കീമിയയും തേജസും തമ്മിലെന്താണ്?
Mail This Article
അഫ്ഗാനിസ്ഥാന്‍റെ 26 വയസുള്ള വനിതാ അത് ലറ്റാണ് കീമിയ യൂസെഫി. 100 മീറ്റർ ഓട്ടക്കാരിയായ കീമിയ 2021 ജൂലൈയില്‍ ടോക്കിയോ ഒളിമ്പിക്സിനെത്തിയതാണ്. ഉദ്ഘാടനത്തിന് അഫ്ഗാന്‍റെ പതാകയും പിടിച്ചു. മല്‍സരത്തില്‍ അഫ്ഗാന്‍റെ ദേശീയ റെക്കോർഡ് തകർക്കുകയും ചെയ്തു. പക്ഷേ, ഇതിനിടെയില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം ഏറ്റെടുത്തിരുന്നു. കീമിയയെ സംബന്ധിച്ച് സുരക്ഷാപ്രശ്നങ്ങള്‍ മൂലം തിരിച്ചുപോക്ക് പ്രതിസന്ധിയിലായി. 1996 ല്‍ താലിബാന്‍ ഭരണം വന്നപ്പോള്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറുകാരായ കീമിയയുടെ കുടുംബം ഇറാനിലേക്ക് പലായനം ചെയ്തതാണ്. പിന്നീട്, ഭരണം മാറിയപ്പോള്‍ തിരിച്ചു വന്നതാണ്.
കീമിയ ഓസ്ട്രേലിയയിലേയ്ക്ക്
വഴിയാധാരമായി നിന്ന കീമിയയെ ഒടുവില്‍ ഇന്‍റർനാഷണല്‍ ഒളിമ്പിക് കമ്മിറ്റി ഏറ്റെടുത്തു. നേരെ, ഓസ്ട്രേലിയന്‍ അത് ലറ്റിക് കോച്ചായ ജോണ്‍ ക്വിന്നിനെ വിളിച്ചു. അദ്ദേഹം കീമിയയുടെ പരിശീലനം ഏറ്റെടുക്കാന്‍ സമ്മതിച്ചു. ഇപ്പോള്‍ കീമിയയും അമ്മയും ഇളയ സഹോദരനും ഓസ്ട്രേലിയയിലാണ്. മറ്റ് കുടുംബാംഗങ്ങള്‍ അഫ്ഗാനിസ്ഥാനിലും. തിരിച്ചുപോക്ക് കുഴഞ്ഞുമറിഞ്ഞു കിടക്കുന്നു.
പക്ഷേ, സ്പോർട്സ് താരം എന്ന നിലയ്ക്ക് ചെലവില്ലാതെ ഏറ്റവും മികച്ച പ്രഫഷണല്‍ പരിശീലനം കീമിയക്ക് കിട്ടുന്നു. വ്യക്തിപരമായ വിഷമതകള്‍ മറന്ന് അഫ്ഗാനിസ്ഥാന്‍റെ ജേഴ്സിയില്‍ തന്നെ രാജ്യാന്തര മല്‍സരങ്ങളില്‍ പങ്കെടുക്കാനാണ് കീമിയ ശ്രമിക്കുന്നത്. ഏറെ പ്രശസ്തി നേടിയ സ്പീല്‍ബെർഗിന്‍റെ ടോം ഹാങ്ക്സ് സിനിമ ദ ടെർമിനലും ഇവിടെ ഓർക്കാവുന്നതാണ്. സ്വരാജ്യത്തേക്ക് തിരിച്ചുപോവാനാവാതെ കുടുങ്ങിയ വ്യക്തിയുടെ അവസ്ഥയായിരുന്നു പ്രതിപാദ്യം.
കീമിയും തേജസും
കമ്പനികളില്‍ ഏതാണ്ട് കീമിയയുടെ അവസ്ഥയിലായിരുന്നു ബാംഗ്ളൂർ ആസ്ഥാനമായുള്ള തേജസ് നെറ്റ് വർക്ക്. ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ ഏറെ പ്രതീക്ഷയോടെ 2000 ത്തില്‍ ആരംഭിച്ചതായിരുന്നു തേജസ്. മിടുക്കന്മാരായ എന്‍ജിനിയർമാരാണ് പ്രമോട്ടർമാർ. പക്ഷേ, വലിയ കമ്പനികളുടെ തണലില്ലാത്തതിനാലാവാം മുന്നേറ്റം കുറിക്കാനായില്ല. ഇതിനിടെ 2017 ല്‍ കമ്പനി ഓഹരി വിപണിയിലെത്തിയെങ്കിലും അവസ്ഥ മോശമായിരുന്നു.
ഒടുവില്‍ രക്ഷകനായി ടാറ്റയെത്തി. 5ജി വന്നതോടെ ടെലികോം മേഖലയിലെ സാധ്യതകളില്‍ തേജസിന് വലിയ റോള്‍ വഹിക്കാനുണ്ടെന്ന് ടാറ്റ മനസിലാക്കി. അങ്ങനെ ആരുടെയും സാമ്പത്തിക പിന്തുണ ഇല്ലാതെ, ഏറെക്കുറെ അനാഥമായി കിടന്ന തേജസിനെ 2018 ല്‍ ടാറ്റ ഏറ്റെടുത്തു. ഇന്‍കുബേറ്റ് ചെയ്തുവെന്നതാണ് ശരി. തലപ്പത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല. കമ്പനി തുടങ്ങിവച്ച സഞ്ജയ് നായക് തന്നെ മാനേജിങ് ഡയറക്ടരായി തുടരുന്നു. സെമികണ്ടക്ടർ കമ്പനിയായ സാംഖ്യ ലാബ്സിനെ ഈയിടെ തേജസ് ഏറ്റെടുത്തിരുന്നു.
5ജിയുടെ വരവിന്‍റെ പശ്ചാത്തലത്തില്‍, തേജസ് ഓഹരിയുടെ വില നന്നായി ഉയർന്നു. ചുരുക്കിപ്പറഞ്ഞാല്‍, നിക്ഷേപകന്‍റെ ഒരു ലക്ഷം രൂപ രണ്ടു കൊല്ലം കൊണ്ട് പത്തു ലക്ഷം രൂപയാക്കിയ ഓഹരിയാണ് തേജസ് നെറ്റ് വർക്സ്.
കീമിയയും ഇതേ പോലെ വന്‍ മുന്നേറ്റങ്ങളുണ്ടാക്കട്ടെ.
(ഡിസ്ക്ളോഷർ. ഇത് തികച്ചും അറിവ് പകരാന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണ്. ഈ കമ്പനിയില്‍ ലേഖകന് നിക്ഷേപമില്ല. ഓഹരിവിപണിയില്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവർ സെബി സർട്ടിഫൈഡ് അനലിസ്റ്റുകളെ സമീപിക്കുക.)
English Summary : Know more about Kimia and Tejas Networks