ADVERTISEMENT

റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ബാങ്കിങ് ഓഹരികളുടെ വീഴ്ചയിൽ നേട്ടങ്ങൾ നഷ്ടപ്പെടുത്തി നേരിയ നഷ്ടം കുറിച്ചു. ആദ്യ മണിക്കൂറിൽ തന്നെ 24236 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി 18 പോയിന്റുകൾ നഷ്ടമാക്കി 24123 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. ഇന്ന് 79855 പോയിന്റ് വരെ ഉയർന്ന സെൻസെക്‌സും 34 പോയിന്റ് നഷ്ടമാക്കി 79441 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

ഐടി സെക്ടർ 1%ൽ കൂടുതൽ നേട്ടത്തിൽ ക്ളോസ് ചെയ്തപ്പോൾ ബാങ്കിങ്, ഓട്ടോ സെക്ടറുകൾ 0.80% നഷ്ടവും കുറിച്ചു. ഗോദ്‌റെജ്‌ പ്രോപ്പർട്ടീസിന്റെ നേതൃത്വത്തിൽ റിയൽറ്റി സെക്ടറും നേട്ടമുണ്ടാക്കിയപ്പോൾ ഇൻഫ്രാ, എനർജി സെക്ടറുകളും ഇന്ന് മുന്നേറി. 

ബാങ്കിങ് വീഴ്ച

എച്ച്ഡിഎഫ്സി ബാങ്ക് തിരിച്ചു കയറി പുതിയ ഉയരങ്ങൾ കുറിച്ചപ്പോൾ ഹിൻഡൻബർഗ് പരാമർശത്തിൽ വീണ കൊട്ടക് മഹീന്ദ്ര ബാങ്കിനൊപ്പം അക്സിസ്  ബാങ്കും, ഐസിഐസിഐ ബാങ്കും വീണതാണ് ഇന്ന് ഇന്ത്യൻ വിപണിയുടെയും വീഴ്ചക്ക് ആധാരമായത്. അദാനി ഓഹരികളും ഇന്ന് നഷ്ടം കുറിച്ചു. 

ബാങ്ക് നിഫ്റ്റി ഇന്ന് 406 പോയിന്റുകൾ നഷ്ടമാക്കി റെക്കോർഡ് ഉയരത്തിൽ നിന്നും 1000 പോയിന്റുകൾ താഴെ 52168 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 

ഹിൻഡൻബർഗ് വീണ്ടും

അദാനിക്കെതിരെ കോളിളക്കമുണ്ടാക്കിയ ഹിൻഡൻബർഗ് റിസർച്ചിന് സെബി അയച്ച ‘കാരണം കാണിക്കൽ’ നോട്ടീസിന് കൊടുത്ത മറുപടിയിൽ കോട്ടക്ക് മഹിന്ദ്ര ബാങ്കിന്റെ പേര് പരാമര്‍ശിക്കപ്പെട്ടതാണ് ഇന്ന് ബാങ്കിങ് സെക്ടറിനാകെ ക്ഷീണമായത്. 

പ്രധാന ബാങ്കുകളുടെ ആദ്യപാദഫലങ്ങൾ  വരാനിരിക്കെ ബാങ്കിങ് ഓഹരികളിലെ തിരുത്തൽ അവസരമാണ്. എച്ച്ഡിഎഫ്സി ബാങ്ക് വീണ്ടും ഇക്കൊല്ലത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.  

ഫെഡ് ചെയർമാൻ ഇന്ന് വീണ്ടും

ടെസ്‌ലയുടെ 6% മുന്നേറ്റവും, ആപ്പിളിന്റെയും, ആമസോണിന്റെയും, മൈക്രോ സോഫ്റ്റിന്റെയും മുന്നേറ്റവും ഇന്നലെ അമേരിക്കൻ വിപണിക്ക് പോസിറ്റീവ് ക്ളോസിങ് നൽകി. അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിൽ തുടരുന്നതിനിടയിൽ ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ളോസിങ് നേടിയെങ്കിലും യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് തുടരുന്നത്. മോശം സാമ്പത്തിക വിവര കണക്കുകൾ ബാങ്ക് ഓഫ് ജപ്പാനെ നിരക്ക് വർദ്ധനയിൽ നിന്നും നിരുത്സാഹപ്പെടുത്തുമെന്ന പ്രതീക്ഷയും ഇന്നത്തെ ജാപ്പനീസ് നിക്കിയുടെ മികച്ച കുതിപ്പിനും കാരണമായി.  

ഇസിബി പ്രസിഡന്റിന് പിന്നാലെ അമേരിക്കൻ ഫെഡ് ചെയർമാൻ ജെറോം പവലും ഇന്ന് ഇസിബിയുടെ കോൺഫറൻസിൽ സംസാരിക്കാനിരിക്കുന്നത് വിപണിക്ക് പ്രധാനമാണ്. ഫെഡ് മിനുട്സും, നോൺഫാം പേ റോൾ കണക്കുകളും ആഴ്ചാവസാനത്തിൽ വരാനിരിക്കുന്നതും നാളെയും, മറ്റന്നാളും സ്വാതന്ത്ര്യദിനാവധി ആഘോഷിക്കുന്ന അമേരിക്കൻ വിപണിക്ക് പ്രധാനമാണ്. 

ക്രൂഡ് ഓയിൽ

രാജ്യാന്തര വിപണിയിൽ ആവശ്യകത വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ രാജ്യാന്തര എണ്ണവിലയും ഇന്ന് മുന്നേറ്റം തുടർന്നു. ഡോളറിന്റെ ശക്തി കുറഞ്ഞതും, അമേരിക്കൻ എണ്ണശേഖരക്കണക്കുകൾ വരാനിരിക്കുന്നതും ക്രൂഡിന് പ്രതീക്ഷയാണ്. 

ബ്രെന്റ് ക്രൂഡ് ഓയിൽ 87 ഡോളറിലാണ് വ്യാപാരം തുടരുന്നത്. കോപ്പർ, അലുമിനിയം അടക്കമുള്ള ബേസ് മെറ്റലുകളുടെ വിലയും ഇന്ന് ഏഷ്യൻ വിപണി സമയത്ത് മുന്നേറ്റം നേടി. 

സ്വർണം

ജെറോം പവൽ ഇന്ന് സംസാരിക്കാനിരിക്കെ രാജ്യാന്തര സ്വർണവിലയും സമ്മർദ്ദത്തിലാണ്. സ്വർണവില വീണ്ടും 2330 ഡോളറിലേക്കിറങ്ങി. ബോണ്ട് യീൽഡും, ഡോളറും സമ്മർദ്ദത്തിലാണ് തുടരുന്നത്.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Share Market Closed Flat Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com