ADVERTISEMENT

തിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ അർജന്റീനയിൽ ആദായ നികുതി പിരിക്കുന്നത് നിർത്താനൊരുങ്ങുന്നു. വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസം പകരാനാണ് ഈ നടപടി. എന്നാൽ ഇത് ധനകമ്മി കൂട്ടുമോയെന്നാണ് വിദഗ്ധരുടെ ഭയം. മൂന്ന് ദശാബ്ദത്തിനിടെ ഏറ്റവും വലിയ പണപ്പെരുപ്പമാണ് അർജന്റീനയിൽ ഇപ്പോൾ.ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം 200 ശതമാനത്തിലെത്തുമെന്നാണ് പ്രവചങ്ങൾ. ശമ്പളം വർധിക്കുന്നതിനേക്കാൾ പതിന്മടങ്ങു വേഗത്തിൽ വിലകൾ വർധിക്കുന്നതാണ് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നത്. വരൾച്ചയും,ചൂടും, കാട്ടുതീയും കാര്യങ്ങൾ കൂടുതൽ ദുസ്സഹമാക്കുന്നുണ്ട്.

എങ്ങനെ പണപ്പെരുപ്പം മൂന്നക്കത്തിലെത്തി?

usfed-inflation

വർഷങ്ങളായി പിന്തുടർന്ന ഭരണ രംഗത്തെ  പിടിപ്പുക്കേട്‌ തന്നെയാണ് പണപ്പെരുപ്പം അർജന്റീനയിൽ വഷളാക്കിയത്. കുത്തഴിഞ്ഞ സാമ്പത്തിക രംഗം എല്ലാ രീതിയിലും അർജന്റീനയിൽ ഓരോ വർഷം ചെല്ലുംതോറും കാര്യങ്ങൾ കൈവിട്ടുപോകുന്ന രീതിയിലാക്കി. രാജ്യത്തിൻറ്റെ മോണിറ്ററി പോളിസിയും, ഫിസ്ക്കൽ പോളിസിയും തമ്മിൽ പോലും ഒരു ചേർച്ചയില്ലാതെയായിരുന്നു പലപ്പോഴും നയങ്ങളും, ഭരണ പരിഷ്ക്കരണങ്ങളും നടപ്പിലാക്കിയിരുന്നത്. 40 ശതമാനം ജനങ്ങളും പട്ടിണിയിൽ ജീവിക്കുമ്പോഴും, കാര്യങ്ങൾക്ക് കൃത്യമായ പരിഹാരം കാണാതെ കറൻസി പ്രിന്റ് ചെയ്യുന്നതിൽ മാത്രമായിരുന്നു സർക്കാരുകൾക്ക് താല്പര്യം. 

കൊടും കടം 

കടം കൊടുത്ത് മടുത്ത വിദേശ സർക്കാരുകളും, രാജ്യാന്തര ഏജൻസികളും അര്‍ജന്റീനക്കുള്ള സാമ്പത്തിക സഹായങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. ഒരു രീതിയിലും കടം തിരിച്ചടക്കാത്ത സർക്കാരിന് വീണ്ടും വീണ്ടും കൊടുക്കാൻ മറ്റ് രാജ്യങ്ങൾ തയ്യാറായാലേ അത്ഭുതമുള്ളൂ. ഐ എം ഫിൽ നിന്നും ഏറ്റവും കൂടുതൽ കടമെടുത്തിരിക്കുന്നതു അർജൻറ്റീനയാണ്. 46 ബില്യൺ ഡോളറാണ് അർജന്റിനയുടെ ഐ എംഎഫിൽ നിന്നുള്ള  കടം. വളരെ കൂടിയ പലിശ നിരക്കിൽ കടമെടുത്തു ബിസിനസ് നടത്താൻ അർജന്റീനയിൽ കമ്പനികളും തയ്യാറാകുന്നില്ല. ഇത് വീണ്ടും സമ്പദ് വ്യവസ്ഥ ചുരുങ്ങാനും, സർക്കാരിലേക്ക് ലഭിക്കേണ്ട നികുതി പണം കുറയാനും കാരണമാകുന്നുണ്ട്. കൊടും വരൾച്ച ഉണ്ടായതിനാൽ കയറ്റുമതി വർധിപ്പിച്ചും കാര്യങ്ങൾ നേരെയാക്കാൻ അര്ജന്റീനക്കാകുന്നില്ല. വർഷങ്ങളോളം പ്രശ്നങ്ങൾ തുടർന്നിട്ടും അതിൽ നിന്ന് കരകയറാൻ സാധിക്കാതെ അതിൽ തന്നെ തുടരേണ്ടി വരുന്ന ദുരവസ്ഥയിലാണ് അർജന്റീനയിലെ സാധാരണക്കാർ. 

Inflation-Index

ഇന്ത്യയേക്കാൾ ആളോഹരി വരുമാനമുള്ള അർജന്റീനയിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നു വിശ്വസിക്കാൻ തന്നെ പ്രയാസം. വരുന്ന തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അർജന്റീനയിലെ കറൻസിയായ പെസോയ്ക്ക് പകരം പൂർണമായും ഡോളറിലേക്ക് സമ്പദ് വ്യവസ്ഥ മാറണമെന്ന നിർദേശം സാധാരണക്കാർക്കും, രാഷ്ട്രീയ പാർട്ടികൾക്കും ഉണ്ട്. ഡോളറിന്റെ കരിഞ്ചന്ത വ്യാപാരം വര്ഷങ്ങളായി അർജന്റീനയിൽ നടക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ട് പൂർണമായും ഡോളറിലേക്ക് മാറിക്കൂടാ എന്നതാണ് സാധാരണക്കാർ ചോദിക്കുന്ന ചോദ്യം. കരിഞ്ചന്തയിൽ വിനിമയ നിരക്കുകൾ സാധാരണ വിനിമയ നിരക്കിന്റെ രണ്ടിരട്ടി വരുന്നതിനാൽ ടൂറിസ്റ്റുകൾക്കും അർജന്റീനയിൽ ഡോളർ മാറാൻ ഇഷ്ടമാണ്. ഡോളറൈസേഷൻ വന്നാൽ കാര്യങ്ങളെല്ലാം ശരിയാകും എന്ന് പലരും വാദിക്കുന്നുണ്ടെങ്കിലും അതിനു പിന്നിലും രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.  അർജന്റീനയിലെ പണപ്പെരുപ്പം മൂന്നക്ക സംഖ്യയിൽ നിന്നും 60 ശതമാനത്തിലെങ്കിലും എത്തിക്കാനാണ് നിലവിലെ സർക്കാർ ശ്രമിക്കുന്നത്. 

English Summary : Argentina and Its Huge Inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com