ADVERTISEMENT

കേന്ദ്ര ഭരണകക്ഷിയുടെ കർണാടക തെരെഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മികച്ച മുന്നേറ്റത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണിക്ക് പിന്നീടുള്ള ദിവസങ്ങളിൽ തിരുത്തൽ നേരിട്ടു. മികച്ച പണപ്പെരുപ്പ കണക്കുകൾ ബാങ്കിങ് സെക്ടറിന് നൽകിയ പിന്തുണയും തിങ്കളാഴ്ച വിപണിക്ക് അനുകൂലമായെങ്കിൽ രാജ്യാന്തര വിപണി സമ്മർദ്ദങ്ങളും, വിദേശ ഫണ്ടുകൾ വാങ്ങലിന്റെ തോത് കുറച്ചതും, മുൻനിര ഓഹരികളിലെ ലാഭമെടുക്കലും തിരുത്തലിനും കാരണമായി. ഐടി സെക്ടറിനൊപ്പം റിയൽറ്റി സെക്ടറും കഴിഞ്ഞ ആഴ്ച 1%ൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ബാങ്കിങ്, സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും കഴിഞ്ഞ ആഴ്ച പോസിറ്റീവ് ക്ളോസിങ് നേടി. 

തിങ്കളാഴ്ച 18450 പോയിന്റ് കടന്നെങ്കിലും വെള്ളിയാഴ്ച 18060 പോയിന്റിലെത്തിയ നിഫ്റ്റി തിരിച്ചു കയറി 18200 പോയിന്റിന് മുകളിലാണ്  വ്യാപാരമവസാനിപ്പിച്ചത്. 18000 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 17770 പോയിന്റിലാണ് നിഫ്റ്റിയുടെ പ്രധാന പിന്തുണയെങ്കിൽ 18460 പോയിന്റിലാണ് നിഫ്റ്റിയുടെ അടുത്ത പ്രധാന കടമ്പ. 44000 പോയിന്റിന് സമീപം ബാങ്ക് നിഫ്റ്റി വില്പന സമ്മർദ്ദം നേരിടുമ്പോഴും, 28000 പോയിന്റിന് സമീപമുള്ള ഐടി സൂചിക കുതിപ്പിന് തയാറെടുക്കുന്നത് നിഫ്റ്റിക്ക് പ്രതീക്ഷയാണ്. വരുന്ന ആഴ്ചയിലെ വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് കൊച്ചിയിലെ ബഡ്സിങ് പോർട്‍‌ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.  

എഎം സാപ്രെ കമ്മിറ്റി റിപ്പോർട്ട്

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന്മേൽ  അന്വേഷണത്തിനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ഏഎം സപ്രെ കമ്മിറ്റിയുടെ വെള്ളിയാഴ്ച പുറത്ത് വന്ന റിപ്പോർട്ട് അദാനി ഓഹരികൾക്ക് മുന്നേറ്റം നൽകിയത് ഇന്ത്യൻ വിപണിക്കും അനുകൂലമായി. ഇത് വരെയുള്ള അന്വേഷങ്ങളിൽ നിന്നും ഓഹരി വില കൃത്രിമമായി ഉയർത്തിയതുമായി ബന്ധപ്പെട്ട് ‘ഭരണപരമായ പിഴവ്’ സംഭവിച്ചിട്ടുണ്ടോ എന്ന തീരുമാനത്തിൽ എത്താനാകില്ല എന്ന് റിപ്പോർട്ട് പറഞ്ഞതും തത്കാലം അദാനി ഓഹരികൾക്കും ഇന്ത്യ  വിപണിക്കും അനുകൂലമാണ്. 

Stock-market

നാല് വിദേശ ഫണ്ടുകളടക്കം ആറ് സ്ഥാപനങ്ങൾ ഹിന്ദൻബർഗ് റിപോർട് വരുന്നതിന് മുൻപ് തന്നെ അദാനി ഓഹരികളിന്മേൽ ഷോർട്ട് സെല്ലിങ് നടത്തിയിരുന്നു എന്ന സൂചനയും കേസ് അദാനിക്ക് അനുകൂലമായേക്കാം. 

അമേരിക്കൻ കടമെടുപ്പ് പരിധിയും വിപണിയും

അമേരിക്കയുടെ പരിധി കടന്ന കടമെടുപ്പിന് പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ വരുന്നതാണ് ലോക വിപണിയുടെയും അടുത്ത കടമ്പ. വ്യാഴാഴ്ച ജോ ബൈഡനുമായുള്ള ചർച്ചകൾക്ക് ശേഷം റിപ്പബ്ലിക്കൻ നേതാവ് കെവിൻ മക്കാർത്തി ഇരു പക്ഷവും തമ്മിൽ ധാരണയോടടുക്കുന്നു എന്ന സൂചന നൽകിയെങ്കിലും വെള്ളിയാഴ്ച റിപ്പബ്ലിക്കൻ പ്രതിനിധി ചർച്ചകളിൽ നിന്നും ഇറങ്ങിപ്പോയതും, ചർച്ചകൾ ഫലപ്രദമല്ലെന്ന് അഭിപ്രായപ്പെട്ടതും വിപണിക്കു തിരുത്തൽ നൽകി. 

ഞായറാഴ്ച വാഷിങ്ടണിൽ തിരികെയെത്തുന്ന അമേരിക്കൻ പ്രസിഡന്റ് അടുത്ത ആഴ്ചയോടെ പ്രതിപക്ഷവുമായി അഭിപ്രായ ഐക്യത്തിൽ എത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. എങ്കിലും അടുത്ത ആഴ്ചയിൽ അമേരിക്കൻ ഡെബ്റ്റ് സീലിങ് വാർത്തകൾ വിപണിയെ കൂടുതൽ സ്വാധീനിക്കുകയും ഇരുപക്ഷത്തിന്റെയും കൂടുതൽ ‘’കടുത്ത’’ തന്ത്രങ്ങൾ വിപണിയുടെ ചാഞ്ചാട്ടത്തിന് കാരണമാകുകയും ചെയ്തേക്കാം.  

ഫെഡ് നിരക്ക് വർധന

വെള്ളിയാഴ്ച ഫെഡ് റിസേർച് കോൺഫറൻസിൽ സംസാരിക്കവെ ഫെഡ് നിരക്ക് തുടർ വർധനയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നും, ബാങ്കുകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ വായ്പ നൽകുന്നതിൽ സ്വാഭാവികമായും വന്ന കുറവ് വിപണിയിൽ പണലഭ്യത സ്വാഭാവികമായും കുറക്കുന്നത് പണപ്പെരുപ്പം കുറച്ചേക്കാമെന്നും ഫെഡ് ചെയർമാൻ പ്രസ്താവിച്ചത് വിപണിക്ക് അനുകൂലമായി. ഫെഡ് നിരക്ക് വർദ്ധന ജൂണിലെ അടുത്ത യോഗത്തോടെ നിർത്തി വെച്ചേക്കാമെന്ന് ഫെഡ് ചെയർമാന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ വിപണി പ്രതീക്ഷിക്കുന്നു. ജൂൺ 13-14 തീയതികളിലാണ് അമേരിക്കൻ ഫെഡ് റിസേർവിന്റെ അടുത്ത യോഗം.  

stock3

അടുത്ത ആഴ്ച വിപണിയിൽ

ഫെഡ് റിസേർച് കോൺഫറൻസിൽ തിങ്കളാഴ്ച ജെയിംസ് ബല്ലാർഡ്, റാഫേൽ ബോസ്റ്റിക്കും സംസാരിക്കുന്നത് വിപണിക്ക് പ്രധാനമാണ്. വ്യാഴാഴ്ച അമേരിക്കൻ ജിഡിപി കണക്കുകളും, ജോബ് ഡേറ്റയും വെള്ളിയാഴ്ച പിസിഇ ഡേറ്റയും അമേരിക്കൻ വിപണിയെ സ്വാധീനിക്കും. 

ചൊവ്വാഴ്ച ജാപ്പനീസ്, ഫ്രഞ്ച്, ജർമൻ, ബ്രിട്ടീഷ്, യൂറോ സോൺ, അമേരിക്കൻ  പിഎംഐ ഡേറ്റകൾ ഏഷ്യൻ, യൂറോപ്യൻ, അമേരിക്കൻ  വിപണികൾക്കും പ്രധാനമാണ്. ബുധനാഴ്ച ബ്രിട്ടീഷ് പണപ്പെരുപ്പ കണക്കുകളും, വ്യാഴാഴ്ച ജർമൻ ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിയെ സ്വാധീനിക്കും.  

