ADVERTISEMENT

"സ്വർണം ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്ന വില്ലനാണോ?" ഒരു കോളേജ് അധ്യാപകൻ ഒരിക്കൽ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു “ഒരിക്കലും അല്ല സ്വർണം ഒരു നല്ല വിനിമയ മാധ്യമമാണ്”. എന്റെ ഭാര്യക്ക്  ഇടയ്ക്കിടയ്ക്ക് സ്വർണം മാറിവാങ്ങുന്നതും ധരിക്കുന്നതും ഇഷ്ടമാണ്. അദ്ദേഹം വിശദീകരിച്ചു. എന്നാൽ ഈ മാറ്റത്തിലൂടെ പഴയതുകൊടുത്തു പുതിയത് വാങ്ങുമ്പോൾ ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ഞാൻ അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമം നടത്തി.  “ഞാൻ ഉപയോഗിക്കാത്ത സ്വർണം കൈവശം ഇരിക്കുന്നതിലും ഭേദമല്ലേ അത് മാറ്റി എനിക്കിഷ്ടമുള്ളത് വാങ്ങി ഉപയോഗിക്കുന്നത്”?. അവൾ മറുചോദ്യം ചോദിച്ചു. അപ്പോൾ കുടുംബ സമാധാനം ആണല്ലോ ഏറ്റവും വലുത് എന്നോർത്ത് ഞാൻ അവളുടെ ഇഷ്ടത്തിന് വഴങ്ങും. അല്ലാതെ ഞാനൊരു പെൺകോന്തൻ ആയിട്ടൊന്നുമല്ല ടീച്ചറെ, അദ്ദേഹം രസകരമായി പറഞ്ഞു നിർത്തി. 

സ്വർണം പ്രകൃതിയുടെ ഒരു വരദാനമാണ് ദൈവം പ്രകൃതിയിൽ നിക്ഷേപിച്ചിരിക്കുന്നത് മനുഷ്യൻ ഖനനത്തിലൂടെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ഏറെ ശ്രമകരമായ പ്രക്രിയയ്ക്ക് ശേഷം അത് നമ്മുടെ മുൻപിൽ വിവിധ രൂപങ്ങളിൽ എത്തിച്ചേരുന്നു.

സ്വർണം കണ്ടുപിടിച്ചതിന് ഏകദേശം 6000 വർഷത്തിലേറെ പഴക്കമുണ്ട് ബിസി 700 മുതലാണ് സ്വർണം നാണയമായി ഉപയോഗിച്ചു തുടങ്ങിയത്. സ്വർണം അടിസ്ഥാനമാക്കിയുള്ള നാണയ വ്യവസ്ഥിതി ഇവിടെ 1930 വരെ നിലനിന്നിരുന്നു. 

gold-3

 സാമ്പത്തികശാസ്ത്രത്തിൽ സ്വർണത്തെ ലിക്വിഡ് അസറ്റ് അഥവാ ദ്രവരൂപത്തിലുള്ള ആസ്തി ആയിട്ടാണ് പരിഗണിക്കുന്നത് കാരണം ഏത് സമയത്തും പണമാക്കി മാറ്റാവുന്ന വസ്തുവാണ് സ്വർണം. അത്യാവശ്യ സന്ദർഭങ്ങളിൽ പണയംവയ്ക്കാം. വിൽക്കാം തുടങ്ങി വിവിധ തരത്തിലുള്ള ഉപയോഗമുണ്ട്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനായ ആൽഫ്രഡ് മാർഷലിന്റെ അഭിപ്രായത്തിൽ വികസിത രാജ്യങ്ങൾ സ്വർണവും വെള്ളിയും പണത്തിന് തുല്യമായിട്ടാണ് കരുതുന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന സിദ്ധാന്തമായ വില സിദ്ധാന്തം അനുസരിച്ച് ഒരു വസ്തുവിന്റെ വിലയേറുമ്പോൾ അതിന്റെ ഡിമാൻഡ് കുറയുന്നു എന്നാൽ സ്വർണ്ണത്തിന്റെ കാര്യത്തിൽ ഏറുന്ന വിലയാണ് അതിന്റെ ഡിമാന്റിനെ ഉയർത്തുന്നത്. സ്വർണക്കടകളിൽ വിലയേറുമ്പോൾ കൂടുതൽ ആളുകൾ വാങ്ങുവാൻ എത്തുന്നത് ശ്രദ്ധിച്ചിട്ടുണ്ടല്ലോ.

