യുദ്ധവും സമാധാനവും: ആഗോള–ആഭ്യന്തര വിപണികളിൽ ആശങ്ക അകലുന്നു?
Mail This Article
രാജ്യാന്തര വിപണി പിന്തുണയ്ക്കൊപ്പം ആഭ്യന്തര ഘടകങ്ങളും പിന്തുണച്ചപ്പോൾ കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യൻ വിപണി ഇസ്രായേൽ-ഹമാസ് യുദ്ധഭീതിയിലെ നഷ്ടം തിരിച്ചു പിടിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച 19425 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ‘ദീപാവലി’ വാരത്തിൽ 19800 പോയിന്റിനും മുകളിൽ വരെ ചെന്ന ശേഷം 19732 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് സെക്ടറിന്റെ വീഴ്ചയാണ് ഇന്ത്യൻ വിപണിയുടെ നേട്ടത്തിന്റെ തോത് കുറച്ചത്.
ടിസിഎസിന്റെ മികച്ച പിന്തുണയിൽ ഐടി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ അഞ്ച് ശതമാനത്തോളം നേട്ടം കുറിച്ചതാണ് ഇന്ത്യൻ വിപണിയുടെ കുതിപ്പിന് ആധാരമായത്. റിയൽറ്റി സെക്ടർ കഴിഞ്ഞ ആഴ്ചയിൽ വീണ്ടും 5% നേട്ടം കുറിച്ചപ്പോൾ നിഫ്റ്റി സ്‌മോൾ ക്യാപ് സെക്ടറും, പൊതു മേഖല ഓഹരികളും കഴിഞ്ഞ ആഴ്ചയിൽ 4%ൽ കൂടുതൽ നേട്ടമുണ്ടാക്കി. മെറ്റൽ, ഓട്ടോ സെക്ടറുകളും നിഫ്റ്റി മിഡ് ക്യാപ് സൂചികയും കഴിഞ്ഞ വാരത്തിൽ 3%ൽ കൂടുതൽ നേട്ടമുണ്ടാക്കി.
എസ്&പിയുടെ ഇന്ത്യൻ ജിഡിപി അനുമാനങ്ങൾ
അടുത്ത രണ്ട് സാമ്പത്തിക വർഷത്തിലും ഇന്ത്യൻ സമ്പദ്ഘടന 6-7.1% വരെ വളർച്ച തുടരുമെന്ന എസ്&പി ഗ്ലോബൽ റേറ്റിങ്ങിന്റെ അനുമാനം വിപണിക്കനുകൂലമാണ്. ആർബിഐയുടെ അടുത്ത സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച പ്രതീക്ഷ 6.5 ശതമാനമാണ്.
അടുത്ത വർഷം ഇന്ത്യൻ ബാങ്കുകളുടെ മോശം വായ്പകളുടെ എണ്ണം മൊത്തം വായ്പയുടെ 3-3.5% ആയി കുറയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രാജ്യാന്തര ബാങ്കിങ് ഏജൻസി ഇന്ത്യയിലെ ‘’അൺ സെക്യൂർഡ്’’ ലോണുകളുടെ എണ്ണത്തിലെ കുതിച്ചു ചാട്ടത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വെള്ളിയാഴ്ച തന്നെ ആർബിഐ പേഴ്സണൽ ലോണുകളിന്മേൽ കൂടുതൽ നിയന്ത്രണങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.
വ്യാപാരക്കമ്മി റെക്കോർഡ് ഉയരത്തിൽ
വിപണിയുടെ അനുമാനങ്ങളെല്ലാം തെറ്റിച്ചു കൊണ്ട് ഇന്ത്യയുടെ ഒക്ടോബറിലെ വ്യാപാരക്കമ്മി 31.46 ബില്യൺ അമേരിക്കൻ ഡോളറെന്ന റെക്കോർഡ് നിലയിലേക്ക് ഉയർന്നു. ഇന്ത്യയുടെ ഒക്ടോബറിലെ ആകെ കയറ്റുമതി 33.6 ബില്യൺ അമേരിക്കൻ ഡോളറിന്റേത് മാത്രമാണെങ്കിൽ ഇറക്കുമതി 65.03 ബില്യൺ ഡോളറിന്റേതായിരുന്നു. സെപ്റ്റംബറിൽ ഇന്ത്യയുടെ വ്യാപാരക്കമ്മി 19.37 ബില്യൺ ഡോളറിന്റേതും, 2022 ഒക്ടോബറിൽ 26.3 ബില്യൺ ഡോളറിന്റേതുമായിരുന്നെങ്കിൽ ഒക്ടോബറിലെ വിപണി അനുമാനം 20 ബില്യൺ ഡോളർ മാത്രമായിരുന്നു.