തിങ്കളാഴ്ച ചൈനയുടെ പുതിയ പ്രൈം റേറ്റ് നിശ്ചയിക്കപ്പെടുന്നത് ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്. വെള്ളിയാഴ്ച വരുന്ന ടോക്കിയോ പണപ്പെരുപ്പ കണക്കുകൾ ജാപ്പനീസ് വിപണിയെ സ്വാധീനിക്കുന്നത് ഏഷ്യൻ വിപണികൾക്കും പ്രധാനമാണ്. 

ഓഹരികളും സെക്ടറുകളും

∙എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, ഗെയിൽ, എൻടിപിസി, പവർ ഗ്രിഡ്, ആർഇസി, എച്ച്എഎൽ, ഐടിസി, ടാറ്റ മോട്ടോർസ്, എയർടെൽ, ട്യൂബ് ഇൻവെസ്റ്മെന്റ്സ്, സൊമാറ്റോ, ക്രോമ്പ്ടൺ ഗ്രീവ്സ്, എൽജി എക്വിപ്മെന്റ്സ്, രാംകോ സിമന്റ്സ്, ജെകെ ലക്ഷ്മി, നാരായണ ഹൃദയാലയ, റൂട്ട് മൊബൈൽ, സിയാറാം സിൽക്‌സ്, ആംബർ, പട്ടേൽ എൻജിനിയറിങ്, സ്കിപ്പർ, സൂര്യോദയ്‌ സ്‌മോൾ ഫിനാൻസ് മുതലായ കമ്പനികളും കഴിഞ്ഞ ആഴ്ച മികച്ച റിസൾട്ടുകൾ പ്രഖ്യാപിച്ചു.   

∙ജെഫെറീസ് അദാനി ഗ്രൂപ് ഓഹരികളിൽമേൽ ‘വിശ്വാസം’പ്രകടിപ്പിച്ചതും ഓഹരികൾക്ക് അനുകൂലമാണ്. ജെഫെറീസ് ഓരോ അദാനി ഓഹരികളിന്മേലും പ്രത്യേക പരാമർശം നടത്തിയതും വിദേശ ഫണ്ടുകൾ വീണ്ടും അദാനിയോടടുക്കുന്നതിന്റെ ലക്ഷണമാണ്. 

stock1

∙ഏഎം സപ്രെ റിപ്പോർട്ടിന്റെ പിന്തുണയിൽ അദാനി എന്റർപ്രൈസസ് വെള്ളിയാഴ്ച 3% മുന്നേറ്റം നേടി. ലോവർ സർക്യൂട്ടിലായിരുന്നു അദാനി ഗ്യാസ് വെള്ളിയാഴ്ച അപ്പർ സർക്യൂട്ട് നേടി.  

∙എസ്ബിഐ മുൻ വർഷത്തിൽ നിന്നും 83% വർദ്ധനവോടെ 16695 കോടി രൂപയുടെ അറ്റാദായം നാലാം പാദത്തിൽ സ്വന്തമാക്കി കിട്ടാക്കടാനുപാതവും മെച്ചപ്പെടുത്തി. 11.50 രൂപയുടെ ലാഭവിഹിതവും എസ്ബിഐ പ്രഖ്യാപിച്ചു. 

∙ഇൻഫോസിസ് ബ്രിട്ടീഷ് പെട്രോളിയത്തിന്റെ പ്രൈമറി അപ്ലിക്കേഷൻ സർവീസ് പാർട്ണറായി നിയമിതമായത് ഓഹരിക്കനുകൂലമാണ്.  1.5 ബില്യൺ ഡോളറിന്റെതാണ് കരാർ. ഓഹരി അടുത്ത കുതിപ്പിനുള്ള തയാറെടുപ്പിലാണ്. 

∙വെള്ളിയാഴ്ച ഇന്ത്യയിൽ ആദ്യമായി സസ്‌റ്റൈനബിൾ ഏവിയേഷൻ ഇന്ധനമുപയോഗിച്ച് യാത്ര വിമാനം പറത്തിയത് പ്രാജ് ഇൻഡസ്ട്രീസിനും ഇന്ത്യൻ ഓയിലിനും നേട്ടമാണ്. കൂടുതൽ വിമാനങ്ങൾ എസ്സ്ടിഎഫ് ഉപയോഗിക്കുന്നത് പ്രാജിന് ഇന്ഡസ്ട്രീസിന കൂടുതൽ നേട്ടം നൽകിയേക്കും. 

