12,000 കോടിയുടെ തിരികെ വാങ്ങല്‍, വിപ്രോ ഓഹരികള്‍ ഉയര്‍ന്നു
Mail This Article
ഓഹരി തിരിച്ചു വാങ്ങല്‍ (Buy Back) പ്രഖ്യാപിച്ച് പ്രമുഖ ഐടി കമ്പനിയായ വിപ്രോ. 12,000 കോടി രൂപയ്ക്ക് 26,96,62,921 ഓഹരികളാണ് വാങ്ങുക. ആകെ ഓഹരികളുടെ 4.91 ശതമാനം വരുമിത്. ഓഹരി ഒന്നിന് 445 രൂപയാണ് നല്‍കുക. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വാങ്ങലാവും ഇത്തവണത്തേത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വിവിധ ഘട്ടങ്ങളിലായി 45,500 കോടിയുടെ ഓഹരികള്‍ വിപ്രോ തിരികെ വാങ്ങിയിട്ടുണ്ട്.
ബൈ ബാക്കില്‍ ഉയര്‍ന്ന് ഓഹരികള്‍
ഓഹരി തിരിച്ചു വാങ്ങുന്നതിന്റെ പശ്ചാത്തലത്തില്‍, ഇന്ന് മൂന്ന് ശതമാനത്തോളമാണ് വിപ്രോ ഓഹരികള്‍ ഉയര്‍ന്നത്. നിലവില്‍ 385 രൂപയാണ് (1.00 pm) വിപ്രോ ഓഹരികളുടെ വില. അതേ സമയം 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 528 രൂപയില്‍ നിന്ന് 83 രൂപ കുറവാണ് ഓഹരി തിരികെ വാങ്ങാന്‍ നിശ്ചയിച്ച തുക. അതുകൊണ്ട് തന്നെ വില ഉയര്‍ന്ന് നിന്ന സമയം നിക്ഷേപം നടത്തിയവര്‍ക്ക് ഇപ്പോഴത്തെ ബൈബാക്ക് കൊണ്ട് നേട്ടമുണ്ടാവില്ല. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 26 ശതമാനത്തിലധികം ഇടിവാണ് വിപ്രോ ഓഹരികള്‍ക്ക് ഉണ്ടായത്.
ലാഭം ഇടിഞ്ഞു
2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ വിപ്രോയുടെ ലാഭം (Net Profit) 3,074 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ലാഭത്തില്‍ 4 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. അതേ സമയം വരുമാനം 11 ശതമാനം ഉയര്‍ന്ന് 23,190 കോടിയിലെത്തി. മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം 0.7 ശതമാനം ആണ് ഇടിഞ്ഞത്. പ്രവര്‍ത്തനക്ഷമത കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജതിന്‍ ദലാല്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) വിപ്രോയുടെ ആകെ ലാഭം 11,350 കോടി രൂപയാണ്. 2021-22ലെ 12,229.6 കോടിയെ അപേക്ഷിച്ച് 7.2 ശതമാനം ഇടിവ് ലാഭത്തിലുണ്ടായി. വരുമാനം 14.40 ശതമാനം ഉയര്‍ന്ന് 79,093.4 കോടിയായി.
English Summary : Buy Back of Wipro Shares