നാളെ എന്തെന്ന് ആർക്കറിയാം? പിന്നെന്തിന് സമ്പാദിക്കണം?
Mail This Article
കോവിഡിനു ശേഷം നമ്മുടെ ജീവിത ശൈലിയില്‍ വന്ന മാറ്റങ്ങളില്‍ കാതലായ ഒരു വശം ചെലവിടലിനോടുള്ള സമീപനത്തിലുണ്ടായതാണ്. രണ്ട് വര്‍ഷത്തോളം നമ്മുടെ ജീവിതത്തിന്റെ ദൈനംദിന രീതികളില്‍ ഇടപെട്ട മഹാമാരി നാളെ അനിശ്ചിതമാണ് എന്ന തോന്നലാണ് ശക്തമാക്കിയത്. അനിശ്ചിതമായ നാളെക്കു വേണ്ടി ഇന്ന് സമ്പാദിച്ചുവെക്കുന്നതെന്തിനെന്ന ചോദ്യവും പിടിമുറുക്കിയതോടെ ശക്തമായ ഉപഭോഗ പ്രവണത വേരുറച്ചു.
ക്രെഡിറ്റ് കാര്‍ഡ് കൂടാതെയുള്ള ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പറ്റാത്തവരാണ് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ജനങ്ങള്‍. നാം അത്രത്തോളം `പുരോഗമിച്ചിട്ടി'ല്ലെങ്കിലും ക്രെഡിറ്റ് കൂടാതെയുള്ള ഒരു ജീവിതം കോവിഡിന് മുമ്പേ തന്നെ നമ്മുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് അസാധ്യമായി തീര്‍ന്നിരുന്നു. ഭവന വായ്‌പയോ വാഹന വായ്‌പയോ ഇല്ലാത്ത കുടുംബങ്ങള്‍ മധ്യവര്‍ഗത്തില്‍ വിരളമാണ്. ഭാവി വരുമാനത്തെ ഇഎംഐയുടെ അടിസ്ഥാനത്തില്‍ ഇന്നേ വീതിച്ച് കടമെടുക്കുന്ന രീതിയുടെ ചുവടുപിടിച്ചാണ് കോവിഡിനു ശേഷം കണ്‍സ്യൂമര്‍ ലോണുകളും പേഴ്‌സണല്‍ ലോണുകളും വ്യാപകമായത്. നാളെ അനിശ്ചിതമാണ് എന്ന തോന്നല്‍ വായ്‌പകളെ കരുതലോടെ സമീപിക്കാനുള്ള പ്രേരണയ്‌ക്ക് ശക്തി കുറച്ചു.
സർവവ്യാപിയാകുന്ന ഉപഭോഗം
രണ്ട് വര്‍ഷത്തോളം വീടിന്റെ അകത്തളങ്ങളില്‍ തളച്ചിടേണ്ടി വന്നവര്‍ കോവിഡിനു ശേഷം പുറം ലോകത്ത് പരമാധി സമയം ചെലവഴിക്കാനാണ് ശ്രമിക്കുന്നത്. കോവിഡിന് മുമ്പ് വല്ലപ്പോഴും മാത്രം യാത്ര ചെയ്‌തിരുന്നവര്‍ ഇന്ന് അവധികളിലെ ഔട്ടിങുകള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്യുന്നതിലും യാത്രാ പാക്കേജുകള്‍ താരതമ്യം ചെയ്‌ത് മികച്ചത് കണ്ടെത്തുന്നതിലും ഉല്‍സുകരാണ്. ചെലവേറിയ റെസ്റ്റോറന്റുകള്‍ പോലും വാരാന്ത്യങ്ങളില്‍ തിങ്ങിനിറയുന്നതും കണ്‍വീനിയന്‍സ് ഫീസ് മാസങ്ങള്‍ക്കുള്ളില്‍ പടിപടിയായി ഉയര്‍ത്തിയിട്ടും സൊമാറ്റോയുടെയും സ്വിഗ്ഗിയുടെയും ബിസിനസ് മുകളിലേക്ക് തന്നെ പോകുന്നതും ഉപഭോഗം സര്‍വവ്യാപിയാകുന്നതിന്റെ ഉദാഹരണങ്ങളാണ്.
