വിപണിയിൽ മികച്ച മുന്നേറ്റം
Mail This Article
രാജ്യാന്തര വിപണി പിന്തുണയിൽ ഇന്ന് വ്യാപാരമാരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറ്റം തുടർന്ന് മികച്ച ക്ളോസിങ് നടത്തി. ഇന്ന് നേട്ടത്തോടെ തുടങ്ങിയ മറ്റ് ഏഷ്യൻ വിപണികളും മിക്സഡ് ക്ളോസിങ് നടത്തിയതിന് പിന്നാലെ യൂറോപ്യൻ വിപണികളും മിക്സഡ് തുടക്കമാണ് നേടിയത്. ബോണ്ട് യീൽഡ് വീണത് അമേരിക്കൻ വിപണിക്ക് ഇന്നലെ നൽകിയ മുന്നേറ്റമാണ് ഇന്ന് ഏഷ്യൻ യൂറോപ്യൻ വിപണികൾക്കും അനുകൂല തുടക്കം നൽകിയത്.
റിലയൻസും, അദാനിയും, എച്ച്ഡിഎഫ്സി ബാങ്കും, ബജാജ് ഇരട്ടകളുമാണ് ഇന്ത്യൻ വിപണിയെ ഇന്ന് മുന്നിൽ നിന്നും നയിച്ചത്. ഇന്ന് ഫെഡ് മിനുട്സ് വരാനിരിക്കെ നാസ്ഡാകിൽ വില്പന സമ്മർദ്ധം ഭയന്ന് ഇന്ത്യൻ ഐടി സെക്ടറിലും ലാഭമെടുക്കൽ വന്നതാണ് അവസാന മണിക്കൂറിൽ ഇന്ത്യൻ വിപണിക്ക് മുന്നേറ്റം നിഷേധിച്ചത്. ഐടിക്കൊപ്പം പൊതുമേഖല ബാങ്കുകളും ഇന്ന് നഷ്ടം കുറിച്ചപ്പോൾ മെറ്റൽ, റിയൽറ്റി സെക്ടറുകൾ 1%ൽ കൂടുതൽ മുന്നേറ്റം നേടി.
നിഫ്റ്റി & ബാങ്ക് നിഫ്റ്റി
ഇന്ന് 19770 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 19829 പോയിന്റ് വരെ മുന്നേറി 19783 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 19730 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 19670 പോയിന്റിലും തുടർന്ന് 19620 പോയിന്റിലുമാണ് നിഫ്റ്റിയുടെ ആദ്യ പിന്തുണകൾ. നിഫ്റ്റിയുടെ ആദ്യ റെസിസ്റ്റൻസുകൾ 19840 പോയിന്റിലും 19900 പോയിന്റിലുമാണ്.
ഇന്നലത്തെ ക്ലോസിങ്ങിന് സമീപം വരെ വീണ ബാങ്ക് നിഫ്റ്റി 43800 പോയിന്റ് കടക്കാനാകാതെ 43689 പോയിന്റിലാണ് ക്ളോസ് ചെയ്തത്. എച്ഡിഎഫ്സി ബാങ്കും, ഐസിഐസിഐ ബാങ്കും, ആക്സിസ് ബാങ്കും മുന്നേറ്റം നേടിയതാണ് ബാങ്ക് നിഫ്റ്റിക്ക് അനുകൂലമായത്. 43500 പോയിന്റിലും, 43300 പോയിന്റിലും പിന്തുണകൾ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 43800 പോയിന്റ് പിന്നിട്ടാൽ 44000 പോയിന്റിലും തുടർന്ന് 44250 പോയിന്റിലും വില്പനസമ്മർദ്ദവും നേരിട്ടേക്കാം.
ഫെഡ് മിനുട്സ് ഇന്ന്
ഫെഡ് റിസർവിന്റെ കഴിഞ്ഞ യോഗത്തിന്റെ മിനുട്സ് ഇന്ന് വരാനിരിക്കെ ഡോളറും, ബോണ്ട് യീൽഡും താഴേക്കിറങ്ങിയത് ഇന്നലെയും അമേരിക്കൻ വിപണിക്ക് മുന്നേറ്റം നൽകി. അമേരിക്കൻ ബോണ്ട് യീൽഡ് 4.40%ലേക്കിറങ്ങിയപ്പോൾ നാസ്ഡാക് ഇന്നലെ 1%ൽ കൂടുതൽ മുന്നേറ്റം നേടി. ചാറ്റ്ജിപിടിയുടെ സ്ഥാപകൻ സാം ആൾട്മാൻ കൂടെ ചേർന്നത് മൈക്രോസോഫ്റ്റിന് മുന്നേറ്റം നൽകിയതാണ് ഇന്നലെത്തെ അമേരിക്കൻ ടെക്ക് കുതിപ്പിന് അടിത്തറയിട്ടത്.
നിരക്ക് വർദ്ധനവിനെക്കുറിച്ചുള്ള ഫെഡ് അംഗങ്ങളുടെ യഥാർത്ഥ ചിന്ത മനസിലാക്കാനായി നാളെ പുറത്ത് വരുന്ന കഴിഞ്ഞ ഫെഡ് റിസേർവ് യോഗത്തിന്റെ മിനുട്സ് കാത്തിരിക്കുകയാണ് ലോക വിപണി. ഫെഡ് റിസേർവ് ഇനിയും നിരക്ക് വർദ്ധനക്ക് മുതിർന്നേക്കില്ല എന്ന പൊതു ധാരണക്ക് പിന്തുണ നൽകുന്ന അഭിപ്രായങ്ങൾക്ക് തന്നെയാകും ഫെഡ് അംഗങ്ങളുടേതും എന്നാണ് വിപണിയുടെ പ്രതീക്ഷ. വ്യാഴാഴ്ച താങ്ക്സ് ഗിവിങ് അവധിയിലായിരിക്കുന്ന അമേരിക്കൻ വിപണി വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ പ്രമാണിച്ച് പാതി ദിവസം മാത്രമേ പ്രവർത്തിക്കൂ എന്നതും കണക്കിലെടുത്ത് അമേരിക്കൻ വിപണിയിൽ ലാഭമെടുക്കലിനുള്ള സാധ്യതയും കൂടുതലാണ്.
ക്രൂഡ് ഓയിൽ
ഒപെക് പ്ലസ് യോഗം കൂടുതൽ ഉല്പാദനനിയന്ത്രണം കൊണ്ട് വരാനുള്ള സാധ്യത ക്രൂഡ് ഓയിലിന് അനുകൂലമാണെങ്കിലും നാളെ ഫെഡ് മിനുട്സ് വരുന്നത് വരെ ക്രൂഡ് ഓയിൽ വിലയിലും ചാഞ്ചാട്ടങ്ങൾ പ്രതീക്ഷിക്കുന്നു. ഏഷ്യൻ വിപണി സമയത്ത് ബ്രെന്റ് ക്രൂഡ് ഓയിൽ വില 81 ഡോളറിലാണ് വ്യാപാരം തുടരുന്നത്.
സ്വർണം
ബോണ്ട് യീൽഡ് വീണ്ടും വീണത് ഇന്നലെ സ്വർണ വിലയിലും മുന്നേറ്റത്തിന് കാരണമായി. ഇന്നലെ 1980 ഡോളറിൽ ക്ളോസ് ചെയ്ത രാജ്യാന്തര സ്വർണവില ഇന്ന് ഏഷ്യൻ വിപണി സമയത്ത് 1996 ഡോളർ വരെ മുന്നേറിയ ശേഷം 1988 ഡോളറിലാണ് തുടരുന്നത്. ഫെഡ് മിനുട്സിന് മുൻപായി ഡോളറിൽ വരുന്ന ഉയർച്ച-താഴ്ചകൾ സ്വർണത്തിലും പ്രതിഫലിക്കും.
ഐപിഓ
വിപണി ഏറെ കാത്തിരുന്ന ടാറ്റ ടെക്‌നോളജീസിന്റെ നാളെ ആരംഭിക്കുന്ന ഐപിഓ നവംബർ 24-ന് വെള്ളിയാഴ്ച അവസാനിക്കുന്നു. ടാറ്റ ടെക്‌നോളജീസിന്റെ ഐപിഓ വില 475-500 രൂപയാണ്. 370 രൂപ ഗ്രേ മാർക്കറ്റ് പ്രീമിയമുള്ള ഓഹരി നിക്ഷേപത്തിന് പരിഗണിക്കാം.
ഫെഡറൽ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ്-ബാങ്ക് ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഓയും നാളെ തന്നെ ആരംഭിച്ച് നവംബർ 24ന് വെള്ളിയാഴ്ച അവസാനിക്കുന്നു. 133-140/- രൂപ നിരക്കിൽ 1067-1092 കോടി രൂപയാണ് ഫെഡറൽ ബാങ്കിന്റെ എൻബിഎഫ്സി ഐപിഓയിലൂടെ സമാഹരിക്കുന്നത്.
പേന നിർമാതാക്കളായ ഫ്ലെയർ റൈറ്റിങ് ഇൻസ്ട്രമെന്റ്സിന്റെ ഐപിഓയും നാളെ ആരംഭിക്കുന്നു. ഓഹരി വില 288-304 രൂപ.
ഗാന്ധർ ഓയിൽ റിഫൈനറിയുടെ ഐപിഓയും നാളെ തന്നെ ആരംഭിച്ച് നവംബർ 24ന് വെള്ളിയാഴ്ച അവസാനിക്കുന്നു. ഐപിഓ വില 160-169 രൂപ.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക