വിപണിയിലെ `ബാധ'യെ നിയന്ത്രിക്കുന്നത് ആര്?
Mail This Article
ജനുവരി മൂന്നാം വാരം ഓഹരി സൂചികകളായ നിഫ്‌റ്റിയും സെന്‍സെക്‌സും പുതിയ ഉയരങ്ങളിലെത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് വരെയെങ്കിലും ഇത് റെക്കോഡ് ആയി മാറുമോ എന്ന ചോദ്യമാണ് നമ്മുടെ മുന്നില്‍ ഉയര്‍ന്നുവന്നത്. എന്നാൽ ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ റെക്കോഡ് നിലവാരമായ 22,124 പോയിന്റില്‍ നിന്നും വെറും രണ്ട് പോയിന്റ് കൂടി ഉയര്‍ന്നതിനു ശേഷം വീണ്ടും സൂചികകൾ താഴേക്ക് വരുന്നതാണ് കണ്ടത്. അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്‌ഠ നടന്ന തിയതിയായ 22-1-24 ഒരു ചരിത്രസംഖ്യ പോലെ ഒരു ഒഴിയാബാധയായി വിപണിയെ പിന്തുടരുന്നുണ്ടോ?
തുടര്‍ച്ചയായ കുതിപ്പിനെ തുടര്‍ന്ന് വിപണി ടെക്‌നിക്കല്‍ ചാര്‍ട്ടുകള്‍ക്ക് ഉപരിയായ ഒരു തലത്തിലേക്കാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. സാങ്കേതികമായ പ്രതിരോധ നിലവാരങ്ങള്‍ നിര്‍ണയിക്കാനാകാത്ത സ്ഥിതിയിലാണിത്.
ശക്തമായ മ്യൂച്ചൽഫണ്ടുകൾ
ജനുവരിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 25,744 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തിയിട്ടും ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പിനെ അത് ബാധിച്ചില്ല. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ശക്തമായാണ് ഇന്ന് ഇന്ത്യന്‍ വിപണിയെ ഭരിക്കുന്നത്. പ്രത്യേകിച്ച് ഫണ്ട് മാനേജര്‍മാരുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്‌ടീവ് ഫണ്ടുകള്‍ക്ക് വിപണിയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നു. സൂചികയുടെ ഗതിയെ തന്നെ തീരുമാനിക്കാന്‍ സാധിക്കും വിധമുള്ള ആസ്‌തിയാണ് ഇന്ന് ആക്‌ടീവ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്.
യുഎസ് പോലുള്ള വികസിത രാജ്യങ്ങളിലെ വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വിപണി ശക്തികളുടെ സ്വഭാവത്തില്‍ വ്യത്യാസം കാണാം. യുഎസിലെ ഓഹരി നിക്ഷേപത്തിന്റെ അമ്പത് ശതമാനത്തിലേറെ പാസീവ് ഫണ്ടുകളാണ് കൈകാര്യം ചെയ്യുന്നത്. പാസീവ് ഫണ്ടുകള്‍ ആധാരമാക്കിയിരിക്കുന്ന സൂചികയുടെ ഗതി അനുസരിച്ചാണ് വിപണിയില്‍ നിക്ഷേപം നടത്തുന്നത് എന്നതിനാല്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് ഇവയുടെ പ്രവര്‍ത്തനത്തില്‍ ഒരു റോളും വഹിക്കാനില്ല. അതുകൊണ്ടുതന്നെ അവിടെ സൂചികയുടെ ഗതിയെ സ്വാധീനിക്കാന്‍ പോന്ന ആസ്‌തിബലം ആക്‌ടീവ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ക്കില്ല.
ഇന്ത്യന്‍ വിപണിയില്‍ മ്യൂച്വല്‍ ഫണ്ടുകളിലും യൂണിറ്റ് ലിങ്ക്‌ഡ് ഇന്‍ഷുറന്‍സ് സ്‌കീമുകളിലും എത്തുന്ന ഭൂരിഭാഗം നിക്ഷേപവും ആക്‌ടീവ് ഫണ്ടുകളിലേക്കാണ് പോകുന്നത്. ഈ ഫണ്ടുകളുടെ കൈവശം സൂചികയുടെ ഗതി നിര്‍ണയിക്കാന്‍ പോന്നത്രയും ആസ്‌തിയുണ്ട്. അതുകൊണ്ടാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പന നടത്തുന്ന ഒരു വിപണിയിലും മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഓഹരികള്‍ വാങ്ങുന്നതിലൂടെ നിര്‍ണായക സ്വാധീനം ചെലുത്താന്‍ സാധിക്കുന്നത്.
വിപണിയുടെ ജനാധിപത്യത്തെ ബാധിക്കുമോ?
യഥാര്‍ത്ഥത്തില്‍ വിപണിയുടെ ജനാധിപത്യവല്‍കൃത സ്വഭാവത്തെ ആക്‌ടീവ് ഫണ്ട് മാനേജര്‍മാര്‍ക്ക് കൈവന്ന ഈ സ്വാധീനശക്തി പ്രതികൂലമായാണ് ബാധിക്കുന്നത്. ഇതില്‍ മാറ്റം വരണമെങ്കില്‍ യുഎസിലേതു പോലെ പാസീവ് ഫണ്ടുകളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ പാസീവ് ഫണ്ടുകള്‍ സാധാരണ നിക്ഷേപകര്‍ക്ക് കൂടുതല്‍ ആകര്‍ഷകമായി വരികയും ഇത്തരം ഫണ്ടുകളിലേക്ക് എത്തുന്ന നിക്ഷേപം വര്‍ധിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിലും ആക്‌ടീവ് ഫണ്ടുകള്‍ക്കു തന്നെയാണ് ഇപ്പോഴും മേല്‍ക്കൈ. അതില്‍ മാറ്റം വരണമെങ്കില്‍ ഇപിഎഫ് പോലുള്ള വന്‍കിട നിക്ഷേപ പദ്ധതികള്‍ക്ക് ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ അനുമതി ലഭിക്കണം. വിപണിയുടെ ജനാധിപത്യ സ്വഭാവം നിലനിര്‍ത്താന്‍ ജനങ്ങളുടെ നിക്ഷേപം കൈകാര്യം ചെയ്യുന്ന വന്‍കിട പദ്ധതികളുടെ പങ്കാളിത്തം വര്‍ധിക്കേണ്ടതുണ്ട്.
ലേഖകന്‍ ഹെഡ്‌ജ് ഗൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്