ADVERTISEMENT

കുറച്ചുകാലമായി  ആഗോള രാഷ്ട്രീയ, സാമ്പത്തിക സംവാദങ്ങളുടെ കേന്ദ്ര ബിന്ദുവാണ് ഇന്ത്യ. ലോകത്തിലെ അതിവേഗം വളരുന്ന വന്‍ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ ബഹുമാനത്തോടെയാണ് കാണുന്നത്. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച് ഈ വര്‍ഷം ആഗോള ജിഡിപി വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയുടെ സംഭാവനയായിരിക്കും. ചൈനയില്‍ വളര്‍ച്ച ഗണ്യമായി  താഴോട്ടു പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ലോകം പ്രതീക്ഷയോടെ ഉറ്റു നോക്കുന്നത് ഇന്ത്യയെ ആണ്.  മറ്റു പല രാജ്യങ്ങളിലും ഏകാധിപത്യപരവും സ്ഥിരതയില്ലാത്തതുമായ രാഷ്ട്രീയ വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണ് എന്ന വസ്തുത നമ്മുടെ അന്തസ്് വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ നാലു ഡി കളായ  ഡെമോക്രസി, ഡെമോഗ്രഫി, ഡിജിറ്റല്‍ ലീഡര്‍ഷിപ്പ്, ഡൊമെസ്റ്റിക് ഉപഭോഗം നയിക്കുന്ന വളര്‍ച്ച എന്നിവയ്ക്ക് 2027–28 ഓടെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായും 2032 ഓടെ 8 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക ശക്തിയായും രാജ്യത്തെ മാറ്റാനുള്ള കഴിവുണ്ട്. 

നഷ്ടപ്പെടാനേറെ! മ്യൂച്ചൽ ഫണ്ടുകളിൽ നിന്നും വരുന്ന ഇ മെയിൽ വായിക്കാതെ വിടല്ലേ Read more ..

ഭാവിയിലും മുന്നോട്ട്

ഉയര്‍ന്നു വരുന്ന രാജ്യങ്ങളുടെ ശബ്ദവും പ്രതിരൂപവുമായി ഇന്ത്യ മാറിയത് രാജ്യത്തിനും അഭിമാനകരമാണ്. ഗുണപരമായ ഈ മാറ്റങ്ങള്‍ വിപണിയില്‍ എങ്ങനെയാണ് പ്രതിഫലിക്കുക എന്നു പരിശോധിക്കാം. ഇന്ത്യന്‍ ഓഹരി വിപണി രാജ്യത്തിനകത്തു നിന്നും ഇതര രാജ്യങ്ങളില്‍ നിന്നും പണം ആകര്‍ഷിക്കുന്നത് തുടരും. ഓഹരി നിക്ഷേപത്തെക്കുറിച്ചുള്ള അറിവ് വര്‍ധിക്കുകയും സമ്പാദ്യം മൂലധന വിപണിയില്‍ നിക്ഷേപിക്കുന്നതിന്റെ ഗുണങ്ങള്‍ മനസിലാവുകയും ചെയ്യുന്നതോടെ കൂടുതല്‍ ആഭ്യന്തര മൂലധനം വിപണിയിലേക്കു വരും. എന്നാല്‍ വിദേശ മൂലധനത്തിന്റെ വരവ് ഹ്രസ്വകാലത്തില്‍  യുഎസ് ബോണ്ട് യീല്‍ഡ്, ഡോളര്‍ സൂചിക, എക്‌സ്‌ചേഞ്ച് നിരക്ക് എന്നിവയെ ആശ്രയിച്ചിരിക്കും. എങ്കിലും ദീര്‍ഘകാലയളവില്‍ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് വന്‍തോതില്‍ ഒഴുകും. വികസ്വര വിപണികളില്‍ ഏറ്റവും മികച്ച വളര്‍ച്ചാ സാധ്യത ഇന്ത്യയ്ക്കാണ്.  

വിപണി വാല്യുവേഷന്‍ കൂടുതലാണെങ്കിലും അപകട നിലയിലല്ല. നല്ല വാര്‍ത്തകള്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നു വേണം കരുതാന്‍.  എന്നാല്‍ വിദൂര ഭാവിയിലെ സാധ്യതകള്‍ ഇപ്പോള്‍ വിപണിയില്‍ പ്രതിഫലിച്ചിട്ടില്ല. ഹ്രസ്വകാല വെല്ലുവിളികള്‍ വിപണിയില്‍ തിരുത്തലുകള്‍ ഉണ്ടാക്കാം. ഇന്ത്യയുടെ ഭാവി വളര്‍ച്ചാ സാധ്യതയില്‍ നിന്ന് നേട്ടം ഉണ്ടാവണമെങ്കില്‍  നിക്ഷേപകര്‍ വ്യവസ്ഥാപിതമായ നിക്ഷേപം തുടരുക തന്നെ വേണം.

ഇടത്തരം ചെറുകിട ഓഹരികളുടെ വാല്യുവേഷന്‍ കൂടുതലാണ്

ഹ്രസ്വകാല കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഇടത്തരം – ചെറുകിട, വന്‍കിട ഓഹരികളുടെ വാല്യുവേഷനിലെ വ്യത്യാസം ഉയര്‍ന്നതാണ്.  ദീര്‍ഘകാലാടിസ്ഥാനത്തില്‍ വന്‍കിട ഓഹരികളെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ചെറുകിട ഓഹരികള്‍ നടത്തുന്നത്  എന്നത് വസ്തുതയാണ്. എന്നാല്‍ ചെറുകിട ഓഹരികള്‍ക്കിപ്പോള്‍ വാല്യുവേഷന്‍  കൂടുതലാണ്. ഈ വര്‍ഷം മാര്‍ച്ചിലെ താഴ്ന്ന നിലയില്‍ നിന്ന് ഇടത്തരം ഓഹരികളും ചെറുകിട ഓഹരികളും യഥാക്രമം 38 ശതമാനം, 40 ശതമാനം വീതം ഉയര്‍ന്നിരിക്കുന്നു. നിഫ്റ്റിയാകട്ടെ മാര്‍ച്ചിലെ താഴ്ചയില്‍ നിന്ന് 15.2 ശതമാനം മാത്രമാണ് ഉയര്‍ന്നത്. ഈ മികച്ച പ്രകടനം ഇടത്തരം ചെറുകിട ഓഹരികളിലേക്ക് വന്‍തോതില്‍ മ്യൂച്വല്‍ഫണ്ട്  പ്രവാഹം സൃഷ്ടിക്കുകയും അവയുടെ വാല്യുവേഷന്‍ സാമാന്യ നിലവാരത്തില്‍ നിന്ന് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. ഈ ഉയര്‍ന്ന വാല്യുവേഷന്‍ നില നില്‍ക്കുന്നതല്ല. 

സുരക്ഷിതത്വം ഗുണനിലവാരമുള്ള വന്‍കിട ഓഹരികളില്‍

20000 ല്‍ നിഫ്റ്റി ട്രേഡിങ് നടക്കുമ്പോള്‍ വിപണിയിലെ പിഇ അനുപാതം 18.5 ആണ് (2025 സാമ്പത്തിക വര്‍ഷത്തിലെ നിഫ്റ്റി ലാഭത്തിന്റെ അടിസ്ഥാനത്തില്‍) ഈ വാല്യുവേഷന്‍ ഉയര്‍ന്നതായതുകൊണ്ട് വിപണിയില്‍ തിരുത്തല്‍ സാധ്യതയുണ്ട്.  ഇടത്തരം ചെറുകിട ഓഹരികളല്‍ തിരുത്തല്‍ ആഴമേറിയതായിരിക്കും. ഈ സാഹചര്യത്തില്‍ സുരക്ഷിതത്വം ഗുണനിലവാരമുള്ള വന്‍കിട ഓഹരികളിലാണ്.

ലേഖകൻ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്

English Summary : Share Market and Indian Growth Story

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com