ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ഇന്നറിയേണ്ടത്
Mail This Article
റഷ്യ, തുർക്കി, ഹോങ്കോങ് മുതലായ വിപണികളൊഴികെ ലോകത്തെ പ്രധാന വിപണികളെല്ലാം തന്നെ വെള്ളിയാഴ്ചയും നഷ്ടം കുറിച്ചു. അമേരിക്കയുടെ എസ്&പി 500 ഒരു ശതമാനത്തിൽ കൂടുതൽ വീണു.
മാന്ദ്യ ഭീതിയും സാന്താക്ളോസ് റാലിയും
ഫെഡ് റിസർവ് വിതച്ച മാന്ദ്യ ഭയത്തോടെ ക്രിസ്മസ്-പുതുവത്സര അവധികളിലേക്ക് പ്രവേശിക്കുന്ന വിപണി വീണ്ടും ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. ബോണ്ട് യീൽഡ് തിരിച്ചു കയറുന്നത് ഫിനാൻഷ്യൽ ഓഹരികൾക്ക് തിരിച്ചു വരവ് നൽകിയേക്കാവുന്നതും, താഴ്ന്ന നിരക്കിലുള്ള ടെക് ഓഹരികളിൽ വാങ്ങൽ വന്നേക്കാവുന്നതും അമേരിക്കൻ വിപണിക്ക് പ്രതീക്ഷയാണ്. എങ്കിലും ഡോളർ വില പിടിച്ചു നിർത്താനുള്ള വ്യഗ്രതയിൽ ഫെഡ് അംഗങ്ങളുടെ നിരക്കുയർത്തൽ പ്രസ്താവനകൾ വിപണിക്ക് ക്ഷീണമായേക്കാം. യൂറോപ്യൻ സെൻട്രൽ ബാങ്കും 50 ബേസിസ് പോയിന്റ് നിരക്ക് വർദ്ധന നടത്തിയത് യൂറോ വിപണിക്കും ക്ഷീണമാണ്. ചൈനയുടെയും, ജപ്പാൻെറയും കേന്ദ്ര ബാങ്കുകൾ വായ്പ നിരക്കുകൾ പ്രഖ്യാപിക്കുന്നത് ഈ ആഴ്ചയിൽ വിപണിക്ക് പ്രധാനമാണ്.
ബുധനാഴ്ച വരുന്ന ഭവനനിർമാണ കണക്കുകളും, വ്യാഴാഴ്ച വരുന്ന ജിഡിപി, ജോബ് ഡേറ്റകളും, വെള്ളിയാഴ്ച വരുന്ന പിസിഇ വില സൂചികയും, വ്യക്തിഗത വരുമാന-ചെലവിടൽ കണക്കുകളും അടുത്ത ആഴ്ച അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. ബ്രിട്ടീഷ് ജിഡിപി കണക്കുകളും, ജർമൻ പിപിഐ കണക്കുകളും യൂറോപ്യൻ വിപണിയെയും സ്വാധീനിക്കും.
നിഫ്റ്റി
വെള്ളിയാഴ്ച നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും രാജ്യാന്തര വിപണി സമ്മർദ്ദങ്ങൾക്കൊപ്പം വിദേശ ഫണ്ടുകളുടെ വില്പനയും വെല്ലുവിളിയായി. ഐടി, പൊതു മേഖല ബാങ്കിങ്, ഫാർമ, റിയൽറ്റി, ഓട്ടോ ഇൻഫ്രാ സെക്ടറുകൾ 1%ൽ കൂടുതൽ നഷ്ടം കുറിച്ചു. മിഡ് ക്യാപ് സെക്ടർ 1.6% വീണപ്പോൾ സ്‌മോൾ ക്യാപ് സെക്ടർ നഷ്ടം 0.6%ൽ ഒതുക്കി.
18300 പോയിന്റിലെ പിന്തുണ നഷ്ടമായി 18269 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച നിഫ്റ്റി 18250 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18200 പോയിന്റിലും 18150 പോയിന്റിലും ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 18400 പോയിന്റിലും 18480 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ.
ബാങ്ക് നിഫ്റ്റി
എച്ച്ഡിഎഫ്സി ബാങ്ക് ഒഴികെ മറ്റ് ബാങ്കിങ് ഓഹരികളെല്ലാം വീണപ്പോൾ വെള്ളിയാഴ്ച ബാങ്ക് നിഫ്റ്റി 278 പോയിന്റുകൾ നഷ്ടമായി 43219 പോയിന്റിലേക്ക് വീണു. 43080 പോയിന്റിലും, 42880 പോയിന്റിലും ബാങ്ക് നിഫ്റ്റി ഇന്ന് പിന്തുണ പ്രതീക്ഷിക്കുന്നു. 43550 പോയിന്റിലും 43800 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഐപിഓയും ലിസ്റ്റിങും
ഫിനാൻഷ്യൽ ടെക്ക് പ്ലാറ്റ്ഫോം കെ-ഫിൻ ടെക്‌നോളജീസിന്റെ ഐപിഓ ഇന്ന് ആരംഭിച്ച് 21ന് അവസാനിക്കുന്നു. പ്രൊമോട്ടറായ ജനറൽ അറ്റ്‌ലാന്റിക്കിന്റെ 1500 കോടിയുടെ ഓഫർ ഫോർ സെയിൽ 347-366 രൂപക്കാണ് ഉറപ്പിച്ചത്. എലിൻ ഇലക്ട്രോണിക്സിന്റെ ഐപിഓ നാളെ തുടങ്ങും.
സുല വൈൻ യാർഡ്സ് 22നും, അബാൻ ഹോൾഡിങ്‌സും, ലാൻഡ് മാർക്ക് കാറും 23നും വിപണിയിൽ ലിസ്റ്റ് ചെയ്യുന്നു.
ക്രൂഡ് ഓയിൽ
സാമ്പത്തിക മാന്ദ്യ ഭീതിയിൽ ക്രൂഡ് ഓയിൽ വീണ്ടും വീണു. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിൽ താഴെ ക്ലോസ് ചെയ്തപ്പോൾ അമേരിക്കൻ എണ്ണ വില 75 ഡോളറിൽ താഴെ എത്തി. അമേരിക്ക സ്ട്രാറ്റജിക് പെട്രോളിയം റിസർവിലേക്ക് വീണ്ടും എണ്ണ തിരികെ വാങ്ങുന്നത് എണ്ണയ്ക്ക് അനുകൂലമായേക്കാം.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡിന്റെ തുടർ ചലനങ്ങൾ തന്നെയാകും കഴിഞ്ഞ ആഴ്ച 1800 ഡോളറിൽ താഴെ ക്ലോസ് ചെയ്ത സ്വർണത്തിന്റെ ഗതി നിർണയിക്കുക. 1800 ഡോളറിന് മുകളിൽ ക്രമപ്പെട്ടാൽ സ്വർണം മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722
English Summary : Stock Market Today
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക