ADVERTISEMENT

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 ആണ്. ഈ സമയപരിധി അവസാനിക്കുന്നതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍ കാര്‍ഡുകള്‍ ആദായ നികുതി നിയമം, 1961 പ്രകാരം പ്രവര്‍ത്തന രഹിതമാകും. തുടര്‍ന്ന്  സാമ്പത്തിക ഇടപാടുകള്‍ക്കും മറ്റുമായി ഈ പാന്‍ കാര്‍ഡുകള്‍  ഉപയോഗിക്കാന്‍ കഴിയില്ല. 2022 മാര്‍ച്ച് 31 മുതല്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പാന്‍ ആധാറുമായി  ബന്ധിപ്പിക്കുന്നതിനുള്ള  സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു.

പിഴ 1000 രൂപ

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് നിലവില്‍  ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും, രണ്ട് പ്രധാന രേഖകളും തമ്മില്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് ഇപ്പോള്‍ 1000 രൂപ പിഴയുണ്ട്. 2022 മാര്‍ച്ച് 31ന് ശേഷം പിഴയൊടുക്കാതെ ആധാറും പാനും ബന്ധിപ്പിക്കാന്‍ കഴിയില്ല. 2022 ജൂണ്‍ 30 വരെ 500 രൂപയായിരുന്നു പിഴ. ഇത് പിന്നീട് 2022 ജൂലൈ 1 മുതല്‍ 1,000 രൂപയായി  ഉയര്‍ത്തി. 2023 മാര്‍ച്ച് 31 ആയിരുന്നു പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന മുമ്പ് നിശ്ചയിച്ചിരുന്ന സമയപരിധി.  ഇത് പിന്നീട്  ഈ ജൂണ്‍ 30 വരെ  ആയി നീട്ടിയിട്ടും  പിഴ തുകയില്‍ മാറ്റം വരുത്തിയില്ല.

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ഇതുവരെ  ബന്ധിപ്പിച്ചിട്ടില്ലാത്ത നികുതി ദായകര്‍  ഈ മാസം അവസാനിക്കുന്നതിന് മുമ്പായി അതിനുള്ള നടപടിക്രമങ്ങള്‍  പൂര്‍ത്തിയാക്കണം എന്ന്  അദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാത്രമല്ല റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ക്കും  ഇ- ഫയലിങ് പോര്‍ട്ടലില്‍ (https://www.incometax.gov.in/iec/foportal/) പാനും ആധാറും തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. ഇ- ഫയലിങ് പോര്‍ട്ടലില്‍ ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള  അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി 1000 രൂപ പിഴയടക്കണം, ഒറ്റ ചലാനിലാണ് ഇത്  അടയ്‌ക്കേണ്ടത്.

ആദായ നികുതി വെബ്സൈറ്റ് അനുസരിച്ച് ചുവടെ പറയുന്ന പ്രകാരം പിഴയടച്ച് പാന്‍ - ആധാറുമായി ബന്ധിപ്പിക്കാം

∙ https://www.incometax.gov.in/iec/foportal/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
∙ഹോം പേജിന്റെ ഇടത് വശത്ത് Quick Links ന് താഴെ കാണുന്ന Link Aadhaar എന്നതില്‍ ക്ലിക് ചെയ്യുക.
∙നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക.
∙ഇ-പേ ടാക്‌സിലൂടെ പിഴ അടയ്ക്കാന്‍ continue എന്നതില്‍ ക്ലിക് ചെയ്യുക.
∙ OTP സ്ഥിരീകരണത്തിന് ശേഷം, നിങ്ങളെ ഇ-പേ ടാക്സ് പേജിലേക്ക് റീഡയറക്ട് ചെയ്യും.
∙ആദായ നികുതി ടൈലില്‍, Proceed ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
∙അസസ്സ്‌മെന്റ് വര്‍ഷം  2024-25 എന്നും പേയ്‌മെന്റ് ടൈപ്പ് അദര്‍ റെസീപ്റ്റ്‌സ് (500) എന്നും തിരഞ്ഞെടുക്കുക, തുടര്‍ന്ന് continueവില്‍ ക്ലിക്കുചെയ്യുക
∙ബാധകമായ തുക others എന്ന കോളത്തില്‍ മുന്‍കൂട്ടി പൂരിപ്പിച്ചിരിക്കും. തുടര്‍ന്ന് continue വില്‍ ക്ലിക് ചെയ്യുമ്പോള്‍ ചെലാന്‍ ലഭിക്കും. തുടര്‍ന്ന് പേമെന്റ് രീതി തിരഞ്ഞെടുത്ത് ഫീസ് അടച്ചതിന് ശേഷം, നിങ്ങളുടെ ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന് ഇ-ഫയലിങ് പോര്‍ട്ടല്‍ ഉപയോഗിക്കാം.

പാന്‍-ആധാര്‍  ലിങ്കിങ് വിജയകരമാകുന്നതിന് പാനിലെയും ആധാര്‍ കാര്‍ഡിലെയും പേര്, ജനന തീയതി പോലുള്ള വിവരങ്ങള്‍ സമാനമായിരിക്കണം.
പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും വിവരങ്ങള്‍  ഒരുപോലെ അല്ല എങ്കില്‍ ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കില്ല. പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ ഈ വിവരങ്ങള്‍ തിരുത്തി രണ്ടും സമാനമാക്കിയാല്‍ മാത്രമെ പിന്നീട് ഇത് വിജയകരമായി ലിങ്ക് ചെയ്യാന്‍ കഴിയു.  

നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

ഇ-ഫയലിങ് പോര്‍ട്ടലില്‍ സൈന്‍ ഇന്‍ ചെയ്യാതെ തന്നെ നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ കഴിയും.

1: www.incometax.gov.in/iec/foportal/  സന്ദര്‍ശിക്കുക.

2:   ഹോംപേജില്‍, 'ക്വിക്ക് ലിങ്കുകള്‍' എന്നതിലേക്ക് പോയി ലിങ്ക് ആധാര്‍ സ്റ്റാറ്റസില്‍ ക്ലിക്ക് ചെയ്യുക.

3: നിങ്ങളുടെ പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക, ലിങ്ക് ആധാര്‍ സ്റ്റാറ്റസ് കാണുക എന്നതില്‍ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ചുള്ള സന്ദേശം സ്‌ക്രീനില്‍ വരും.

English Summary : How to Link Your Aadhar and Pan card?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com