ADVERTISEMENT

റിസ്കെടുക്കാൻ തയാറായവർക്ക്  പ്രതീക്ഷിച്ചതിനെക്കാൾ നേട്ടം വിപണി നൽകിയ വർഷമാണ് 2023. സംസ്ഥാന തിരഞ്ഞെടുപ്പു ഫലത്തിനുശേഷം സൂചികകൾ റെക്കോർഡ് നിലവാരത്തിലെത്തി. തിരിഞ്ഞുനോക്കുമ്പോൾ, 2023 സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളുടേതായിരുന്നു. നിഫ്റ്റി 20% നേട്ടം നൽകുകയും തുടർച്ചയായ 8-ാം വർഷവും വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇക്കാലയളവില്‍ നിഫ്റ്റി സ്‌മോൾക്യാപ് 56  ഉം നിഫ്റ്റി മിഡ്‌ക്യാപ് 47 ഉം ശതമാനം ഉയർന്നു. നിഫ്റ്റി റിയൽറ്റി, പിഎസ്ഇ, സിപിഎസ്ഇ എന്നീ സെക്ടർ സൂചികകൾ 50 ശതമാനത്തിലധികം നേട്ടം നൽകി. 

ബാങ്കിങ്, ഫിനാൻഷ്യൽ സർവീസസ് ഉൾപ്പെടെ ചുരുക്കം ചില സൂചികകൾ മാത്രമാണ് നിറം മങ്ങിയത്. എങ്കിലും നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി ബാങ്ക് സൂചികകൾ 2023ൽ 12-14% നേട്ടമുണ്ടാക്കി. ഹ്രസ്വകാല ചാഞ്ചാട്ടങ്ങൾ ഉണ്ടാകുമെങ്കിലും ഇന്ത്യൻ വിപണി വളരുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 6% ത്തിലും അധികമായിരിക്കുമെന്നാണ് പ്രതീക്ഷ. ലാർജ് ക്യാപിൽ നിലവിലെ പിഇ 10 വർഷത്തെ ശരാശരി പിഇക്ക് (ഓഹരി വില/ഓഹരി ഒന്നിനു ലഭിക്കുന്ന വരുമാനം) അടുത്താണ് എന്നു പട്ടികയിൽ കാണാം. 

mutual-fund-data

അതേസമയം സ്‌മോൾ & മിഡ്‌ ക്യാപ്‌ ശരാശരി പിഇ ഇപ്പോൾ പ്രീമിയത്തിലാണെന്നും കാണാം. സർക്കാർ നയങ്ങൾ, നിക്ഷേപ വർധനവ്, രാഷ്ട്രീയ സ്ഥിരത എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ  മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിപണിയെ സഹായിക്കും. മറ്റു രാജ്യങ്ങളെക്കാൾ ഭേദപ്പെട്ട വളർച്ച നേടുന്നതും ഡോളർ ദുർബലപ്പെടുന്നതും ഇന്ത്യയിലേക്കു കൂടുതൽ വിദേശ നിക്ഷേപം  ആകർഷിക്കും. എന്നാൽ പൊതുവേ  ലാർജ് ക്യാപ് കമ്പനികളെയാണ് വിദേശ നിക്ഷേപകർ പരിഗണിക്കുക എന്നതോർക്കണം. കറൻസി, പലിശനിരക്ക്, ഓഹരി വിപണിയുടെ പ്രകടനം എന്നിവയൊക്കെ നോക്കിയാൽ ഇവിടം കുറെക്കൂടി സുരക്ഷിതമാണ്. ഒരു നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യ വളരാനുള്ള സാഹചര്യങ്ങൾ നിലവിലുണ്ട് 

എന്തുകൊണ്ട് ലാർജ് ക്യാപ് 
ആകെ നിക്ഷേപത്തിന്റെ 80% വും ലാർജ് ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ലാർജ് ക്യാപ് ഫണ്ടുകൾ. വിപണിമൂല്യത്തിന്റെ  അടിസ്ഥാനത്തിൽ മികച്ച 100 കമ്പനികളിൽ ഉൾപ്പെടുന്ന രാജ്യത്തെ മുൻനിര കമ്പനികളാണിവ. നേട്ടം നൽകുന്ന കാര്യത്തിൽ മികച്ച ട്രാക്ക് റെക്കോർഡ്, ശക്തമായ സാമ്പത്തിക അടിത്തറ എന്നിവയൊക്കെ ഇവയുടെ  പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ലാർജ് ക്യാപ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് മികച്ച തീരുമാനമാണ്. മിഡ്‌ക്യാപ് ഉൾപ്പെടെയുള്ളവയിൽ നിക്ഷേപത്തിന്റെ ഒരു ഭാഗം നീക്കിവയ്ക്കാനും ലാർജ് ക്യാപ് ഫണ്ടുകൾക്കു സാധിക്കും. വിപണി ചാഞ്ചാട്ട സമയത്തു പോർട്ട്ഫോളിയോയുടെ സന്തുലനം ഉറപ്പാക്കാനും ലാർജ് ക്യാപ് ഫണ്ടുകൾ സഹായിക്കും.  2023 പോലെ 2024ൽ റിസ്ക് എടുക്കുന്നത് ഫലപ്രദമാകില്ല എന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ കൂടുതൽ സുരക്ഷിതമായ ലാർജ് ക്യാപ് ഫണ്ടുകൾ ഇപ്പോൾ പരിഗണിക്കാം.  

ആദിത്യ ബിർള സൺ ലൈഫ് എഎംസി ലിമിറ്റഡ് സിഐഒ ആണ് ലേഖകൻ. മാർച്ച് ലക്കം മനോരമ സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ചത്. 

English Summary:

Why Should You Consider Large Caps Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com