എല്‍ഐസിക്ക് ഓഹരി വിപണി പണം കായ്ക്കുന്ന മരം!
Mail This Article
എല്‍ഐസി...ഇന്ത്യയിലെ മുക്കിലും മൂലയിലും വരെ സുപരിചിതമാണ് ഈ പൊതുമേഖല കമ്പനി. ഇപ്പോഴും പലര്‍ക്കും ഇന്‍ഷുറന്‍സ് എന്നാല്‍ എല്‍ഐസി മാത്രമാണ്. 1956ല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ആക്റ്റ് പാസാക്കിയതിന്റെ പിന്നാലെ അതേ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്നതാണ് എല്‍ഐസി. ഇന്‍ഷുറന്‍സ് മേഖലയുടെ ദേശസാല്‍ക്കരണമാണ് എല്‍ഐസിയുടെ പിറവിയിലേക്ക് എത്തിച്ചത്. ആ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സ്ഥാപനമാണ് ഇന്നെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനപ്പുറം രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ സ്ഥാപനങ്ങളിലൊന്ന് കൂടിയാണ് എല്‍ഐസി.
പണം വാരുന്നു
2023ല്‍ ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസി നേടിയ ലാഭം 2.28 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന 260 കമ്പനികളില്‍ എല്‍ഐസിക്ക് നിക്ഷേപമുണ്ട്. 2022 ഡിസംബറിലെ കണക്കനുസരിച്ച് ഇത് 9.61 ലക്ഷം കോടി രൂപയോളം വരും. എന്നാല്‍ ഇപ്പോള്‍ എല്‍ഐസിക്ക് വിവിധ കമ്പനികളിലുള്ള ഓഹരികളുടെ മൂല്യം 11.89 ലക്ഷം കോടി രൂപ വരുമെന്ന് കണക്കുകള്‍ പറയുന്നു.
2023 മാര്‍ച്ചില്‍ 52 ആഴ്ച്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് നിഫ്റ്റി കൂപ്പുകുത്തിയെങ്കിലും അതിന് ശേഷം 28 ശതമാനം വളര്‍ച്ചയാണുണ്ടായത്. ഡിസംബറില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയായ 21593 തലത്തിലേക്കും സൂചിക എത്തി. ഇതിന്റെ ഫലം എല്‍ഐസിയുടെ നിക്ഷേപത്തിലും കണ്ടു. നിഫ്റ്റി50 സൂചികയിലെ 40 ഓഹരികളും 2023ല്‍ ഇരട്ടയക്ക നേട്ടമാണ് നല്‍കിയത്. ചില ഓഹരികള്‍ 86 ശതമാനം വരെ റിട്ടേണ്‍ നല്‍കി.
നേട്ടം നല്‍കിയവര്‍
അടിസ്ഥാനസൗകര്യ മേഖലയിലെ ഭീമന്‍ കമ്പനിയായ എല്‍ ആന്‍ഡ് ടി, കോള്‍ ഇന്ത്യ, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ്, സുസ് ലോണ്‍ എനര്‍ജി, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് എന്നീ കമ്പനികളിലെ നിക്ഷേപമാണ് എല്‍ഐസിക്ക് ഏറ്റവും കൂടുതല്‍ നേട്ടം നല്‍കിയത്.
എന്‍ടിപിസിയിലെ എല്‍ഐസി ഓഹരികളുടെ വിപണിമൂല്യത്തില്‍ 2,400 കോടി രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 86 ശതമാനത്തോളം നേട്ടമാണ് ഇത് നല്‍കിയത്. പൊതുമേഖല കമ്പനികളില്‍ മിന്നും പ്രകടനം നടത്തിയ ഓഹരിയായിരുന്നു എന്‍ടിപിസി. ഇന്‍ഷുറന്‍സ് ഭീമന് മികച്ച നേട്ടം നല്‍കിയ മറ്റൊരു കമ്പനി കോള്‍ ഇന്ത്യയാണ്. അതും പൊതുമേഖല സ്ഥാപനം തന്നെ. കോള്‍ ഇന്ത്യയിലുള്ള എല്‍ഐസി ഓഹരിയുടെ മൂല്യം 58 ശതമാനമാണ് ഉയര്‍ന്ന് 24,087 കോടി രൂപയിലേക്കെത്തിയത്.
2023ല്‍ എല്‍ ആന്‍ഡ് ടിയുടെ ഓഹരിവിലയിലുണ്ടായത് 67 ശതമാനം വര്‍ധനയാണ്. ഇത് എല്‍ഐസിയുടെ പോക്കറ്റില്‍ കോടികളെത്തിച്ചു. കമ്പനിയില്‍ എല്‍ഐസിക്കുള്ള ഓഹരികളുടെ മൂല്യം 46 ശതമാനം ഉയര്‍ന്ന് 52786 കോടി രൂപയിലേക്കെത്തി. ടാറ്റയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ ചീറിപ്പായാന്‍ തുടങ്ങിയതോടെ എല്‍ഐസിയും സന്തോഷത്തിലായി. സ്വകാര്യ കമ്പനിയായ ടാറ്റ മോട്ടോഴ്‌സില്‍ എല്‍ഐസിക്കുള്ള ഓഹരികളുടെ മൂല്യത്തില്‍ ഇരട്ടിവര്‍ധനവാണുണ്ടായത്, 13519 കോടി രൂപയിലേക്കാണ് മൂല്യമെത്തിയത്. ടാറ്റ മോട്ടോഴ്‌സ് ഓഹരിയാകട്ടെ 2023ല്‍ 83 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്.
ഞെട്ടിച്ച് സുസ് ലോണും ബിഎസ്ഇയും
എല്‍ഐസി ഓഹരി കൈവശം വച്ചിരിക്കുന്ന 21ഓളം സ്‌റ്റോക്കുകള്‍ 2023ല്‍ മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയിട്ടുണ്ട്. അതില്‍ ബിഎസ്ഇയും സുസ് ലോണുമാണ് തിളങ്ങി നില്‍ക്കുന്നത്. ബിഎസ്ഇ ഓഹരികള്‍ 328 ശതമാനത്തോളം നേട്ടമാണ് നല്‍കിയത്. പുനരുപയോഗ ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ക്യാപ് ഓഹരിയായ സുസ് ലോണിന്റെ ഓഹരി വിലയിലുണ്ടായതാകട്ടെ 250 ശതമാനം വര്‍ധനയാണ്. സുസ് ലോണില്‍ എല്‍ഐസിക്കുള്ള ഓഹരികളുടെ മൂല്യം മൂന്ന് മടങ്ങ് വര്‍ധിച്ച് 519 കോടി രൂപയിലേക്കെത്തി.
എല്‍ഐസിക്ക് നിക്ഷേപമുള്ള മറ്റൊരു ഓഹരിയായ റെയില്‍ വികാസ് നിഗം ലിമിറ്റഡും നിക്ഷേപകരുടെ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നു. 160 ശതമാനം നേട്ടമാണ് 2023ല്‍ ഈ ഓഹരി നല്‍കിയത്. കമ്പനിയില്‍ എല്‍ഐസിക്കുള്ള ഓഹരി മൂല്യം 2076 കോടി രൂപയായി ഉയര്‍ന്നു.
2024ലും ഓഹരി വിപണി കുതിപ്പ് തുടരുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. ഈ പശ്ചാത്തലത്തില്‍ എല്‍ഐസി വീണ്ടും വിപണിയില്‍ നിന്ന് പണം വാരുമെന്ന് ഉറപ്പാണ്. വിവിധ കമ്പനികളില്‍ എല്‍ഐസി ഓഹരിയെടുക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മികച്ച മറുപടി കൂടിയാണ് ഇന്‍ഷുറന്‍സ് ഭീമന്റെ നിക്ഷേപ നേട്ടങ്ങള്‍. ഓഹരി വിപണിയിലൂടെ മാത്രം സാധ്യമാകുന്ന മാജിക്കാണിതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക