സമ്പാദ്യത്തിലേയ്ക്ക് ചെറു ചുവട് വയ്ക്കാം, മുന്നേറാം, ജീവിതശൈലിയാക്കാം
Mail This Article
ചെറിയ ഏജൻസി ജോലികളിലൂടെയും കുടുംബശ്രീ തുടങ്ങിയ ചില സമ്പാദ്യ മാർഗങ്ങളിലൂടെയും ചിട്ടിയിലൂടെയും ഒക്കെയായി 10 ലക്ഷം രൂപ സമാഹരിക്കാൻ വീട്ടമ്മയായ രേഖയ്ക്ക് കഴിഞ്ഞു. തുടക്കത്തിൽ ഈ സമ്പാദ്യത്തെക്കുറിച്ച് ആരോടും പറഞ്ഞിരുന്നില്ലെങ്കിലും പിന്നീട് മക്കളുടെ പഠനാവശ്യമായിട്ട് ബന്ധപ്പെട്ട സാഹചര്യമുണ്ടായപ്പോൾ കുടുംബാംഗങ്ങളുമായിട്ട് ഇക്കാര്യം പങ്കുവയ്ക്കുകയുണ്ടായി. തന്റെ കൈവശം ഇത്രയും രൂപയുണ്ട് എന്നറിഞ്ഞപ്പോൾ വീടിന്റെ ഒന്നാം നില പണിതാലോ എന്ന ചിന്ത ഭർത്താവിന് ഉണ്ടായി. കുറച്ചു പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി നൽകി. ബാക്കികൊണ്ട് ഒന്നാം നിലയുടെ പണിയും തുടങ്ങി. ചെറിയ ലോണുംകൂടി എടുത്തപ്പോൾ പണി പൂർത്തിയാക്കാൻ കഴിഞ്ഞു. അത് വാടകയ്ക്ക് കൊടുത്തപ്പോൾ കിട്ടുന്ന തുക കൊണ്ട് ലോൺ അടഞ്ഞു പോകുന്നുണ്ട്. മക്കൾ വിദേശത്ത് പഠിക്കുന്നു.
ഇപ്പോൾ തന്റെ കൈവശം ഒന്നുമില്ലല്ലോ എന്ന ചിന്തയുമായാണ് രേഖ എന്നെ സമീപിച്ചത്. സാമ്പത്തിക കാര്യങ്ങൾ മറച്ചുവെക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്. പണം നമ്മുടെ കയ്യിൽ വച്ചിട്ട് എങ്ങനെയാണ് കൊടുക്കാതിരിക്കുക? ഇപ്പോൾ മക്കൾക്ക് ജോലിയാകും. ഭർത്താവിന്റെ കയ്യിൽ അത്യാവശ്യത്തിന് പണമുണ്ട്, സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ട്. തനിക്ക് എന്തെങ്കിലും അസുഖം വന്നാൽ, പെട്ടെന്ന് ആവശ്യം വന്നാൽ കയ്യിൽ ഒന്നുമില്ലല്ലോ എന്ന ചിന്ത തന്നെ മാനസികമായി തളർത്തുന്നുവെന്നും ചില സമയത്ത് ഡിപ്രഷൻ പോലെ ആകുന്നുവെന്നും രേഖ പറഞ്ഞു.
എന്തിനു സമ്പാദ്യത്തിന് പ്രാധാന്യം കൊടുക്കണം?
രണ്ടറ്റവും കൂട്ടിമുട്ടി ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ കടക്കണിയിൽ അമരുന്നവർക്ക് സമ്പാദ്യത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? ഇതിന്റെ പിന്നിൽ വികലമായ സാമ്പത്തിക ചിന്തകളാണ്. കാരണം ചിലവ് കഴിഞ്ഞ് മിച്ചം വരുന്നതല്ല സമ്പാദ്യം, മറിച്ചു സമ്പാദ്യം കഴിഞ്ഞ് മിച്ചം വരുന്നതാണ് ചിലവ്. ഇത് സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങളിൽ പെട്ടതാണ്
വിവിധ സമ്പാദ്യമാർഗങ്ങൾ
സമ്പാദ്യശീലം വളർത്തുവാനും പണം സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യമുള്ള സമയത്ത് പണം കൈയിൽ എത്താനുമുള്ള ഏറ്റവും മികച്ച മാർഗമാണ് സേവിങ്സ് അക്കൗണ്ടുകൾ. കറന്റ് അക്കൗണ്ട് , റെക്കറിങ് അഥവാ ആവർത്തന അക്കൗണ്ട്, സാലറി അക്കൗണ്ട് തുടങ്ങി വ്യത്യസ്തമായ ബാങ്ക് അക്കൗണ്ടുകൾ നിലവിൽ ഉണ്ട്. സാധനങ്ങൾ വാങ്ങുന്നതിനും വിവിധ ബിൽ പേയ്‌മെന്റുകൾ നടത്തൽ, പിൻവലിക്കലുകൾ, ചെക്ക്, ലിങ്ക് ചെയ്ത ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ ട്രാൻസ്ഫർ ഓപ്‌ഷനുകൾ, ഇന്റർനെറ്റ് ബാങ്കിങ് എന്നിവ ഇത്തരം അക്കൗണ്ടുകളുടെ വ്യത്യസ്തമായ സവിശേഷതകളിൽ പെടുന്നു. സ്ത്രീകൾക്കായുള്ള രണ്ട് സേവിങ്സ് അക്കൗണ്ടുകൾ പരാമർശിക്കാം.
പോസ്റ്റ് ഓഫീസ് മഹിളാ സമ്മാന്‍ സേവിങ്സ് സർട്ടിഫിക്കറ്റ്
സ്ത്രീകളുടെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് 2023 ഏപ്രിലിൽ ആരംഭിച്ച മഹിളാ സമ്മാന്‍ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീം ഒരു സ്ത്രീ കേന്ദ്രീകൃത സർക്കാർ ഗ്യാരണ്ടിയുള്ള ചെറുകിട സമ്പാദ്യ പദ്ധതിയാണ്. മഹിളാ സമ്മാന്‍ ബചത് പത്ര എന്നറിയപ്പെടുന്ന മഹിളാ സമ്മാന്‍ സേവിങ് സർട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസുകളിലും പൊതുമേഖലാ ബാങ്കുകളിലും തിരഞ്ഞെടുത്ത സ്വകാര്യ ബാങ്കുകളിലും ലഭ്യമാണ്. പരിമിതകാല ചെറുകിട സമ്പാദ്യ പദ്ധതിയായ മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് 2025 മാർച്ച് 31 വരെ ലഭ്യമാണ്.
സുകന്യ സമൃദ്ധി യോജന അക്കൗണ്ട്
ഒരു പെൺകുഞ്ഞിന്റെ ജനനത്തിനും അവൾക്ക് 10 വയസ്സ് തികയുന്നതിനുമിടയിൽ എപ്പോൾ വേണമെങ്കിലും രക്ഷിതാവിന് സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാവുന്നതാണ്. തുടക്കത്തിൽ അക്കൗണ്ടിൽ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. അതിനുശേഷം 100 രൂപയുടെ ഗുണിതങ്ങളിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം. എന്നിരുന്നാലും, പരമാവധി നിക്ഷേപ പരിധി 150,000 രൂപ ആണ്. പെൺകുട്ടിക്ക് 10 വയസ് തികയുമ്പോൾ അക്കൗണ്ട് പ്രവർത്തിപ്പിക്കാം. ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി 18 വയസിൽ 50% പിൻവലിക്കാൻ അക്കൗണ്ട് അനുവദിക്കുന്നു. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്നു. 2024 ജനുവരി 1 മുതൽ പുതുക്കിയ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ ഏറ്റവും പുതിയ പലിശ നിരക്ക് 8.2% ആണ്.
ഇത്തരം വിവിധ മാര്‍ഗങ്ങളിലൂടെ സമ്പാദ്യം ജീവിത ശൈലി ആക്കണം.