ADVERTISEMENT

വിദേശ ഫണ്ടുകൾ വഴി ഇന്ത്യയിലേക്ക് കോടികണക്കിന് രൂപയുടെ നിക്ഷേപം ഓരോ വർഷവും എത്തുന്നുണ്ട്.  ഇത്രയും നാൾ മൗറീഷ്യസ് ആയിരുന്നു  ഇന്ത്യയിലേക്ക് വരുന്ന വിദേശ ഫണ്ടുകളുടെ കേന്ദ്രമെങ്കിൽ ഇപ്പോൾ മറ്റ് രാജ്യങ്ങളും ആ സ്ഥാനത്ത് വന്നിട്ടുണ്ട്. അയർലണ്ടിലെ ഡബ്ലിൻ, ഇപ്പോൾ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകരുടെ പ്രിയപ്പെട്ട ഗേറ്റ്‌വേയായി മാറിയിരിക്കുകയാണ് . നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ) നൽകിയ ഡാറ്റ പ്രകാരം, 2019 ജനുവരി മുതൽ ഇത്തരം രാജ്യങ്ങളിൽ അയർലണ്ട് ഏഴാം സ്ഥാനത്തായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലേക്കുള്ള നിക്ഷേപം വരുന്നതിൽ അസറ്റ് അണ്ടർ കസ്റ്റഡിയുള്ള നാലാമത്തെ വലിയ രാജ്യമാണ് അയർലണ്ട്. ഇതിനു മുൻപ്  ലക്സംബർഗ് ഈ ലിസ്റ്റിൽ അയർലണ്ടിന് മുൻപിൽ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ലക്സംബർഗിനെ പിന്തള്ളി അയർലണ്ട് മുൻപിലായി. ഇതു വഴി നിക്ഷേപിക്കുന്ന ഫണ്ടുകളുടെ കസ്റ്റഡിയിലുള്ള ആസ്തി 2019 ജനുവരി മുതൽ 354 ശതമാനം വർധിച്ച് 4.47 ലക്ഷം കോടി രൂപയായി. ഇതേ കാലയളവിൽ മൗറീഷ്യസ് കസ്റ്റഡിയിലുള്ള ആസ്തിയിൽ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മ്യൂച്വൽ ഫണ്ടുകൾ പോലെയുള്ള  ഒരു നിക്ഷേപ മാർഗമായ  UCITS (അണ്ടർടേക്കിംഗ്സ് ഫോർ കളക്റ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഇൻ ട്രാൻസ്ഫറബിൾ സെക്യൂരിറ്റീസ്) വഴിയാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിൻ്റെ വലിയൊരു ഭാഗം വരുന്നത്. യുസിഐടിഎസ് സുരക്ഷിതവും നന്നായി നിയന്ത്രിക്കപ്പെട്ടതുമാണെന്ന് മനസ്സിലാക്കി യൂറോപ്പിലെ ചെറുകിട നിക്ഷേപകർ ആണ് ഇതിലൂടെ കൂട്ടായ നിക്ഷേപങ്ങൾ നടത്തുന്നത്. ഡബ്ലിനിൽ ഫണ്ട് സജ്ജീകരിക്കുന്നതിനുള്ള കുറഞ്ഞ ചിലവ് മൂലമാണ് യൂറോപ്യൻ ചെറുകിട നിക്ഷേപകർ ഇതുവഴി നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നത്. കൂടാതെ അയർലണ്ടുമായി ഇന്ത്യയ്ക്ക് DTAA കരാർ ഉണ്ട്. അത് ഡബ്ലിനിൽ സജ്ജീകരിച്ച ഫണ്ടുകൾക്ക് എളുപ്പത്തിലുള്ള നിക്ഷേപങ്ങളും ആദായനികുതിയിൽ നിന്നും മൂലധന നേട്ടങ്ങളിൽ നിന്നും ഇളവുകളും നൽകുന്നുണ്ട്.

ഇന്ത്യൻ ശക്തി 

 ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കൂട്ടമായി വിദ്യാർഥികൾ ചേക്കേറുന്നതോടൊപ്പം ഒട്ടുമിക്ക വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ ഓഹരി വിപണിയിലേക്ക് പണമൊഴുക്ക് ഓരോ വർഷവും കൂടുകയാണ്. അവിടങ്ങളിലെ പെൻഷൻ ഫണ്ടുകൾക്കും, റിട്ടയര്‍മെന്റ് ബെനിഫിറ്റുകൾക്കും പണം കൊടുക്കാൻ ഇന്ത്യൻ ഓഹരി വിപണിയെ ആശ്രയിക്കുന്നത് കൂടുകയാണ് എന്ന് ചുരുക്കം. വിദേശ രാജ്യങ്ങളിലെ സർവകലാശാലകൾക്ക് നിലനിന്നുപോകാൻ ഇന്ത്യയിലെ വിദ്യാർഥികൾ വേണം എന്ന അവസ്ഥയാണ് ഇപ്പോൾ. അതിന് സമാനമാണ് വിദേശ രാജ്യങ്ങൾക്ക് ഇന്ത്യൻ ഓഹരി വിപണിയിലുള്ള ആശ്രിതത്വം. പാവപ്പെട്ട രാജ്യമെന്ന പ്രതിച്ഛായയിൽ നിന്ന് ഇന്ത്യ വളരുകയാണ്. അതാണ് ഇന്ത്യയുടെ സുഹൃത്തുക്കളാകാൻ വിദേശ രാജ്യങ്ങൾ മല്‍സരിക്കുന്നതും. ഇന്ത്യയുടെ വളർച്ചാ പ്രവചനങ്ങൾ കൂടുന്നതോടെ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് ഇനിയും വരും വർഷങ്ങളിൽ കൂടും എന്ന് തന്നെയാണ് നിഗമനം.

English Summary:

From student migration to stock market reliance, foreign countries are increasingly intertwined with India's growth story. Explore how this dynamic is shaping global investment flows.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com