ഹോങ്കോങ്ങിനെ പിന്തള്ളി; ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ ഓഹരി വിപണി
Mail This Article
ചരിത്രത്തില്‍ ആദ്യമായി ഹോങ്കോങ് ഓഹരി വിപണിയെ ഇന്ത്യന്‍ വിപണി പിന്തള്ളി. ഇതോടെ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഇന്ത്യ മാറി.
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വിപണി മൂല്യം 4.33 ലക്ഷം കോടി ഡോളറാണ്. ഹോങ്കോങ്ങിന്റേത് 4.29 ലക്ഷം കോടിയും. ഡിസംബര്‍ അഞ്ചിനായിരുന്നു ആദ്യമായി ഇന്ത്യന്‍ ഓഹരി വിപണി നാല് ട്രില്യണ്‍ ഡോളര്‍ എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് വമ്പന്‍ കുതിപ്പ് ഓഹരി വിപണിയിലുണ്ടായത്.
വിപണിയിലേക്ക് റീട്ടെയ്ല്‍ നിക്ഷേപകര്‍ വ്യാപകമായി ഒഴുകിയതാണ് ഓഹരി വിപണിയുടെ ഗംഭീരപ്രകടനത്തിന് കാരണമായത്. ചൈനയ്ക്ക് ബദലായി ആഗോള നിക്ഷേപകര്‍ ഇന്ത്യയിലേക്ക് ഫണ്ടൊഴുക്കുന്ന പ്രവണതയും ഇപ്പോള്‍ ശക്തമാണ്. അതേസമയം ഹോങ്കോങ് ഓഹരി വിപണിയില്‍ പുതിയ ലിസ്റ്റിങ്ങുകള്‍ കുറഞ്ഞു വരികയാണെന്നതും ശ്രദ്ധേയമാണ്.
2021ലെ ആറ് ട്രില്യണ്‍ ഡോളര്‍ എന്ന ഉയരത്തില്‍ നിന്നാണ് ഇപ്പോള്‍ നാല് ട്രില്യണ്‍ ഡോളറിന് മുകളിലേക്ക് ഹോങ്കോങ് വിപണി നിലംപൊത്തിയിരിക്കുന്നത്. ഇത് ചൈനയ്ക്കും വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.