ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ മിക്സഡ് ക്ലോസിങ് ഏഷ്യൻ വിപണികൾക്കും ഒരു പതിഞ്ഞ തുടക്കമാണ് നൽകിയത്. അമേരിക്കൻ-യൂറോപ്യൻ ഫ്യൂച്ചറുകളും നേരിയ നേട്ടത്തിൽ തുടരുന്നു. എസ്ജിഎക്സ് നിഫ്റ്റി 16150 പോയിന്റിൽ താഴെയാണ് വ്യാപാരം തുടരുന്നത്.
പണപ്പെരുപ്പ ദിനം
ഇന്ന് അമേരിക്കക്കൊപ്പം ചൈനീസ്, ജർമൻ പണപ്പെരുപ്പ കണക്കുകളും പുറത്ത് വരുന്നത് ലോക വിപണിയാകെ ഉറ്റു നോക്കുന്നു. കഴിഞ്ഞ മാസങ്ങളിലെല്ലാം വളർച്ച കാണിച്ച അമേരിക്കൻ പണപ്പെരുപ്പം മാർച്ചിൽ വളർച്ച ശോഷണം കാണിച്ച അടിസ്ഥാന പണപ്പെരുപ്പത്തിനൊപ്പം ഇത്തവണ നിയന്ത്രിതമായേക്കുമെന്ന സാമ്പത്തിക വിദഗ്‌ധരുടെ അഭിപ്രായത്തിനൊപ്പം നിൽക്കുകയാണ് വിപണി. എനർജി, ഭക്ഷണ വിലക്കയറ്റങ്ങൾ തന്നെയാണ് ലോക സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന പ്രശ്നം. ട്രംപിന്റെ കാലഘട്ടത്തിൽ ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ കൊണ്ട് വന്ന അധിക നികുതികൾ എടുത്തു കളയുമെന്ന ബൈഡന്റെ പ്രസ്താവനയും വിപണി പ്രതീക്ഷയോടെ കാണുന്നു. ക്രൂഡ് ഓയിലിന്റെ അപ്രതീക്ഷിത ഇറക്കവും ഇന്ന് ലോക വിപണിക്ക് അനുകൂലമായേക്കും.
അമേരിക്കൻ പണപ്പെരുപ്പ കണക്കുകളിൽ തിരുത്തൽ പ്രതീക്ഷിച്ച് അമേരിക്കൻ ബോണ്ട് യീൽഡ് ഇന്നലെ 3%ൽ താഴെ ഇറങ്ങി. ബോണ്ട് യീൽഡിലെ വീഴ്ച അമേരിക്കൻ ഫിനാൻഷ്യൽ സെക്ടറിന് നൽകിയ തിരുത്തൽ ഡൗ ജോൺസിന് നെഗറ്റീവ് ക്ളോസിങ് നൽകുകയും എസ്&പിയുടെ മുന്നേറ്റം തടയുകയും ചെയ്തു. എന്നാൽ ബോണ്ട് യീൽഡിലെ വീഴ്ച ടെക്ക് ഓഹരികൾക്ക് നൽകിയ മുന്നേറ്റം നാസ്ഡാക്കിന് ഒരു ശതമാനത്തിനടുത്ത് ക്ലോസിങ് നൽകിയത് ഇന്ന് ലോക വിപണിക്ക് തന്നെ അനുകൂലമായേക്കാം.
നിഫ്റ്റി
ഇന്നലെയും രാജ്യാന്തര വിപണിക്കൊപ്പം നഷ്ടത്തിൽ ആരംഭിച്ച ശേഷം ബാങ്കിങ് , ഐടി സെക്റ്ററുകളുടെ പിന്തുണയിൽ മുന്നേറ്റം നേടിയ ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ലാഭമെടുക്കലിൽ നേട്ടങ്ങൾ കൈവിട്ടു. മിഡ് ക്യാപ് - സ്‌മോൾ ക്യാപ് സെക്ടറുകൾ 2% വീതം വീണത് റീറ്റെയ്ൽ നിക്ഷേപകരുടെ നഷ്ട വ്യാപ്തി വർധിപ്പിച്ചു. ബാങ്കിങ്, എഫ്എംസിജി സെക്ടറുകൾ മാത്രമാണ് ഇന്നലെ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 16240 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി ഇന്ന് 16100 പോയിന്റിലും 16000 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 16400 പോയിന്റിലും 16500 പോയിന്റിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റസുകൾ.
