ഇതാ.. ബഫറ്റിന്റെ ഭാഗ്യം നിങ്ങൾക്കു മുന്നിൽ
Mail This Article
ഓഹരി നിക്ഷേപത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം എന്താണ്? ഓഹരിയിലൂടെ സമ്പത്ത് വാരിക്കൂട്ടിയ വാറൻ ബഫറ്റിനോട് ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ചോദിച്ചു, 1930കളിൽ യുഎസിൽ ജനിച്ചതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സത്യമാണ്. ഇതേ കഴിവോടെ ആഫ്രിക്കയിലാണു ജനിച്ചിരുന്നതെങ്കിൽ ലോകം അറിയുന്ന നിക്ഷേപ ഗുരുവായി അദ്ദേഹം വളരുമായിരുന്നില്ല.
എന്നാൽ, അതേ കാലഘട്ടത്തിൽ യുഎസിൽ ജനിച്ച എല്ലാവർക്കും ബഫറ്റിനെപ്പോലെ ആകാനും കഴിഞ്ഞില്ല എന്നതും യാഥാർഥ്യമാണ്. ശരിയായ സമയത്തു ശരിയായ സ്ഥലത്തു ജനിച്ചതിനാൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ സുവർണ കാലഘട്ടം മുതലാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ബഫറ്റിനു കിട്ടിയ ആ അവസരമാണ് നിങ്ങൾ ഓരോരുത്തരുടെയും മുന്നിൽ ഒരേപോലെയുള്ളത്. അടുത്ത രണ്ടു ദശകങ്ങൾ ഇന്ത്യയുടെ സുവർണ കാലഘട്ടമായിരിക്കുമെന്നാണു ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
2047 ഓടെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ, 40 ട്രില്യൺ ഡോളറായി വളരുമെന്നാണു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി പറയുന്നത്. ഐഎംഎഫിന്റെ 2022ലെ കണക്കുപ്രകാരം 3.40 ട്രില്യൺ ഡോളറിന്റേതാണ് നിലവിലുള്ള ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ (ജിഡിപി). യുഎസിന്റേത് 25 ട്രില്യൺ ഡോളറും. അതായത്, ഇപ്പോഴുള്ള യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ഒന്നര ഇരട്ടിയോളം വളർച്ച 24 വർഷംകൊണ്ടു രാജ്യം നേടുമെന്നു പ്രതീക്ഷിക്കാം. ഇന്ത്യയിൽ നിലവിലുള്ളതിന്റെ 13 ഇരട്ടിയോളം വളർച്ച. അടിസ്ഥാന സൗകര്യ വികസനത്തിലടക്കം കൈവരിച്ച നേട്ടം വളർച്ചയുടെ ആക്കം കൂട്ടും. സമ്പത്ത് സൃഷ്ടിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും ചുമതലയാണ്.
എന്നാൽ 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ 6% പേരാണ് ഓഹരിയിൽ നിക്ഷേപിക്കുന്നത്. അതിൽ തന്നെ ഭൂരിഭാഗവും ഹ്രസ്വകാല നിക്ഷേപവും ട്രേഡിങ്ങും നടത്തുന്നവരാണ്. സെബി കണക്കുകൾ പറയുന്നത് ഓഹരി ഇടപാടു നടത്തുന്നവരിൽ 89% വ്യക്തിഗത F&O ട്രേഡർമാരും സാമ്പത്തിക വർഷാവസാനം നഷ്ടത്തിലായിരിക്കുമെന്നാണ്. അതായത്, 11% പേരാണു നേട്ടമുണ്ടാക്കുന്നത്. ഇനി നിങ്ങൾ ഈ 11 ശതമാനത്തിൽ ഇടംപിടിച്ചുവെന്നു തന്നെ കരുതുക. ഒരു വർഷം നേടുന്ന ശരാശരി ലാഭം വെറും 1.5 ലക്ഷം രൂപ മാത്രം!. ഈ 11 ശതമാനത്തിൽ 6% പേർക്കും 2021-22ൽ നേടാനായത് 3,400 രൂപയുടെ തുച്ഛമായ ലാഭം മാത്രം. ഇന്ത്യൻ ജനസംഖ്യയിൽ 5–6% മാത്രം ഓഹരിയിൽ നിക്ഷേപിക്കുന്നു. അതിൽ 90% പേരും നഷ്ടം നേരിടുന്നു. അതായത്, രാജ്യത്തെ ഒരു ശതമാനം പേർ മാത്രമാണു നിക്ഷേപത്തിനുള്ള ഒരു ആസ്തി വിഭാഗമായി (asset class)ഓഹരിയെ ഉപയോഗിക്കുന്നത്.