സ്വർണവും സ്ത്രീധനവും

വിവാഹസമയത്ത് വധുവിന് സ്വർണം നൽകുന്നത് ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിന് സഹായകരമായ ചവിട്ടുപടിയായിട്ടാണ്.  പൂർവികർ സ്വർണം അടുത്ത തലമുറയ്ക്ക് കൈമാറിയിരുന്നു എന്ന് ചരിത്രം തെളിയിക്കുന്നു. എന്നാൽ സ്വർണമൊക്കെ കണക്ക്പറഞ്ഞു സ്ത്രീധനമായി വാങ്ങുന്നത് സാക്ഷരകേരളത്തിൽ നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ളതല്ല. മെഡിക്കൽ ബിരുദാനന്തര വിദ്യാർഥിയുടെ ആത്മഹത്യയുടെ ആഘാതത്തിൽ നിന്ന് കേരള മനസ്സാക്ഷി ഇനിയും മോചിതമായിട്ടില്ല പ്രത്യേകിച്ചു “പണമാണ് എല്ലാം, എല്ലാവര്‍ക്കും വേണ്ടത് പണമാണ്’’ എന്ന ആത്മഹത്യാകുറിപ്പിലെ വരികൾ സാമ്പത്തികശാസ്ത്ര അധ്യാപിക എന്ന നിലയിൽ ഏറെ വേദനിപ്പിക്കുന്നു. മാതാപിതാക്കൾ അവർക്ക് സാധ്യമായ ഷെയർ മക്കൾക്ക് നൽകുന്നതിൽ തെറ്റില്ല. എന്നാൽ ഡിമാന്റുകൾ വയ്ക്കുന്നത് നിയമപരമായി തെറ്റാണ്. വിവാഹമാണോ ഒരു പെൺകുട്ടിയുടെ ജീവിതലക്ഷ്യം?. ആർജ്ജിച്ചെടുക്കുന്ന വിദ്യാഭ്യാസം എപ്രകാരം ജീവിതത്തെ നേരിടാൻ പഠിപ്പിക്കുന്നു എന്നതാണ് പ്രധാനപ്പെട്ടത്.

സ്വർണവും നിക്ഷേപമൂല്യവും

സ്വർണം ഒരു പ്രദർശനവസ്തു എന്നതിലുപരി അതിനു നിക്ഷേപ മൂല്യമാണ് ഉള്ളത്.  നമ്മുടെ കേന്ദ്ര ബാങ്ക് ആയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കറൻസി അടിച്ചിറക്കുന്നത് വിദേശ കറൻസിയോടൊപ്പം സ്വർണവും ഒരു കരുതൽ ശേഖരമായി നിക്ഷേപിച്ചു കൊണ്ടാണ്. മിനിമം റിസർവ് സിസ്റ്റം എന്ന നയത്തിന്മേലാണ് ഇത് പ്രവർത്തിക്കുന്നത് അതുവഴി രാജ്യത്തിന്റെ നാണയ പെരുപ്പത്തെ നിയന്ത്രണവിധേയമാക്കുന്നു. സ്വർണം നാണയമായും ആഭരണമായും ബിസ്ക്കറ്റ് ആയും ഗോൾഡ് സർട്ടിഫിക്കറ്റ് ആയും വ്യത്യസ്തമായ രീതിയിലാണ് നിക്ഷേപിക്കപ്പെടുന്നത്.

gold-coins

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണഖനന കോർപ്പറേഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറൂമായ ഡോക്ടർ പീറ്റർ മങ്ക് സ്വർണ്ണഖനനത്തിലൂടെ സമ്പാദിച്ചതിൽനിന്ന് 160 മില്യൻ ഡോളറാണ് ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവനചെയ്തത്. ആഭരണ നിർമ്മാണത്തിനും ധന ശേഖരണത്തിനും പുറമേ വൈദ്യശാസ്ത്രം, വ്യവസായിക, തൊഴിൽ, ബിസിനസ് എന്നീ മേഖലകളിലും കമ്പ്യൂട്ടർ ഇലക്ട്രോണിക് ഉപകരണങ്ങൾ, മെഡലുകൾ. ശാസ്ത്ര ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിലും കീമോതെറാപ്പി പോലുള്ള ചികിത്സാരംഗത്തും സ്വർണം ഉപയോഗിക്കുന്നു. 

മാനവരാശിയുടെ മഹത്തായ കണ്ടുപിടുത്തങ്ങളിൽ ഏറ്റവും വലിയ സ്ഥാനം സ്വർണത്തിന് ഉണ്ട്. കേവലം ആഡംബരത്തിന് മാത്രമായി സ്വർണത്തെ കാണരുത്. പുതിയ തലമുറ സ്വർണം ധരിക്കുന്നതിൽ പൊതുവേ വിമുഖരാണ്. ചില സ്ത്രീകളെ കാണുമ്പോൾ സഞ്ചരിക്കുന്ന ജ്വല്ലറി ആണോ എന്ന് തോന്നിപ്പോകുന്നു. തൊലിപ്പുറത്തുള്ള അമിതമായ ആഡംബരം ആന്തരിക ശൂന്യതയാണ് വിളിച്ചറിയിക്കുന്നത്.

English Summary:

Importance of Gold in Family Life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com