നാസ്ഡാക്കിന്റെ മുന്നേറ്റം ഇന്ന് ഇന്ത്യൻ ഐടി സെക്ടറിനും പ്രതീക്ഷയാണ്. എഫ്എംസിജി, ഫാർമ, ഫിനാൻഷ്യൽ, ബാങ്കിങ് സെക്ടറുകൾ മുന്നേറ്റം നേടിയേക്കാമെന്നും കരുതുന്നു. റിലയൻസ്, എച്ഡിഎഫ്സി ബാങ്ക്, കോട്ടക്ക് ബാങ്ക്, ഇന്ഡസ് ഇന്ദ് ബാങ്ക്, ബന്ധൻ ബാങ്ക്, ഇൻഫോസിസ്, ടെക്ക് മഹിന്ദ്ര, വിപ്രോ , ഇൻഡസ് ടവർ, നവീൻ ഫ്ലൂറിൻ, ഡിക്‌സൺ, വേൾ പൂൾ, ശ്രീ റാം ട്രാൻസ്‌പോർട്ട് മുതലായ ഓഹരികളും മുന്നേറ്റ പ്രതീക്ഷയിലാണ്.
ബാങ്ക് നിഫ്റ്റി
എച്ച്ഡിഎഫ്സി ബാങ്കിന്റെയും, കോട്ടക്ക് ബാങ്കിന്റെയും പിന്തുണയിൽ ഇന്നലെ ബാങ്ക് നിഫ്റ്റി 207 പോയിന്റ് നേട്ടത്തിൽ 34483 പോയിന്റിൽ വ്യാപാരമസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 34100 പോയിന്റിലും 33800 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 34800 പോയിന്റിലാണ് ബാങ്ക് നിഫ്റ്റിയുടെ ആദ്യ വില്പന സമ്മർദ്ദ മേഖല.
ഡോളർ മുന്നേറ്റം
അമേരിക്കൻ ഡോളർ കൂടുതൽ കരുത്താർജ്ജിക്കുന്നതിനൊപ്പം ഇന്ത്യയുടെ ഡോളർ വാങ്ങൽ വർദ്ധനവും ഡോളറിനെതിറെ രൂപയുടെ വിലയിടിയുന്നതിന് കാരണമാകുന്നതും വിപണിക്ക് ക്ഷീണമാണ്. ഡോളറുമായുള്ള വ്യാപാരത്തിൽ ഏറ്റവും മോശം നിലയിൽ നിൽക്കുന്ന രൂപയുടെ തിരിച്ചു വരവും ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് അത്യന്താപേക്ഷിതമാണ്.
റിസൾട്ടുകൾ
പെട്രോനെറ്റ്, പിഎൻബി, ഇന്ത്യൻ ബാങ്ക്, അദാനി പോർട്സ്, ബിർള കോർപറേഷൻ, ബാലാജി അമിൻസ്, റിലാക്‌സോ, ചോളമണ്ഡലം ഹോൾഡിങ്‌സ്, ബട്ടർ ഫ്ലൈ, ലക്ഷ്‌മി മെഷീൻസ്, ലോയ്ഡ് സ്റ്റീൽ, സെഞ്ച്വറി എൻകാ, എച്ഛ്എസ്ഐഎൽ, എസ്കെഎഫ് ഇന്ത്യ, സാഗർ സിമന്റ്സ്, കെഎസ്ബി, ജെഎസ്ഡബ്ലിയു ഇസ്പാറ്റ് , കല്യാൺ ജ്യൂവലേഴ്‌സ് മുതലായ ഓഹരികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
ഐപിഓ
ഡെലിവറി കമ്പനിയായ ഡൽഹിവെറിയുടെയും, വീനസ് പൈപ്സ് & ട്യൂബ്‌സിന്റെയും ഐപിഓ ഇന്ന് മുതൽ ആരംഭിക്കുന്നു. മ്യൂച്വൽ ഫണ്ട് വില്പനക്കാരായ പ്രൂഡൻറ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസിന്റെ ഇന്നലെ ആരംഭിച്ച ഐപിഓ നാളെ അവസാനിക്കും.
ക്രൂഡ് ഓയിൽ
അമേരിക്കൻ പണപ്പെരുപ്പകണക്കുകൾക്ക് മുന്നോടിയായി ഇന്നലെ അമേരിക്കൻ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെയിറങ്ങി. ചൈനീസ് ആവശ്യകതയിലെ കുറവും, അമേരിക്കൻ ഉല്പാദന വർധനവും, ആരാംകോയുടെ വില കുറച്ച് വില്പനയും ക്രൂഡ് ഓയിലിന് തത്കാലം തടസമാണ്. അമേരിക്കൻ എണ്ണ ശേഖരം വർധന കാണിക്കുന്നതും ക്രൂഡിന് പ്രതികൂലമാണ്.
സ്വർണം
ബോണ്ട് യീൽഡ് വീണിട്ടും അമേരിക്കൻ ഡോളറിന്റെ മുന്നേറ്റം സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. ബോണ്ട് യീൽഡ് ഇറങ്ങിയിട്ടും നിക്ഷേപകർ സ്വർണത്തിൽ താല്പര്യം കാട്ടാതിരുന്നത് ബോണ്ട് യീൽഡ് തിരികെ കയറുമെന്ന ഉറപ്പിൽ തന്നെയാണ്.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക.