ADVERTISEMENT

കെവൈസി ആവശ്യപ്പെട്ടും മറ്റും സംസ്ഥാനത്ത് പണം തട്ടുന്നത് സർവസാധാരണമായി കഴിഞ്ഞു. ജാഗ്രത പുലർത്തിയില്ലെങ്കിൽ അടുത്ത ഇര നിങ്ങളാകാം എന്ന് സംസ്ഥാന പോലീസിന്റെ സൈബർസെല്ലിന്റെ അനുഭവ സാക്ഷ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

‘10,000, 10,000, 3,500 എന്നിങ്ങനെ 3 തവണയായി എന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 23,500 രൂപ നഷ്ടപ്പെട്ടു. എനിക്ക് മെസേജ് ഒന്നും ലഭിച്ചില്ല. മിനി സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം പോയ കാര്യം അറിഞ്ഞത്’. സൈബർസെല്ലിലേയ്ക്കു വന്ന പരാതിയാണിത്.

പരാതി സത്യമാണെന്നു തെളിഞ്ഞു. എന്നാൽ, അക്കൗണ്ട് ഉടമ അറിയാതെ പണം പോയതിൽ ആശയക്കുഴപ്പമായി. വിശദമായി സംസാരിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട ദിവസം രാവിലെ ഫോണിലേക്ക് ഒരു മെസേജ് വന്ന കാര്യം പരാതിക്കാരൻ പറയുന്നത്. 

കെവൈസി (നോ യുവർ കസ്റ്റമർ) ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ആകുമെന്നുമായിരുന്നു ആ മെസേജ്. 

പെൻഷൻ അക്കൗണ്ട് ആയതിനാൽ അദ്ദേഹം ഉടൻതന്നെ മെസേജിലെ ലിങ്കിൽ കയറി ഫോൺ നമ്പർ, പാൻനമ്പർ, ഒടിപി തുടങ്ങിയവ നൽകി. തുടർന്ന് അക്കൗണ്ട് ‘റെഡി’ ആയെന്ന് മെസേജും ലഭിച്ചു. 

ഇതോടെ പൊലീസിന് കാര്യങ്ങൾ വ്യക്തമായി. അന്വേഷണത്തിൽ. തമിഴ്നാട് കാഞ്ചിപുരത്തുള്ള അക്കൗണ്ടിലേക്കായിരുന്നു പണം പോയത്. പക്ഷേ, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ഒഡീഷയിൽനിന്നുള്ളതും. അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. 

കെവൈസി ഉൾപ്പെടെ ബാങ്കുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഒടിപിയോ പാൻനമ്പറോ മറ്റു വിവരങ്ങളോ ബാങ്ക് അധികൃതർ ഫോൺ മുഖേന ആവശ്യപ്പെടില്ലെന്ന് എല്ലാ ബാങ്കുകളും ആവർത്തിച്ചു പറ‍ഞ്ഞിട്ടും സാധാരണക്കാർ ഇപ്പോഴും അതിന്റെ ഗൗരവം മനസ്സിലാക്കാത്തതാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ കാരണം. 

മൂന്നു മാസം കൊണ്ട് ബാങ്ക് മാനേജർക്കു പോയത് മുക്കാൽ കോടി

വിശ്രമജീവിതം നയിക്കുന്ന ബാങ്ക് മാനേജർക്ക് ഒരു ദിവസം ഒരു കവർ കിട്ടി. സ്ക്രാച്ച് ആൻഡ് വിൻ കാർഡ്. ‘കൺഗ്രാറ്റ്സ്, യൂ ഹാവ് വോൺ റുപ്പീസ് 7,50,000’. കൂടെ സമ്മാനം കൈപ്പറ്റാൻ ഈ നമ്പറിലേക്കു വിളിക്കുക എന്നൊരു വരിയും. ഏഴര ലക്ഷം ‘അടിച്ച’ സന്തോഷത്തിൽ അദ്ദേഹം ഉടൻ വിളിച്ചു. സമ്മാനത്തുക ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നും നികുതിയായി 50,000 രൂപ അക്കൗണ്ടിൽ ഇടണമെന്നുമായിരുന്നു നിർദേശം. മാനേജർ തുക കൈമാറി.

ഒരാഴ്ച കഴിഞ്ഞിട്ടും പണം വരാതായപ്പോൾ ആ നമ്പറിലേക്കു വിളിച്ചു. സമ്മാനത്തുക ഇരട്ടിയായി ഉയർത്തിയിട്ടുണ്ടെന്നും ഒരു ലക്ഷം രൂപ നികുതി അടയ്ക്കണമെന്നും പറഞ്ഞു. 15 ലക്ഷം കിട്ടുമെന്ന സന്തോഷത്തിൽ വീണ്ടും പണം നൽകി. മാസങ്ങളോളം ഈ ‘ഇരട്ടിപ്പ്’ തുടർന്നു. അവസാനം ഇൻഷുറൻസ് പോളിസി ഈടു വച്ച് പണമെടുക്കാൻ ബാങ്കിൽ ചെന്നപ്പോൾ പരിചയക്കാരനായ മാനേജർ കാര്യം തിരക്കി. വിവരങ്ങൾ മനസ്സിലാക്കിയ അദ്ദേഹം ഞെട്ടി! മൂന്നു മാസം കൊണ്ട് 74.50 ലക്ഷം രൂപ! പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോഴും ‘3 ലക്ഷം കൂടി കൊടുത്താൽ രണ്ടരക്കോടി കിട്ടും’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇനി ഇവർ തട്ടിപ്പുകാരാണെങ്കിൽ വിളിച്ച നമ്പർ വച്ച് അവരെയങ്ങു പിടിച്ചാൽ പോരേയെന്നും ചോദിക്കുന്നു. 35 വർഷം ദേശസാൽകൃത ബാങ്കിൽ മാനേജരായിരുന്നയാളെ ഇത്ര ലളിതമായി കബളിപ്പിക്കാൻ തട്ടിപ്പുസംഘത്തിനു കഴിഞ്ഞിട്ടുണ്ടെങ്കിൽ സാധാരണക്കാരുടെ അവസ്ഥയെന്താണ്?

തട്ടിപ്പിന്റെ രീതികൾ

കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് തട്ടിപ്പുകൾ കൂടുതലും നടക്കുന്നത്. ഫോൺ കോളുകൾ വഴി വിവരങ്ങൾ ശേഖരിക്കുന്ന തട്ടിപ്പുകാർ രാജ്യത്തിന്റെ വിവിധ കോണുകളിലെ അക്കൗണ്ടുകൾ വഴിയാണ് പണം പിൻവലിക്കുന്നത്. അതിനാൽ അന്വേഷണ സംഘം കുഴങ്ങിപ്പോകുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ബാങ്ക് ഉദ്യോഗസ്ഥരുടെയും പ്രാദേശിക പ്രമുഖരുടെയും സഹായത്തോടെയാണ് തട്ടിപ്പെന്നതിനാൽ പൊലീസ് ഉദ്യോഗസ്ഥർക്കും നടപടി എടുക്കാൻ പരിമിതികളുണ്ട്. തിരുട്ട് ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി റിപ്പോർട്ടുകളുണ്ട്. പക്ഷേ, അവിടെ ചെന്ന്  പ്രതികളെ പിടികൂടുക ദുഷ്കരമാണ്. പ്രായമായവരെയും സമൂഹത്തിലെ ഉന്നതരെയുമാണ് ബാങ്ക് വഴിയുള്ള സൈബർ തട്ടിപ്പുസംഘങ്ങൾ കൂടുതലും ചൂഷണം ചെയ്യുന്നത്. പെൻഷൻ മുടങ്ങുമെന്ന പേടിയിൽ ഇവർ എളുപ്പം അകപ്പെടുന്നു. പലരും നാണക്കേടുമൂലം പരാതിയും നൽകില്ല. ഈ രണ്ടു സാധ്യതകളും തട്ടിപ്പുകാർ നന്നായി മുതലെടുക്കുന്നു. 

English Summary : Beware about Cyber Frauds You may Lost Your Money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com