ADVERTISEMENT

ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ മികച്ച തുടക്കം നേടിയ ഇന്ത്യൻ വിപണി വീണ്ടും റെക്കോർഡ് തിരുത്തിയ  പ്രകടനം കാഴ്ചവെച്ച ശേഷം ഫ്ലാറ്റ് ക്ളോസിങ് നടത്തി. ഇന്ന് 24401 പോയിന്റെന്ന പുതിയ റെക്കോർഡ് കുറിച്ച നിഫ്റ്റി 15 പോയിന്റുകൾ മാത്രം നേട്ടത്തിൽ 24302 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് ആദ്യമായി 80000 പോയിന്റിന് മുകളിലും വ്യാപാരം അവസാനിപ്പിച്ചു. 

എച്ച്സിഎൽ ടെക്കിന്റെ നേതൃത്വത്തിൽ ഐടി സെക്ടർ ഇന്ന് 1%ൽ കൂടുതൽ മുന്നേറിയതാണ് ഇന്ന് ഇന്ത്യൻ വിപണിയെ നഷ്ടമൊഴിവാക്കാൻ സഹായിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക് 2% നഷ്ടം കുറിച്ചെങ്കിലും ഐസിഐസിഐ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് നിഫ്റ്റി നഷ്ടമൊഴിവാക്കിയത് ഇന്ന് ഇന്ത്യൻ വിപണിക്കും അനുകൂലമായി. 

കുതിച്ചു കയറി കപ്പൽനിർമാണ  ഓഹരികൾ 

മികച്ച റിസൾട്ട് പ്രതീക്ഷയിൽ ഇന്നും പൊതുമേഖല ഓഹരികളെല്ലാം കുതിപ്പ് നടത്തി. ഡിഫൻസ്, കപ്പൽ നിർമാണം, ഹൗസിങ്, വളം, ഘനവ്യവസായം മുതലായ മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല ഓഹരികൾ മികച്ച നിരക്കുകൾ സ്വന്തമാക്കി. ദീർഘകാല നിക്ഷേപകർക്ക് തുടർന്നും ഓഹരികൾ നിക്ഷേപത്തിന് പരിഗണിക്കാം. ബജറ്റ് വരെ പൊതു മേഖല ഓഹരികൾ നിക്ഷേപത്തിന് സുരക്ഷിതമാണ്. 

മാസഗോൺ ഡോക്സ് 19% മുന്നേറിയപ്പോൾ കൊച്ചിൻ ഷിപ്യാർഡ് 10% അപ്പർ സർക്യൂട്ട് നേടി. ഗാർഡൻ റീച് ഷിപ് ബിൽഡേഴ്‌സ് 8%വും മുന്നേറ്റം കരസ്ഥമാക്കി. 

നോൺഫാം പേ റോൾ ഡേറ്റ നാളെ  

ഇന്നലെ വന്ന ഫെഡ് മിനുട്സ് പ്രകാരം ഫെഡ് നിരക്ക് കുറക്കുന്നതിൽ ഫെഡ് അംഗങ്ങൾ പൊതുവേ വിമുഖരാണെന്നത് വിപണി ഉൾക്കൊണ്ട് കഴിഞ്ഞു. ഇന്നലെ വന്ന അമേരിക്കൻ ജോബ് ഡേറ്റയും, ജോബ് ഓപ്പണിങ് ഡേറ്റയും അനുകൂലമായതും ടെസ്‌ലയും,  എൻവിഡിയയും മുന്നേറിയതും നാസ്ഡാകിനും, എസ്&പിക്കും വീണ്ടും മുന്നേറ്റം നൽകി. ഇന്നും ചൈനയൊഴികെ ഏഷ്യൻ വിപണികൾ മുന്നേറിയതിന് പിന്നാലെ യൂറോപ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഇന്ന് അവധിയായ അമേരിക്കൻ വിപണിക്ക് നാളത്തെ നോൺഫാം പേ റോൾ കണക്കുകൾ വളരെ പ്രധാനമാണ്. ഫെഡ് റിസേർവ് സെപ്തംബർ മുതൽ നിരക്കുകൾ കുറച്ചു തുടങ്ങുമെന്ന് തന്നെ വിപണി വിശ്വസിക്കുന്നതും, പാദഫലങ്ങൾ വന്നു തുടങ്ങുന്നതും ലോക വിപണിക്ക് തത്കാലം അനുകൂലമാണ്. 

ക്രൂഡ് ഓയിൽ 

ഇന്നലെ വന്ന കണക്കുകൾ പ്രകാരം അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിൽ 12 മില്യൺ ബാരലിന്റെ കുറവ് വന്നത് ക്രൂഡ് ഓയിലിനും അനുകൂലമായി. ഡോളറിലെ വില വ്യതിയാനങ്ങളാകും ഇനി ക്രൂഡ് ഓയിൽ വില അടുത്ത ആഴ്ചയിൽ നിർണയിക്കുക. 

സ്വർണം 

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടതിനെ തുടർന്ന് മുന്നേറിയ രാജ്യാന്തര സ്വർണവില ഇന്ന് ഏഷ്യൻ സമയത്തും ഫ്ലാറ്റ് നിരക്കിൽ തുടർന്നു. നാളത്തെ നോൺഫാം പേ റോൾ ഡേറ്റ ഡോളറിന് നൽകുന്ന ചലനങ്ങൾ 2365 ഡോളറിൽ തുടരുന്ന സ്വർണവിലയ്ക്കു പ്രധാനമാണ്. 

ഐപിഓ 

എംക്യൂർ ഫാർമ, ബൻസാൽ വയർ എന്നിവയുടെ ഇന്നലെ ആരംഭിച്ച ഐപിഓകൾ നാളെ അവസാനിക്കുന്നു. 

നാളത്തെ റിസൾട്ടുകൾ 

മോഡുലക്സ് കൺസ്ട്രക്ഷൻ, നാഗ്പുർ പവർ, എമറാൾഡ് ഫൈനാൻസ് മുതലായ കമ്പനികൾ  റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. 

ടിസിഎസ്സും, എച്ച്സിഎൽ ടെക്കും അടുത്ത ആഴ്ചയിൽ റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്നത് ടെക്ക് സെക്ടറിനും, നിഫ്റ്റിക്കും നിർണായകമാണ്. ഐടി ഓഹരികൾ മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു.

വാട്സാപ് : 8606666722

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക

English Summary:

Stock Market Closed Flat Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com