ഡോളർ വിലവർദ്ധനക്കൊപ്പം യുദ്ധഭീതിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനയും, സ്വർണം-ഇലക്ട്രോണിക്സ് ഇറക്കുമതികൾ വർദ്ധിച്ചതുമാണ് ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ ഇറക്കുമതിയിലെ വൻവർദ്ധനക്ക് കാരണമായത്. ഡോളറിനൊപ്പം ക്രൂഡ് ഓയിൽ വിലയും ക്രമപ്പെടുന്നത് വരും മാസങ്ങളിൽ ഇന്ത്യക്ക് അനുകൂലമാണെങ്കിലും സ്വർണത്തിന്റെയും, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെയും വർദ്ധിച്ചു വരുന്ന ഇറക്കുമതിയും, ചൈനയുമായുള്ള വ്യാപാരക്കമ്മിയുടെ തോത് വർദ്ധിക്കുന്നതും ഇന്ത്യ നിയന്ത്രിച്ചേ മതിയാവൂ.
മോർഗൻ സ്റ്റാൻലി
മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷനലിന്റെ (MSCI Standard) സൂചികയിൽ ഉൾപ്പെടുത്തിയത് ഇൻഡസ് ഇന്‍ഡ് ബാങ്ക്, സുസ്‌ലോൺ, പേ ടിഎം, ടാറ്റ മോട്ടോഴ്‌സ് ഡിവിആർ മുതലായ ഓഹരികൾക്ക് അനുകൂലമാണ്. എപിഎൽ അപ്പോളോ ട്യൂബ്സ്, ലോധ, പെർസിസ്റ്റന്റ് സിസ്റ്റംസ്, പോളി ക്യാബ്‌സ്, ടാറ്റ കമ്മ്യൂണിക്കേഷൻസ് മുതലായ ഓഹരികളെ MSCI ഇന്ത്യ ഇൻഡക്സിലും ഉൾപ്പെടുത്തി. MSCI ഇന്ത്യ സ്‌മോൾക്യാപ് സൂചികയിലാണിവ പുതുതായി ചേർത്തത്.
നവംബർ മുപ്പതിനോടടുപ്പിച്ചാണ് ഓഹരി നിലകളിൽ മോർഗൻ സ്റ്റാൻലി മാറ്റങ്ങൾ വരുത്തുക. റീബാലൻസിങ് പിന്തുണയിൽ ഒന്നര ബില്യൺ ഡോളറോളം ഇന്ത്യൻ വിപണിയിലേക്ക് ഒഴുകുമെന്നും പ്രതീക്ഷിക്കുന്നു. ഇതോടെ ഇന്ത്യയിൽ നിന്നും MSCI സൂചികകളിലെ ഇന്ത്യൻ സാന്നിധ്യം 161 ഓഹരികളിലേക്കും വെയിറ്റേജ് 16.3%ലേക്കും ഉയർന്നു.
ഫെഡ് ഭയം അകലുന്നു
അമേരിക്കയുടെ പണപ്പെരുപ്പം മുൻമാസത്തിൽ നിന്നും വളർച്ച കുറിക്കാതിരുന്നതും (0.0%), മുൻ വർഷത്തിൽ നിന്നും വിപണി അനുമാനത്തിനും താഴെ മാത്രം വളർച്ച കുറിച്ചതും ഫെഡ് ഡിസംബറിലും നിരക്ക് വർദ്ധന നടത്തില്ല എന്നും 2024ൽ ഫെഡ് പലിശ നിരക്കിൽ കുറവ് വരുത്തിയേക്കുമെന്നുമുള്ള ധാരണ പടർന്നതും കഴിഞ്ഞ ആഴ്ചയിൽ ലോക വിപണിയുടെ തന്നെ ‘ഗതിമാറ്റ’ത്തിന് വഴി വെച്ചു. നാസ്ഡാക്കും, എസ്&പിയും കഴിഞ്ഞ ആഴ്ചയിൽ രണ്ടര ശതമാനത്തിൽ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ ജർമനിയുടെ ഡാക്സ് സൂചിക 4%ൽ കൂടുതലും, ഫ്രാൻസിന്റെ കാക് സൂചികയും, ജപ്പാന്റെ നിക്കി സൂചികയും, ഡൗ ജോൺസും 2%ൽ കൂടുതലും മുന്നേറ്റം കഴിഞ്ഞ ആഴ്ചയിൽ സ്വന്തമാക്കി.