∙റെയിൽ വികാസ് നിഗം ലിമിറ്റഡ് നാഷണൽ ഹൈവേ ലോജിസ്റ്റിക്സ് മാനേജ്മന്റുമായും, മധ്യപ്രദേശ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷനുമായും സഹകരിച്ച് ഇന്ത്യയിലുടനീളം മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ നിർമിക്കുന്നത് ആർവിഎൻഎൽ ഓഹരിക്കനുകൂലമാണ്. 

∙രാംകോ സിമന്റ്സ് മികച്ച റിസൾട്ട് പ്രഖ്യാപിച്ചത് സിമന്റ് ഓഹരികൾക്കനുകൂലമാണ്. റിസൾട്ട് പ്രാധ്യാപിക്കാനിരിക്കുന്ന സെന്റ് ഓഹരികളിൽ വാങ്ങലിന് സാധ്യതയുണ്ട്. 

∙പരസ് ഡിഫൻസ് കേന്ദ്ര സർക്കാരിന് കീഴിലുള്ള സൊസൈറ്റി ഓഫ് അപ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് റിസർച്ചുമായി ചേർന്ന് ആന്റി ഡ്രോൺ സാങ്കേതികത വിദ്യ വികസിപ്പിക്കാനുമായി ധാരണ ഒപ്പിട്ടത് ഓഹരിക്കനുകൂലമാണ്. 

stock4

അടുത്ത ആഴ്ചയിലെ പ്രധാന റിസൾട്ടുകൾ

നാളെ ബിപിസിഎൽ, ശ്രീ സിമന്റ്, രാംകോ ഇൻഡസ്ട്രീസ്, എബിഎഫ്ആർഎൽ, ജിൻഡാൽ ഫോട്ടോ, പോളിസി ബസാർ, ഇന്ത്യബുൾ ഹൗസിങ്, ഫിനോലക്സ് ഇൻഡസ്ട്രീസ്, സെസ്‌ക്, എച്ച്ഇജി, എസ്ജെവിഎൻ, ധനലക്ഷ്മി ബാങ്ക്, റോളെക്‌സ്‌ റിങ്‌സ്, ബോറോസിൽ ലിമിറ്റഡ്, കാപ്രി ഗ്ലോബൽ മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

എൽഐസി, ഹിൻഡാൽകോ, ഓഎൻജിസി, ഓയിൽ ഇന്ത്യ, ഭെൽ, ബിഇഎംഎൽ, എം&എം, സൺ ഫാർമ, അശോക് ലെയ്ലാൻഡ്, അമരരാജാ, ആർവിഎൻഎൽ, ഐആർഎഫ്സി, ഇർകോൺ, ഐഇഎക്സ്, ഐഡിയ, കമ്മിൻസ്, ഗ്രാസിം, ഇന്ത്യ സിമന്റ്, ജെകെ സിമന്റ്, സീ, നൗക്രി മുതലായ കമ്പനികളും അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കുന്നു. 

ക്രൂഡ് ഓയിൽ

അമേരിക്കൻ ഡെറ്റ് സീലിങ് ചർച്ചകൾ അലസിയത് ക്രൂഡ് ഓയിലിന്റെയും നേട്ടങ്ങൾ നഷ്ടപ്പെടുത്തി. 77 ഡോളറിൽ നിന്നും 75 ഡോളറിലേക്കിറങ്ങിയ ബ്രെന്റ് ക്രൂഡ് ഓയിൽ അടുത്ത ആഴ്ചയിലും അമേരിക്കൻ കടമെടുപ്പ് പരിധി ചർച്ചകൾക്കൊപ്പം ചാഞ്ചാട്ടം നടത്തിയേക്കാം. നാച്ചുറൽ ഗ്യാസ് കഴിഞ്ഞ ആഴ്ചയിൽ മികച്ച മുന്നേറ്റം നടത്തി. 

സ്വർണം 

അമേരിക്കൻ ഡെറ്റ് സീലിങ് ചർച്ചകളുടെ വിജയ പ്രതീക്ഷയിൽ ബോണ്ട് യീൽഡ് മുന്നേറിയത് സ്വർണത്തിന് തിരുത്തൽ നൽകിയെങ്കിലും വെള്ളിയാഴ്ചത്തെ റിപ്പബ്ലിക്കൻ സമ്മർദ്ദ തന്ത്രം സ്വർണത്തിനും മുന്നേറ്റം നൽകി. 1979 ഡോളറിലാണ് വെള്ളിയാഴ്ച സ്വർണം വ്യാപാരം അവസാനിപ്പിച്ചത്.

വാട്സാപ് : 8606666722

English Summary : Stock Market Coming Week

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com