ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്: റിലയൻസിൽ നിന്ന് പുതിയ ഓഹരി
Mail This Article
ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ (ജെഎഫ്എസ്എല്‍) വേര്‍പെടുത്താനുള്ള നടപടികള്‍ തുടങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് സാമ്പത്തിക സേവന ബിസിനസുകള്‍ ജെഎഫ്എസ്എല്‍ എന്ന പേരില്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചത്. ജെഎഫ്എസ്എല്ലിനെ റിലയന്‍സില്‍ നിന്ന് വേര്‍പെടുത്തുന്നതിന് അനുമതി തേടിയുള്ള നിക്ഷേപകരുടെ യോഗം മെയ് 2ന് നടക്കും. ഏപ്രില്‍ 27 മുതല്‍ മെയ് 1 വരെ നിക്ഷേപകര്‍ക്ക് വിഷയത്തില്‍ വോട്ട് രേഖപ്പെടുത്താം. നിക്ഷേപകരുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കമ്പനി നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും.
റിലയന്‍സ് നിക്ഷേപകര്‍ക്ക് ജിയോ ഓഹരികള്‍
റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ്‌സിന് (ആര്‍എസ്‌ഐഎല്‍) കീഴിലേക്ക് മാറ്റുന്ന ബിസിനസുകളാണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന പേരില്‍ ലിസ്റ്റ് ചെയ്യുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമാണ് ആര്‍എസ്‌ഐഎല്‍. കമ്പനി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ റിലയന്‍സില്‍ എത്ര ഓഹരികളുണ്ടോ അതിന് തുല്യ എണ്ണം ജിയോ ഓഹരികള്‍ നിക്ഷേപകര്‍ക്ക് ലഭിക്കും. ജിയോ ഓഹരികള്‍ക്ക് 10 രൂപ മുഖവിലയാണ് റിലയന്‍സ് കണക്കാക്കുന്നത്.
സാമ്പത്തിക രംഗത്തെ റിലയന്‍സ് സ്ഥാപനങ്ങള്‍
1. റിലയന്‍സ് റീട്ടെയില്‍ ഫിനാന്‍സ്
2. റിലയന്‍സ് പേയ്‌മെന്റ് സൊല്യൂഷന്‍സ്
3. ജിയോ ഇന്‍ഫര്‍മേഷന്‍ അഗ്രഗേറ്റര്‍ സര്‍വീസസ്
4. റിലയന്‍സ് റീട്ടെയില്‍ ഇന്‍ഷുറന്‍സ് ബ്രോക്കിങ്
5. റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വസ്റ്റ്‌മെന്റ്‌സ്
6. റിലയന്‍സ് ഇന്‍ഡസ്ട്രിയല്‍ ഇന്‍വസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിങ്സ്
7.ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് (റിസര്‍വ് ബാങ്കിന്റെ നടപടി ക്രമങ്ങള്‍ പാലിച്ചാവും ജിയോ പേയ്‌മെന്റ്‌സ് ബാങ്കിനെ പുതിയ കമ്പനിക്ക് കീഴിലേക്ക് മാറ്റുക)
സ്വതന്ത്ര കമ്പനിയായി മാറുന്നതോടെ ജിയോ ഫിനാന്‍ഷ്യല്‍ രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക സേവന സ്ഥാപനമായി മാറുമെന്നാണ് വിലയിരുത്തല്‍. ബജാജ് ഫിനാന്‍സ് അടക്കമുള്ള എന്‍ബിഎഫ്‌സികളോടാവും ജെഎഫ്എസ്എല്‍ മത്സരിക്കുക. ബിസിനസ് വിപൂലീകരണം, മേഖലയ്ക്ക് മാത്രമായി പ്രത്യേക തന്ത്രങ്ങള്‍, നിക്ഷേപകരെ ആകര്‍ഷിക്കല്‍ തുടങ്ങിയവയാണ് സ്വതന്ത്ര കമ്പനിയിലൂടെ റിലയന്‍സ് ലക്ഷ്യമിടുന്നത്. 2021-22ലെ കണക്കുകള്‍ അനുസരിച്ച് സാമ്പത്തിക മേഖലയിലെ കമ്പനികളില്‍ നിന്ന് റിലയന്‍സ് നേടിയത് 1,535.6 കോടി രൂപയുടെ വരുമാനമാണ്. ഈ കമ്പനികള്‍ക്കെല്ലാം കൂടി 27,964 കോടി രൂപയുടെ ആസ്തികളാണുള്ളത്. വാർത്തയെ തുടർന്ന ഇന്ന് ഇതുവരെ 4 ശതമാനത്തോളം ഉയര്‍ച്ചയാണ് റിലയന്‍സ് ഓഹരികള്‍ക്ക് ഉണ്ടായത്.
English Summary : Reliance is Coming with Jio Financial Services Shares