ഫെഡ് അംഗങ്ങളുടെ അഭിപ്രായപ്രകടനകൾക്കൊപ്പം ഫെഡ് മിനുട്സും അടുത്ത ആഴ്ചയിൽ ലോക വിപണിയുടെ ഗതി നിർണയിക്കും. താങ്ക്സ് ഗിവിങ് ഡേ ആലസ്യങ്ങളും അടുത്ത ആഴ്ചയിൽ അമേരിക്കൻ വിപണിയിൽ പ്രകടമായേക്കാം. ഡിസംബർ 12-13 തീയതികളിലും, ജനുവരി 25-26 തീയതികളിലുമാണ് അമേരിക്കൻ ഫെഡ് റിസർവിന്റെ അടുത്ത യോഗങ്ങൾ.
രാജ്യാന്തര വിപണിയിൽ അടുത്ത ആഴ്ച
വ്യാഴാഴ്ച മുഴുവനായും, വെള്ളിയാഴ്ച ഭാഗികമായും ക്രിസ്മസ് മാസത്തിന് മുന്നോടിയായുള്ള ‘’താങ്ക്സ് ഗിവിങ്’’ അവധിയാചരിക്കുന്ന അമേരിക്കൻ വിപണിക്ക് ബുധനാഴ്ച വരാനിരിക്കുന്ന കഴിഞ്ഞ ഫെഡ് യോഗത്തിന്റെ മിനുട്സ് വളരെ പ്രധാനമാണ്. ബുധനാഴ്ച തന്നെയാണ് അമേരിക്കയുടെ ജോബ് ഡേറ്റയും പുറത്ത് വരുന്നത്.
തിങ്കളാഴ്ച വരുന്ന ജർമൻ പിപിഐ ഡേറ്റയും, വെള്ളിയാഴ്ച വരാനിരിക്കുന്ന ജർമൻ ജിഡിപി കണക്കുകളും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്. അടുത്ത ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും യൂറോപ്യൻ കേന്ര ബാങ്ക് അംഗങ്ങൾ പ്രസംഗിക്കാൻ എത്തുന്നതും, വെള്ളിയാഴ്ച ഇസിബി പ്രസിഡന്റ് നേരിട്ടെത്തുന്നതും യൂറോപ്യൻ വിപണിക്കും പ്രധാനമാണ്.
തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന ചൈനയുടെ പ്രൈം ലെൻഡിങ് നിരക്കുകൾ ഏഷ്യൻ വിപണിക്ക് പ്രധാനമാണ്. വെള്ളിയാഴ്ച വരുന്ന ജാപ്പനീസ് പണപ്പെരുപ്പ കണക്കുകളും അടുത്ത ആഴ്ച ഏഷ്യൻ വിപണിക്ക് പ്രധാനമാണ്.
ഓഹരികളും സെക്ടറുകളും
∙ബാങ്കുകളുടെ പേഴ്സണൽ വായ്പകളുടെ റിസ്ക് വെയിറ്റേജ് വർദ്ധിപ്പിച്ച ആർബിഐയുടെ നടപടി വെള്ളിയാഴ്ച ബാങ്കിങ് ഓഹരികളിൽ വില്പനക്ക് വഴിവെച്ചു. ഇതോടെ പേഴ്സണൽ വായ്പ ചെലവ് വർദ്ധിക്കുന്നത് ബാങ്കിങ് വരുമാനത്തെയും ബാധിച്ചേക്കാം. ബാങ്കിങ് ഓഹരികളിലെ തിരുത്തൽ അവസരമാണ്.
∙അമേരിക്കയുടെ പലിശനിരക്കു വർധനക്കുള്ള സാധ്യത കുറയ്ക്കുന്നത് യുഎസ് ടെക്ക് ഓഹരികൾക്കൊപ്പം ഇന്ത്യൻ ഐടി ഓഹരികൾക്കും അനുകൂലമാണ്. ഇന്ത്യൻ ഐടി സെക്ടർ കഴിഞ്ഞ ആഴ്ച 5% മുന്നേറ്റം സ്വന്തമാക്കി. ദീർഘകാല നിക്ഷേപകർക്ക് മുൻനിര ഐടി ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാവുന്നതാണ്.
∙ടിസിഎസ്സിന്റെ 17000 കോടി രൂപയുടെ ബൈബാക്കിനുള്ള റെക്കോർഡ് തീയതി നവംബർ 25 ആയി നിജപ്പെടുത്തിയത് വ്യാഴാഴ്ച ടിസിഎസിൽ വാങ്ങൽ കൊണ്ട് വന്നു. ഇൻഫോസിസ് 4150 രൂപ നിരക്കിൽ 17000 കോടി രൂപയുടെ ഓഹരികളാണ് ഇത്തവണ തിരികെ വാങ്ങുന്നത്.
∙ടാറ്റ ടെക്‌നോളജീസിന്റെ ഐപിഓയുടെ ഓരോ ഘട്ടങ്ങളും ‘വിജയകരമായി’ പിന്നിടുന്നത് കമ്പനിയുടെ 70%ൽ അധികം ഓഹരി കൈയാളുന്ന ടാറ്റ മോട്ടോഴ്സിന്റെ ഓഹരിക്കും മുന്നേറ്റം നൽകും. ടാറ്റ മോട്ടോഴ്‌സ് ഇനിയും നിക്ഷേപത്തിന് പരിഗണിക്കാം.
∙ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസിന്റെ അടുത്ത ആഴ്ചയിലെ ഐപിഓ വിജയം മാതൃകമ്പനിയായ ഫെഡറൽ ബാങ്കിനും അനുകൂലമായേക്കാം. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
∙രണ്ട് പെട്രോ കെമിക്കൽ പ്ലാന്റുകൾക്കായി ഒരു ലക്ഷം കോടിയിലേറെ രൂപ മാറ്റിവെച്ച ഓഎൻജിസി 2030-ഓടെ പെട്രോകെമിക്കൽ ശേഷി ഒൻപത് ദശലക്ഷം ടൺ ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഓഎൻജിസി അടുത്ത തിരുത്തലിൽ നിക്ഷേപത്തിന് പരിഗണിക്കാം.
∙ടിവിഎസ് മോട്ടോഴ്‌സ് യൂറോപ്പിലെ വിഖ്യാതരായ ഓട്ടോമൊബൈൽ ഇറക്കുമതി കമ്പനിയുമായി കരാറിലേർപ്പെട്ടത് ഓഹരിക്ക് കുതിപ്പ് നൽകി. വെള്ളിയാഴ്ച 4% മുന്നേറ്റം നേടിയ ടിവിസ് മോട്ടോഴ്‌സ് കഴിഞ്ഞ ആറു മാസം കൊണ്ട് 40%ൽ ഏറെ നേട്ടമാണ് ഉണ്ടാക്കിയത്.
∙കർണാടകയിലെ കെനിയിൽ പുതിയ തുറമുഖത്തിനായി അനുമതിപത്രം ലഭിച്ചത് ഒക്ടോബർ മൂന്നിന് ലിസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യയിലെ രണ്ടാമത്തെ പോർട്ട് ഓപ്പറേറ്റിങ് കമ്പനിയായ ജെഎസ്ഡബ്ലിയു ഇൻഫ്രാസ്ട്രക്ച്ചറിന് ഏറ്റവും ഉയരം നൽകി. ഓഹരി ദീർഘകാല നിക്ഷേപത്തിന് പരിഗണിക്കാം.
പുതിയ കരാർ നേട്ടം എസ്ജെവിഎൻ ഓഹരിക്ക് അനുകൂലമാണ്. ഓഹരി ദീർഘ അകാല നിക്ഷേപത്തിന് പരിഗണിക്കാം.
