ADVERTISEMENT

മ്യൂച്വൽഫണ്ടുകളിലേക്ക് ഇടത്തരം വരുമാനക്കാരെ കൂടുതലായി ആകർഷിക്കാൻ പ്രതിമാസം 250 രൂപ വീതം നിക്ഷേപിക്കാവുന്ന തവണവ്യവസ്ഥ ((എസ്ഐപി/SIP) വേണമെന്ന് സെബി മേധാവി മാധബി പുരി ബുച്ച്.

നിലവിൽ പ്രതിമാസം 5,000 രൂപയോ ആയിരം രൂപയോ 500 രൂപയോ വീതമുള്ള എസ്ഐപികളാണ് ഒട്ടുമിക്ക മ്യൂച്വൽഫണ്ട് കമ്പനികളും അനുവദിക്കുന്നത്. ചില കമ്പനികൾ 100 രൂപ വീതം നിക്ഷേപിക്കാനും അവസരം നൽകുന്നുണ്ടെങ്കിലും അത് നാമമാത്രമാണ്.

കുഞ്ഞൻതുകയുടെ എസ്ഐപികളാണ് വരുംനാളുകളിൽ മ്യൂച്വൽഫണ്ട് മേഖലയുടെ വളർച്ചയ്ക്ക് ആക്കംകൂട്ടുകയെന്നും 250 രൂപയുടെ എസ്ഐപി അവതരിപ്പിക്കുന്നത് നേട്ടമാകുമെന്നും മാധബി പുരി ബുച്ച് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂച്വൽഫണ്ടായ എസ്ബിഐ മ്യൂച്വൽഫണ്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി/SEBI) മേധാവി.

മ്യൂച്വൽഫണ്ടും എസ്ഐപിയും
 

സമ്പാദ്യം അതിവേഗം വളർത്താനും ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക സ്വാതന്ത്ര്യം നേടാനും അഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഇതിനായി ഇക്കാലത്ത് കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗമാണ് മ്യൂച്വൽഫണ്ടുകൾ. പ്രൊഫഷണൽ ഫണ്ട് മാനേജർമാരുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുത്ത ഓഹരികളിലും കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്ന പദ്ധതിയാണ് മ്യൂച്വൽഫണ്ട്. 

mutual-fund

ഒറ്റത്തവണയായി ഉയർന്ന തുകയോ (lumpsum investment) തവണവ്യവസ്ഥയിൽ മിനിമം തുക വീതം നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ (എസ്ഐപി/SIP) വഴിയോ ആണ് മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാനാവുക. ഒറ്റയടിക്ക് ഉയർന്ന തുക നിക്ഷേപിക്കാൻ പറ്റാത്തവർക്ക് അനുയോജ്യമാണ് എസ്ഐപി.

ഓഹരി വിപണിയിലെന്ന പോലെ റിസ്ക് നിറഞ്ഞതാണ് മ്യൂച്വൽഫണ്ടുകളെങ്കിലും പരമ്പരാഗത നിക്ഷേപമാർഗങ്ങളായ സ്ഥിരനിക്ഷേപം (എഫ്.ഡി), സ്വർണം, റിയൽ എസ്റ്റേറ്റ് തുടങ്ങിയവയെ അപേക്ഷിച്ച് ഉയർന്ന നേട്ടത്തിന് (റിട്ടേൺ) സാധ്യതയുണ്ടെന്നതാണ് സ്വീകാര്യത ഉയർത്തുന്നത്.

നിക്ഷേപമൊഴുകുന്നു, നിക്ഷേപകരും
 

എസ്ഐപികൾ അവതരിപ്പിക്കപ്പെട്ടതോടെ, മ്യൂച്വൽഫണ്ടുകൾ സാധാരണക്കാർക്കും എത്തിപ്പിടിക്കാനാകുന്ന നിക്ഷേപ മാർഗമായി മാറുകയായിരുന്നു. 2016 ഏപ്രിലിൽ 3,122 കോടി രൂപയായിരുന്നു എസ്ഐപി വഴി മ്യൂച്വൽഫണ്ടുകളിൽ എത്തിയതെങ്കിൽ ഇക്കഴിഞ്ഞമാസം എത്തിയത് 21,262 കോടി രൂപയാണ്.

Photo:Shutterstock/one photo
Photo:Shutterstock/one photo

എസ്ഐപികളുടെ സ്വീകാര്യതയാണ് ഇതിനുപിന്നിലെന്നും കുഞ്ഞൻ തുകയുടെ എസ്ഐപികൾ പ്രോത്സാഹിപ്പിക്കുന്നത് കൂടുതൽ നേട്ടമാകുമെന്നും മാധബി പുരി ബുച്ച് പറഞ്ഞു. അടുത്ത മൂന്നുവർഷക്കാലം ചെറിയ എസ്ഐപികളായിരിക്കും മ്യൂച്വൽഫണ്ടുകളുടെ വളർച്ചയ്ക്ക് നേതൃത്വം നൽകുകയെന്നും അവർ അഭിപ്രായപ്പെട്ടു.

പണമൊഴുക്കി മലയാളികളും
 

10 വർഷം മുമ്പ്, അതായത് 2014ൽ മ്യൂച്വൽഫണ്ടുകളിൽ കേരളീയരുടെ ആകെ നിക്ഷേപം (എയുഎം) 7,927 കോടി രൂപയായിരുന്നു. എസ്ഐപികളുടെ ഉദയം കൂടുതൽ മലയാളികളെ പിന്നീട് മ്യൂച്വൽഫണ്ടുകളിലേക്ക് ആകർഷിച്ചു. ഈ വർഷം ജൂണിലെ കണക്കുപ്രകാരം മലയാളികളുടെ മൊത്തം നിക്ഷേപം 73,451.94 കോടി രൂപയാണ്. 10 വർഷത്തിനിടെ 10 മടങ്ങ് വളർച്ച.

English Summary:

SEBI Pushes for Rs 250 SIP: A Boon for Middle-Income Earners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com