നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ പ്രീമിയം ഉയർന്നു
Mail This Article
നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെ പ്രീമിയം വരുമാനം ഉയർന്നു. ആഭ്യന്തര വിപണിയിലെ 31 നോൺ ലൈഫ് ഇൻഷൂറൻസ് കമ്പനികളുടെയും കൂടി നേരിട്ടുള്ള മൊത്തം പ്രീമിയം വരുമാനം ആഗസ്റ്റിൽ 12 ശതമാനം ഉയർന്ന് 24,471.5 കോടി രൂപയായി. മുൻ വർഷം ഇതേകാലയളവിൽ ഇത് 21867.93 കോടി രൂപയായിരുന്നു.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നൽകുന്ന കണക്കുകൾ പ്രകാരം, 24 പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ നേരിട്ടുള്ള പ്രീമിയം വരുമാനത്തിൽ 9.3 ശതമാനം വളർച്ച നേടി. ഈ കമ്പനികളുടെ ഓഗസ്റ്റിലെ മൊത്തം പ്രീമിയം സമാഹരണം 17,101.75 കോടി രൂപയാണ്. മുൻ വർഷം ഇതേകാലയളവിലിത് 15,648.63 കോടി രൂപയായിരുന്നു.
അഞ്ച് ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെ മൊത്തത്തിലുള്ള നേരിട്ടുള്ള പ്രീമിയം വരുമാനം 28 ശതമാനം ഉയർന്ന് 2,059.38 കോടി രൂപയായി. മുൻ വർഷം ആഗസ്റ്റിൽ ഇത് 1,609.75 കോടി രൂപയായിരുന്നു.
നോൺ-ലൈഫ് ഇൻഷൂറൻസ് രംഗത്തെ രണ്ട് പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളുടെ സംയോജിത പ്രീമിയം വരുമാനം 15.2 ശതമാനം വർധിച്ച് 5,310.82 കോടി രൂപയായി, മുൻ വർഷം ഇത് 4,609.55 കോടി രൂപയായിരുന്നു.
ഈ സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ 31 ഇൻഷൂറൻസ് കമ്പനികളുടെയും കൂടി മൊത്തം പ്രീമിയം വരുമാനം 18.57 ശതമാനം ഉയർന്ന് 1,02,357.29 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 86,329.09 കോടി രൂപയായിരുന്നു.
English Summary : Non Life Insurance Companies Premium increased