ADVERTISEMENT

ആദായ നികുതി ലാഭിക്കുക എന്നാല്‍ നികുതി നല്‍കാതെ രക്ഷപെടലാണ് എന്ന് പലര്‍ക്കും തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ഒരിക്കലും നികുതി വെട്ടിക്കലല്ല. നികുതി ലാഭിക്കലും നികുതി വെട്ടിക്കലും രണ്ടും രണ്ടാണ്. ഏറെക്കുറെ എല്ലാ നികുതികളും എല്ലാവരും നല്‍കേണ്ടതാണെങ്കിലും അതില്‍ ആദായ നികുതിക്ക് ഒരു സവിശേഷതയുണ്ട്. രാജ്യത്ത് ഒരു പൗരനുമേല്‍ ചുമത്തുന്ന എല്ലാ നികുതികളും നല്‍കിക്കൊണ്ടുതന്നെ  ആ പൗരന്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന വരുമാനത്തിനുമേല്‍ പിന്നെയും ചുമത്തുന്ന നികുതിയാണ് ആദായ നികുതി.

ടിഡിഎസ്

അതറിയാവുന്നതുകൊണ്ടുതന്നെയാണ് സർക്കാർ നികുതി ലാഭിക്കാനുള്ള വഴികളും തുറന്നിടുുന്നത്. നാമോരുരുത്തരും കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന വരുമാനം നമ്മുടെ കയ്യിലെത്തുംമുമ്പേ അതിന്റെ ഒരു വിഹിതം സർക്കാർ കൊണ്ടുപോകുന്നു. ജോലിചെയ്താല്‍ നമുക്ക് കിട്ടേണ്ട ശമ്പളം പോലും ആദ്യം ലഭിക്കുന്നത് സർക്കാരിനാണ്.  ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ്  എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ടിഡിഎസ് പിടുത്തം അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ വരുമാനത്തിന്റെ ഒരു വിഹിതം മുന്‍കൂര്‍ എടുക്കല്‍ തന്നെയാണല്ലോ. ശമ്പളത്തിന്റെ ഒരു ഭാഗം മാത്രമേ ഇങ്ങനെ പോകുന്നുള്ളൂ എന്ന് ആശ്വസിക്കാം. ശമ്പള വരുമാനക്കാരായ ബഹുഭൂരിപക്ഷത്തിനും എന്തിനാണ് മാസാമാസം ശമ്പളത്തില്‍ നിന്ന് ടിഡിഎസ് പിടിക്കുന്നതെന്നുപോലും അറിയില്ല.

ഇത് മാസശമ്പളത്തിന്റെ കാര്യം. ഇനി എല്ലുമുറിയെ പണിയെടുത്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം വല്ല ബാങ്കിലോ ഓഹരിയിലോ മ്യൂച്വല്‍ ഫണ്ടിലോ നിക്ഷേപിച്ചാലോ? അതില്‍ നിന്നു കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ആദായ നികുതിയായി നല്‍കേണ്ടിവരും. മിച്ചം പിടിക്കുന്ന പണം സാധാരണ എല്ലാവരും ചെയ്യുന്നത് പോലെ സേവിങ്‌സ് അക്കൗണ്ടില്‍ ഇട്ടിരിക്കുകയാണെങ്കിലോ? വര്‍ഷം 10,000 രൂപയില്‍ കൂടുതല്‍ പലിശ കിട്ടിയാല്‍ അതും വരുമാനമായി കണക്കാക്കും. നികുതി ഈടാക്കുകയും ചെയ്യും. ഇനി ഭാവിയില്‍ പണത്തിനു വല്ല ആവശ്യവും വന്നാലോ എന്നുകരുതി സ്ഥിര നിക്ഷേപമായി ഇട്ടാലോ? അതിന്റെ പലിശയും വാര്‍ഷത്തില്‍ 10,000 രൂപ കൂടിയാല്‍ ടിഡിഎസ് പിടിക്കും. ഇനി വല്ല ബോണ്ടിലോ കടപ്പത്രത്തിലോ നിക്ഷേപിക്കാമെന്നുവച്ചാലും സ്ഥിതി വ്യത്യസ്തമല്ല. വാങ്ങിവെച്ച ഓഹരിക്കും മ്യൂച്വല്‍ ഫണ്ടിനും നല്ല വിലകിട്ടുന്ന സമയം വരുമ്പോള്‍ വിറ്റാലോ? വാങ്ങി ഒരു വര്‍ഷത്തിനുള്ളിലാണ് വില്‍ക്കുന്നതെങ്കില്‍ കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം നികുതി നല്‍കണം. പണത്തിനുപെട്ടെന്ന് അത്യാവശ്യം വരുമ്പോള്‍ വാങ്ങിയിട്ടിരുന്ന സ്ഥലമോ കുറച്ച് സ്വര്‍ണമോ വിറ്റ് കാര്യം കാണാമെന്നുവച്ചാലോ? അതില്‍ നിന്നുകിട്ടുന്ന ലാഭത്തിനും  നികുതി നല്‍കണം. ഗതികെട്ട് വല്ല ലോട്ടറിയെടുത്തോ ചാനലുകളുടെ റിയാലിറ്റി ഷോയില്‍ പങ്കെടുത്തോ എന്തെങ്കിലും നേടാമെന്നുവച്ചാലോ. കിട്ടുന്നതിന്റെ 30 ശതമാനം നികുതിയായി നല്‍കണം. ഓണ്‍ലൈനില്‍ ഗെയിം കളിച്ച് ഇത്തരി അധികവരുമാനം നേടിയാല്‍ അതിനും നല്‍കണം 30 ശതമാനം നികുതി.

നികുതി ഭാരം കുറയ്ക്കാം

ഇതിനേക്കാളും രസകരമായ വേറൊന്നുണ്ട്. മുന്‍കൂര്‍ നികുതിയായി പിടിച്ച ടിഡിഎസ് യഥാര്‍ത്ഥത്തില്‍ പിടിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ പിടിച്ചു എന്നുകരുതുക. ആദായ നികുതി റിട്ടേണ്‍ നല്‍കിയാല്‍ ഇങ്ങനെ പിടിച്ച അധിക തുക സര്‍ക്കാര്‍ തിരികെ തരും. അതിന് പലിശയും നല്‍കും. പക്ഷേ ഇങ്ങനെ നല്‍കുന്ന പലിശയും നമ്മുടെ വരുമാനമായി കണക്കാക്കി അതിനും നികുതി ഈടാക്കും. അതായത് നികുതി തുകയെന്ന് പറഞ്ഞ്  ആദായനികുതി വകുപ്പ് തന്നെ കൂടുതലായി തുക വാങ്ങിപ്പോയതിന് പിഴയായി നല്‍കുന്ന പലിശയിലും നികുതി ഈടാക്കും. എന്തൊരു പ്രഹസനം അല്ലേ. ജനക്ഷേമത്തിനായി ഖജനാവിലേക്ക് പണം സ്വരുക്കൂട്ടാന്‍ ഇങ്ങനെ നികുതി ചുമത്താവുന്നയിടത്തൊക്കെ സര്‍ക്കാര്‍ ചുമത്തും. ചുമത്തിക്കോട്ടെ. പക്ഷേ സര്‍ക്കാര്‍ തന്നെ നമുക്കായി തരുന്ന ഇളവ് നമ്മള്‍ പ്രയോജനപ്പെടുത്തിയിരിക്കണം.

അല്‍പ്പം മനസുവെയ്ക്കുകയും ചിട്ടയോടെ ചില കാര്യങ്ങള്‍ ശീലിക്കുകയും ചെയ്താല്‍ ആദായ നികുതിവകുപ്പ് നല്‍കുന്ന ഇളവുകളെ പ്രയോജനപ്പെടുത്തി നികുതി ഭാരം കുറയ്ക്കാം. പക്ഷേ ഇത്തരം ഇളവുകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ മനോഭാവത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ നികുതി ദായകര്‍ തയ്യാറാകണം. അതേക്കുറിച്ച് നാളെ. (പെഴ്‌സണല്‍ ഫിനാന്‍സ് അനിലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. സംശയങ്ങള്‍ ഇ മെയ്ല്‍ ചെയ്യാം. jayakumarkk8@gmail.com)

English Summary:

Yax Planning is Not Tax Evasion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com