ബിസിനസിൽ പങ്കാളികളാവാം
വാറൻ ബഫറ്റിനു ലഭിച്ച അപൂർവാവസരം ഇപ്പോൾ ഇന്ത്യയിൽ നിങ്ങൾക്കും ലഭിച്ചിരിക്കുന്നു. എങ്കിൽ, അതുപയോഗിച്ചു നിങ്ങൾക്ക് അദ്ദേഹത്തെപ്പോലെ സമ്പന്നനാകാൻ കഴിയുമോ? കഴിയും. പക്ഷേ, അതിന് ഓഹരികളിൽ നിക്ഷേപിച്ചാൽ പോര. ബഫറ്റ് ചെയ്തതുപോലെ നല്ല ബിസിനസുകളിൽ നിക്ഷേപിക്കണം. അതുതന്നെയാണ് എന്നും ബഫറ്റ് നൽകുന്ന ഉപദേശവും.
നിങ്ങളുടെ നാട്ടിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു ബിസിനസുണ്ടാകുമല്ലോ? അത് ചിലപ്പോൾ ഒരു സൂപ്പർ മാർക്കറ്റ് ആയിരിക്കും. അല്ലെങ്കിൽ റസ്റ്ററന്റോ ടെക്‌സ്‌റ്റൈൽ ഷോപ്പോ ആകാം. എപ്പോഴെങ്കിലും ആ ബിസിനസിൽ പങ്കാളിയാകുന്നതിനെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ? സഹകരിക്കാൻ അവസരം ലഭിച്ചാൽ എന്തായിരിക്കും പ്രതികരണം? ബുദ്ധിയുള്ളവർ ഇരുകയ്യും നീട്ടി സ്വീകരിക്കും.
ഒരിക്കലും കേട്ടിട്ടില്ലാത്ത കമ്പനികളുടെ ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനുപകരം, മികച്ച ബിസിനസുകളിൽ പങ്കാളിയാകാനുള്ള പ്ലാറ്റ്‌ഫോമായി സ്റ്റോക് മാർക്കറ്റിനെ ഉപയോഗിക്കാൻ സാധിക്കുമോ ? എങ്കിൽ അതോടെ ഇൻവെസ്റ്റ്‌മെന്റ് ടിപ്പുകൾ ചോദിച്ച് മറ്റുള്ളവരുടെ പിറകേ പോകുന്നത് നിങ്ങൾ നിർത്തും. കാരണം, നിക്ഷേപിക്കുന്ന കമ്പനികളുടെ മിക്ക ഉൽപന്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കാം.
ചാഞ്ചാട്ടങ്ങൾ സ്വാഭാവികം
നിക്ഷേപമായി ഒരു ഭൂമി വാങ്ങുന്നയാൾ ദിവസവും അതിന്റെ വില തിരക്കുമോ ? പിന്നെ എന്തിനാണ് ഓഹരികളിൽ മാത്രം ഈ അന്വേഷണം? ഒരു സ്ഥലത്തിന്റെ വില 10 ബ്രോക്കർമാരോടു ചോദിച്ചാൽ 10 ഉത്തരമാവും ലഭിക്കുക. എല്ലാ ആസ്തികളുടെ വിലയിലും ഈ ചാഞ്ചാട്ടം കാണാം. ഇവിടെ വില ചാഞ്ചാട്ടങ്ങൾ നിരീക്ഷിക്കാൻ ഓഹരി വിപണികളുടെ പ്ലാറ്റ്ഫോമുകളുണ്ട്. എളുപ്പം പണമാക്കി മാറ്റാനുള്ള അവസരം, വേഗത്തിലുള്ള ഇടപാട്, സുതാര്യത, ഭേദപ്പെട്ട നികുതിവ്യവസ്ഥകൾ എന്നിവയും ഓഹരി എന്ന നിക്ഷേപത്തിന്റെ മികവുകളാണ്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിച്ചാൽ മതി. ഓഹരിയെ ശരിയായി ഉപയോഗിക്കാൻ സാധിക്കുന്നവർക്കു സമ്പത്തു സൃഷ്ടിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല
ജൂലൈ ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്
English Summary: How You Can Obtain The Same Oppurtunity That Warren Buffett Enjoyed Earlier