കർഷകനെ തുണയ്ക്കുമോ ബജറ്റ്?
Mail This Article
കാർഷിക മേഖലയിലെ വളർച്ച ത്വരിതപ്പെടുത്തുന്നതിനൊപ്പം ദീർഘകാല വളർച്ചാ ലക്ഷ്യമിടുന്നതാകും ഇത്തവണത്തെ ബജറ്റ്. വരുമാനം വർധിപ്പിക്കുന്നതിനും കർഷക മേഖലയിലെ പ്രതിസന്ധികൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചേക്കും. കർഷകരെ ചേർത്തു പിടിക്കുന്ന ബജറ്റായിരിക്കും ഇക്കുറിയെന്നു പൊതുവെ വിലയിരുത്തപ്പെടുന്നു.
അഗ്രി-സ്റ്റാർട്ട്അപ്പ്
അഗ്രി-സ്റ്റാർട്ട്അപ്പുകൾ ബജറ്റിൽ പ്രധാന ചർച്ചയാവാൻ സാധ്യതയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ സാങ്കേതിക വിദ്യ (ഉല്‍പാദനം, ശേഖരണം, വിതരണം എന്നിവ തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം) എന്നിവയുടെ സാധ്യതകളും പരിശോധിക്കപ്പെടാം. ഓരോ ഉല്‍പന്നത്തിന്റെയും ഗുണമേന്മ ഉറവിടത്തിൽ വച്ചുതന്നെ പരിശോധിക്കാം. വിള ഇൻഷുറൻസ് സ്കീമിൽ ഇതുപയോഗിച്ചാൽ വേഗത്തിലുള്ള ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കലും സാധ്യമാകും.
മൊബൈൽ ആപ്ലിക്കേഷൻ
നേരിട്ടുള്ള വിപണനത്തിനായി മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സംവിധാനം പ്രയോജനപ്പെടുത്തിയേക്കും. കാലാവസ്ഥ, വിലനിലവാരം തുടങ്ങിയവയെല്ലാം മനസിലാക്കാൻ ഇവ സഹായിക്കും. ഹോം ഡെലിവറി സ്റ്റാർട്ടപ്പുകൾക്കുള്ള ആനുകൂല്യം, കർഷക ഉത്പാദന സംഘടനകൾ, ദേശീയ വെയർഹൌസിങ് ശൃംഖല എന്നിവയ്ക്കും ബജറ്റ് മുൻതൂക്കം നൽകിയേക്കും.
ഉൽപന്നങ്ങളുടെ ഗ്രാമീണ സംഭരണ പദ്ധതി, മൽസ്യ കൃഷിക്കു പ്രത്യേക ഫണ്ട് തുടങ്ങിയവയ്ക്കും പ്രാധാന്യം നൽകിയേക്കും. കൃഷി ചെയ്യാത്ത ഭൂമിയിൽ സൗരോർജ പദ്ധതിയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്താൻ പദ്ധതികൾ പ്രതീക്ഷിക്കാം.
കൂടുതൽ നിക്ഷേപം
ഭക്ഷ്യ സംസ്കരണ മേഖലയിലും ഗ്രാമീണ സ്റ്റാർട്ടപ്പുകളിലും സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അഞ്ചു വർഷത്തെ കാലയളവിൽ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ സർക്കാരും സ്വകാര്യമേഖലയും 25 ലക്ഷം കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കുന്നതിനുള്ള നയപരമായ ഇടപെടലുകൾ കേന്ദ്രം പരിശോധിക്കുന്നു. ഗ്രാമീണ മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിനുള്ള നടപടികൾ, കാർഷിക മേഖലയുടെയും അനുബന്ധ മേഖലകളുടെയും വികസനത്തിലൂടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കുന്നതിനുള്ള മാർഗങ്ങളും ബജറ്റ് ലക്ഷ്യമിട്ടേക്കും.
പണപ്പെരുപ്പമെന്ന വില്ലൻ
കാർഷികമേഖല മഴക്കാലത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള മൈക്രോ ഇറിഗേഷന് കീഴിൽ ഒരു കോടി ഹെക്ടർ ഭൂമിയുൾപ്പെടുത്താനും സർക്കാർ ഉദ്ദേശിക്കുന്നു. താങ്ങുവിലയിൽ വർധനവിനു സാധ്യത ഉണ്ടെങ്കിലും പണപ്പെരുപ്പത്തിന്റെ കാര്യത്തിൽ സർക്കാർ ജാഗ്രത പുലർത്തേണ്ടി വരും.
സ്ഥാപന വായ്പയുടെ (Institutional Credit) ലഭ്യത വർധിപ്പിക്കുമെന്നു പ്രതീക്ഷിക്കാം. മോശം കാലാവസ്ഥയുടെയും പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിൽ കർഷകർക്കു ഉചിതമായ ധനസഹായം, പലിശ ഇളവ്, തിരിച്ചടവ് ആനുകൂല്യങ്ങൾ തുടങ്ങിയവ നൽകിയേക്കും. വിളവ് മെച്ചപ്പെടുത്തുന്നതിന് കൃഷിയിൽ യന്ത്രവൽകരണം സാധ്യമാക്കാൻ സർക്കാർ ആനുകൂല്യങ്ങൾ നൽകാൻ സാധ്യത. വിത്ത്, വളം തുടങ്ങിയവ വാങ്ങുന്നതിനുള്ള പിന്തുണ നൽകിയേക്കും.
തലോടുമോ?
വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാന മന്ത്രി ഫസൽ ഭീമ യോജന വിപുലീകരിക്കാൻ സാധ്യത. ചെറുകിട, നാമമാത്ര കർഷകർക്കു പ്രതിവർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി പരക്കെ സ്വാഗതർഹമാണെങ്കിലും തുക കുറവാണെന്ന ആക്ഷേപമുണ്ട്. പദ്ധതിയുടെ കവേറേജ് വിപുലീകരിക്കുമോ എന്നതും ചോദ്യം. മൊത്തത്തിൽ കർഷകരെ തൊടുന്നത് അല്ല തലോടുന്ന ബജറ്റ് ആണോ ഇക്കുറിയെന്നതു കാത്തിരുന്നു കാണാം.