ്രഡ് നൊബേലിനുള്ള ആദരസൂചകമായി 1968ല്‍ ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. പിന്നീടത് മറ്റ് നൊബേല്‍ പുരസ്‌കാരങ്ങളോട് ചേരുകയായിരുന്നു. സ്വീഡന്‍ കേന്ദ്ര ബാങ്കിന്റെ രൂപീകരണം തന്നെ ഒരു പ്രതിസന്ധിയുടെ പ്രത്യഘാതമായിരുന്നു. സ്റ്റോക്‌ഹോംസ് ബാന്‍കോ എന്ന പേരില്‍ സ്വീഡനിലെ ആദ്യബാങ്കിന് 1656ലാണ് സ്വീഡന്‍ രാജാവ് അനുമതി നല്‍കിയത്. യൂറോപ്പില്‍ നോട്ടുകള്‍ പുറത്തിറക്കുന്ന ആദ്യ ബാങ്കായിരുന്നു ഇത്. എന്നാല്‍ നോട്ടുകള്‍ ഒരു പരിധിക്കപ്പുറം അച്ചടിച്ചിറക്കിയതോടെ ബാങ്ക് പാപ്പരായി, 1667ല്‍. തുടര്‍ന്നാണ് 1668ല്‍ റിക്‌സന്‍സ് സ്റ്റാന്‍ഡേഴ്‌സ് ബാങ്ക് നിലവില്‍ വന്നത്. പിന്നീടത് സെറിഗ്‌സ് റിക്‌സ്ബാങ്കായി റീബ്രാന്‍ഡ് ചെയ്യപ്പെട്ടു. ഇവരുടെ 300ാം വാര്‍ഷികത്തിലാണ് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. പറഞ്ഞുവന്നത് സ്വീഡിഷ് കേന്ദ്രബാങ്കിന്റെ ജനനം തന്നെ ബാങ്കുകളുടെ തകര്‍ച്ച സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ പ്രതിസന്ധിയുടെ ആഴത്തെ പ്രതിഫലിപ്പിച്ചുകൊണ്ടായിരുന്നു. സാമ്പത്തിക നൊബേലിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ത്തെക്കുറിച്ചും പ്രതിസന്ധിയെക്കുറിച്ചും പഠിച്ച വിദഗ്ധര്‍ക്ക് നൊബേല്‍ നല്‍കുന്നത്.
ഉത്തേജന പാക്കേജുകളുടെ അഭാവമോ?
2022ലെ സാമ്പത്തിക നൊബേല്‍ ജേതാക്കളിലെ മുഖ്യന്‍ ബെര്‍ണാന്‍കി തന്നെയാണ്. 1930കളിലെ മഹാമാന്ദ്യത്തെകുറിച്ചുള്ള പഠനമായിരുന്നു വഴിത്തിരിവ്. മഹാമാന്ദ്യം നയപരമായ ഉത്തേജന പാക്കേജുകളുടെ അഭാവത്തിന്റെ ഫലമാണെന്നാണ് പൊതുവെയുള്ള കാഴ്ച്ചപ്പാട്. എന്നാല്‍ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയതും ആഴത്തില്‍ പടര്‍ന്നുപിടിച്ചതുമായ ഒന്നായിരുന്നു ഗ്രേറ്റ് ഡിപ്രഷന്‍ എന്നറിയപ്പെട്ട മഹാ സാമ്പത്തിക മാന്ദ്യം. 1929ലെ കറുത്ത ചൊവ്വയായ ഒക്‌റ്റോബര്‍ 29ന് തുടങ്ങിയ മാന്ദ്യം 1940കളുടെ ആദ്യം വരെ നീണ്ടു.
തകര്‍ച്ച ഇത്രയും കാലം നീണ്ടുനില്‍ക്കാന്‍ കാരണം ബാങ്കുകളുടെ പരാജയമാണെന്നായിരുന്നു ബെര്‍ണാന്‍കിയുടെ കണ്ടെത്തല്‍. സാമ്പത്തിക ഞെരുക്കം ബാങ്കുകളുടെ പരാജയത്തിനും കാരണമായി. ഇതോടെ ബാങ്കുകള്‍ക്ക് വായ്പ കൊടുക്കുന്നതുള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കാന്‍ പറ്റിയില്ല. പരാജയപ്പെട്ടൊരു ബാങ്കിങ് സംവിധാനം ശരിയായി വരാന്‍ വര്‍ഷങ്ങളെടുക്കും, അതുവരെ സമ്പദ് വ്യവസ്ഥയുടെ അവസ്ഥയും പരിതാപകരമാകും-ഇതെല്ലാമായിരുന്നു അദ്ദേഹത്തിന്റെ നിഗമനങ്ങള്‍. ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ ബാങ്കുകളെ സംരക്ഷിച്ചുനിര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് അദ്ദേഹത്തിന്റെ പഠനം വെളിച്ചം നല്‍കിയത്. അതേസമയം ഡയമണ്ടിന്റെയും ഡിബ് വിഗിന്റെയും പഠനങ്ങള്‍ വ്യക്തമാക്കിയതാകട്ടെ എന്തുകൊണ്ടാണ് ബാങ്കുകള്‍ തകരുന്നതെന്നായിരുന്നു. നിക്ഷേപകര്‍ കൂട്ടത്തോടെ പൈസ പിന്‍വലിക്കാനെത്തിയാല്‍ ബാങ്കുകള്‍ തകരുമെന്നായിരുന്നു ഇവരുടെ നിഗമനം. അത് സംഭവിക്കാതിരിക്കാന്‍ നടപടികളും നയങ്ങളും സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്നായിരുന്നു നിര്‍ദേശങ്ങള്‍.
മാന്ദ്യം മുന്‍കൂട്ടിക്കണ്ടില്ല
ഒരു കേന്ദ്രബാങ്കിന്റെ തലപ്പത്തിരുന്നയാള്‍ക്ക് ആദ്യമായാണ് സാമ്പത്തിക നൊബേല്‍ ലഭിക്കുന്നത്. 2006 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ബെര്‍ണാന്‍കി അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായിരുന്നു. അതിന് മുമ്പ് ഫെഡറല്‍ റിസര്‍വിന്റെ ബോര്‍ഡ് മെംബറുമായിരുന്നു, പലിശനിരക്ക് വലിയ തോതില്‍ കുറച്ച ടീമിന്റെ ഭാഗവും. 2008ലെ സാമ്പത്തിക മാന്ദ്യം മുന്‍കൂട്ടിക്കാണാനോ കൃത്യമായ നടപടികള്‍ കൈക്കൊള്ളാനോ ഇദ്ദേഹത്തിന് സാധിച്ചില്ലെന്ന് വിമര്‍ശകര്‍ പറയുന്നു. അമേരിക്കയിലെ 'ഹൗസിങ് കുമിള' തിരിച്ചറിയുന്നതിലും പരാജയം സംഭവിച്ചു. എന്നാല്‍ ഇദ്ദേഹത്തെപ്പോലൊരു പ്രതിഭ ഫെഡ് റിസര്‍വിനെ നയിച്ചതാണ് മാന്ദ്യത്തിന്റെ കാഠിന്യം കുറച്ചതെന്നാണ് മറുവാദം.
ബെര്‍ണാന്‍കിയും ലേമാന്‍ ബ്രദേഴ്‌സും
ബാങ്കുകളുടെ തകര്‍ച്ച സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് പറഞ്ഞ ബെര്‍ണാന്‍കിക്ക് അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളിലൊന്നായ ലേമാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ച ഒഴിവാക്കാനായില്ല. മാന്ദ്യവുമായി ബന്ധപ്പെട്ട തന്റെ നിസഹായത പിന്നീട് അദ്ദേഹം തുറന്നുപറയുകയും ചെയ്തു. നൊബേല്‍ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ സോഹോയുടെ ശ്രീധര്‍ വെമ്പുവിനെ പോലുള്ള സംരംഭകര്‍ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. ബെര്‍ണാന്‍കിയെപ്പോലുള്ള സാമ്പത്തിക വിദഗ്ധരുടെ തെറ്റായ നയങ്ങളുടെ ഫലമായി ലോകം വീണ്ടുമൊരു സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണെന്നായിരുന്നു ശ്രീധറിന്റെ പ്രതികരണം.
രാജനായിരുന്നു ശരി
എന്നാല്‍ 2008ലെ മാന്ദ്യം മുന്‍കൂട്ടി പ്രവചിക്കാന്‍ രഘുറാം രാജന് സാധിച്ചിരുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ ആദ്യ പാശ്ചാത്യ ഇതര ചീഫ് ഇക്കണോമിസ്റ്റായിരുന്നു രഘുറാം രാജന്‍, അതും 40ാം വയസില്‍. 2003 മുതല്‍ 2006 വരെയുള്ള കാലയളവിലായിരുന്നു അത്. 2005ലായിരുന്നു ഒരു രാജ്യാന്തര ബാങ്കിങ് സമ്മേളനത്തില്‍ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് രാജന്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ലോകം അന്നത് തള്ളിക്കളഞ്ഞു, മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം രാജനായിരുന്നു ശരിയെന്ന് സാമ്പത്തിക ലോകം പറഞ്ഞു. രാജനെ കേട്ടിരുന്നെങ്കില്‍ ബെര്‍ണാന്‍കിക്കും കൂട്ടര്‍ക്കും നയങ്ങളില്‍ ജാഗ്രത പാലിക്കാമായിരുന്നു. ഇത്തവണ നൊബേല്‍ സമ്മാനം പങ്കിട്ട ഡഗ്ലസ് ഡയമണ്ടുമൊത്ത് 12ഓളം ഗവേഷണ പ്രബന്ധങ്ങള്‍ രഘുറാം രാജന്‍ പുറത്തിറക്കിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. 2013 മുതല്‍ 2016 വരെയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായി രഘുറാം രാജന്‍ പ്രവര്‍ത്തിച്ചത്. നിലവില്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസറാണ് രാജന്.
English Summary : Why Raghuram Rajan not Considered for Nobel Prize for Economics