∙മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റെനാഷണലിന്റെ MSCIസ്റ്റാൻഡേർഡ് ഉള്‍പ്പെടുത്തപ്പെട്ടതിനെ തുടർന്ന് റെക്കോർഡ് നിരക്കിലേക്ക് കുതിച്ചെത്തിയ സുസ്‌ലോൺ എനർജി അതി ദീര്ഘകാല നിക്ഷേപത്തിന് ഇനിയും പരിഗണിക്കാം.
ക്രൂഡ് ഓയിൽ
കഴിഞ്ഞ ആഴ്ചയിൽ ലാഭമെടുക്കലിൽ വീണ ബ്രെന്റ് ക്രൂഡ് ഓയിൽ വെള്ളിയാഴ്ച 4% തിരിച്ചു കയറി 80 ഡോളറിന് മുകളിൽ വ്യാപാരം അവസാനിപ്പിച്ചു. എങ്കിലും ആഴ്ചനഷ്ടമൊഴിവാക്കാനാകാതെ പോയ ക്രൂഡ് ഓയിൽ തുടർച്ചയായ നാലാമത്തെ ആഴ്ചയിലും നഷ്ടം കുറിച്ചു. ഡോളറിലെ തിരുത്തലും ക്രൂഡ് ഓയിലിന് വെള്ളിയാഴ്ച അനുകൂലമായി.
സ്വർണം
ഡോളറും ബോണ്ട് യീൽഡും വീണത് രാജ്യാന്തര സ്വർണ വിലക്ക് കഴിഞ്ഞ ആഴ്ചയിൽ പിന്തുണ നൽകി. കഴിഞ്ഞ ആഴ്ചയിൽ രണ്ട് ശതമാനം നേട്ടമുണ്ടാക്കിയ സ്വർണം 1983 ഡോളറിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയുടെ 10 വർഷ ബോണ്ട് യീൽഡ് 4.44%ലാണ് ക്ളോസ് ചെയ്തത്.
ഐപിഓ
കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏജൻസി (ഐആർഇഡിഎ)യുടെ ഐപിഓ നവംബർ 21 മുതൽ ആരംഭിക്കുന്നു. ഐപിഓ വിലയായ 30-32 രൂപ നിരക്കിൽ 403.16 ദശലക്ഷം ഓഹരികളാണ് കേന്ദ്രസർക്കാർ വിറ്റഴിക്കുന്നത്. ഐപിഓ നിക്ഷേപത്തിന് പരിഗണിക്കാം.
വിപണി ഏറെ കാത്തിരുന്ന ടാറ്റ ടെക്‌നോളജീസ് ഐപിഓയും അടുത്ത ആഴ്ച ആരംഭിക്കുന്നു. നവംബർ 22-ന് ആരംഭിക്കുന്ന ഐപിഓ 24-ന് അവസാനിക്കുന്നു. ടാറ്റ ടെക്‌നോളജീസിന്റെ ഐപിഓ വില 475-500 രൂപയാണ്. ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.
ഫെഡറൽ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്-ബാങ്ക് ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓയും ബുധനാഴ്ച തന്നെ ആരംഭിച്ച് നവംബർ 24ന് വെള്ളിയാഴ്ച അവസാനിക്കുന്നു.
ഗാന്ധർ ഓയിൽ റിഫൈനറിയുടെ ഐപിഓയും ബുധനാഴ്ച തന്നെ ആരംഭിച്ച് നവംബർ 24ന് വെള്ളിയാഴ്ച അവസാനിക്കുന്നു.
ഇന്ത്യൻ ഇവി സ്‌കൂട്ടർ വിപണിയുടെ 35% കൈയാളുന്ന ഓല ഇലക്ട്രിക് ‘’പബ്ലിക് ലിമിറ്റഡ്’’ കമ്പനിയായി രൂപാന്തരം പ്രാപിച്ചു. ഐപിഓക്ക് തയാറെടുക്കുന്ന കമ്പനി ബാറ്ററി മേഖലയിൽ കേന്ദ്രസർക്കാരിന്റെ പിൽഐ സ്‌കീമിൽ തെരെഞ്ഞെടുക്കപ്പെട്ട കമ്പനി കൂടിയാണ്.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക