എല്ലാവർക്കും പെൻഷൻ, ഇന്ത്യയിൽ പുതിയ തൊഴിൽ സംസ്കാരം വരുമോ?
Mail This Article
ഇന്ത്യയിൽ തീരെ ചെറിയ ഒരു ശതമാനം പേർക്ക് മാത്രമേ പെൻഷൻ സിസ്റ്റത്തിന് കീഴിൽ പെൻഷൻ ലഭിക്കുന്നുള്ളൂ.അവരിൽ ഭൂരിഭാഗവും, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ ആണ്. അസംഘടിത തൊഴിലാളികൾക്കും സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കും പെൻഷനോ മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളോ ലഭിക്കുന്നില്ല. വിദേശ രാജ്യങ്ങളിലേതു പോലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വ്യവസ്ഥ നമ്മുടെ രാജ്യത്ത് നിലവിലില്ല. ഇതിനൊരു മാറ്റം വരുത്തുന്നതിന് പെൻഷൻ റെഗുലേറ്റർ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഗിഗ് തൊഴിലാളികൾക്ക് നേട്ടം
ഇന്ത്യയിലെ പെൻഷൻ ഫണ്ട് റെഗുലേറ്റർ, രാജ്യത്തെ ഗിഗ് തൊഴിലാളികൾക്ക് പെൻഷൻ സ്കീം അവതരിപ്പിക്കാൻ സർക്കാരിനോട് ശുപാർശ ചെയ്തു. മൊത്തം തൊഴിലാളികളുടെ 90% പേരെയും പെൻഷനിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിടുന്നതായി അതിന്റെ ചെയർമാൻ പറഞ്ഞു. 102 ബില്യൺ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ), ഭക്ഷണ, ക്യാബ് മേഖലകളിലെ തൊഴിലാളികളെ ദേശീയ പെൻഷൻ സ്കീമിൽ (എൻപിഎസ്) സ്വയമേവ എൻറോൾ ചെയ്യണമെന്ന് നിർദ്ദേശിച്ചതായി ചെയർമാൻ സുപ്രതിം ബന്ദോപാധ്യായ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഗിഗ് തൊഴിലാളികളുടെ എണ്ണം, ഏകദേശം 45% വർദ്ധിക്കുമെന്ന് തിങ്ക്-ടാങ്ക് നിതി ആയോഗ് ജൂണിൽ പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. ഈ തൊഴിലാളികളെ പെൻഷൻ പരിധിയിലേക്ക് കൊണ്ടുവരാനുള്ള PFRDA യുടെ ശുപാർശയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
നികുതി ഇളവ് ഇരട്ടിയാക്കാനും ശുപാർശ
നിലവിൽ, 20-ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ മാത്രമേ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിൽ എൻറോൾ ചെയ്യാവൂ എന്ന് ഇന്ത്യയിലെ നിയമം അനുശാസിക്കുന്നു, ഇതിന് തൊഴിലുടമയുടെയും ജീവനക്കാരുടെയും സംഭാവന ആവശ്യമാണ്. ഗിഗ് വർക്കേഴ്സിനും കൂടി പെൻഷൻ ലഭിക്കാനുള്ള തീരുമാനം നടപ്പിലാക്കിയാൽ ഇന്ത്യയിലെ തൊഴിൽ സംസ്കാരത്തിൽ അതൊരു പൊൻതൂവൽ ആയിരിക്കും. ഇതുകൂടാതെ എൻപിഎസ് പദ്ധതി ആകർഷകമാക്കുന്നതിന്, വരിക്കാർക്കുള്ള വാർഷിക നികുതി ഇളവ് ഇരട്ടിയാക്കാനും റെഗുലേറ്റർ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട് .