അമിതമായ ഉപഭോഗം സമ്പദ്‌വ്യവസ്ഥയില്‍ കുമിള രൂപപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനകളിലൊന്നായാണ് പൊതുവെ വിലയിരുത്താറുള്ളത്. ലോകത്തെയാകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ച 2008ലെ യുഎസിലെ സബ് പ്രൈം പ്രതിസന്ധിയുടെ കാരണം അമിത ഉപഭോഗത്തിന് വഴിവെച്ച നിയന്ത്രണങ്ങളില്ലാത്ത വായ്‌പാ വിതരണം ആയിരുന്നു. അതിനൊപ്പം റിയല്‍ എസ്റ്റേറ്റ്, ഓഹരി വിപണി തുടങ്ങിയ ആസ്‌തി മേഖലകളിലും കുമിള രൂപം കൊണ്ടു. ഈ ആസ്‌തി മേഖലകളില്‍ യുക്തിഹീനമായ വിലവര്‍ധനവ് ദൃശ്യമാകുകയും കാത്തിരുന്നാല്‍ അവസരം നഷ്‌ടമാകുമെന്ന തോന്നലില്‍ അമിത വിലയ്‌ക്ക് ഇത്തരം ആസ്‌തി മേഖലകളില്‍ നിക്ഷേപം നടത്താന്‍ ആളുകള്‍ ധൃതിപ്പെടുകയും ചെയ്‌ത അവസരത്തിലാണ് പൊടുന്നനെ സമ്പദ്‌വ്യവസ്ഥയില്‍ തകര്‍ച്ച ആരംഭിച്ചത്.
നിക്ഷേപങ്ങളിലെ റിസ്ക് സാധ്യത
2008നു ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഓഹരി വിപണിയും റിയല്‍ എസ്റ്റേറ്റും ഒരേ സമയം പുതിയ ഉയരങ്ങളിലേക്ക് കുതിച്ചുകയറിയത്. ഈ രണ്ട് മേഖലകളിലും കുതിപ്പ് ശക്തിയാര്‍ജിച്ചത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണെന്നതും ശ്രദ്ധേയം. സാധാരണ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി നിക്ഷേപത്തിലേക്ക് കടന്നുവെന്നാണ് കോവിഡിനെ തുടര്‍ന്ന് ഡീമാറ്റ് അക്കൗണ്ടുകളിലുണ്ടായ വന്‍വര്‍ധന സൂചിപ്പിക്കുന്നത്. ഇഎംഐ സംസ്‌കാരം ശക്തമായതോടെ റിയല്‍ എസ്റ്റേറ്റ് പോലുള്ള ആസ്‌തി മേഖലകളില്‍ നിക്ഷേപിക്കാന്‍ മധ്യവര്‍ഗം താല്‍പ്പര്യം കാട്ടുകയും ചെയ്യുന്നു. നാളെയെ കുറിച്ചുള്ള അമിത വേവലാതിയില്‍ കാര്യമില്ലെന്ന തോന്നല്‍ ചെലവിടല്‍ കൂടുന്നതിനു കാരണമായതു പോലെ നിക്ഷേപങ്ങളിലെ റിസ്‌ക് സന്നദ്ധതയും ഉയര്‍ത്തി.
ഉപഭോക്താക്കളിലെ അമിതമായ ആത്മവിശ്വാസം, അരക്ഷിത വായ്‌പകളുടെ ഉദാരമായ വിതരണം, റിസ്‌ക് കൂടിയ ആസ്‌തിമേഖലകളിലുണ്ടാകുന്ന നീതീകരിക്കാനാകാത്ത വില വര്‍ധന- ഇതൊക്കെ സമ്പദ്‌വ്യവസ്ഥയില്‍ കുമിള രൂപപ്പെടുന്നതിന്റെ സൂചനകളായാണ് പൊതുവെ ഇക്കണോമിസ്റ്റുകള്‍ വിലയിരുത്താറുള്ളത്. ``മറ്റുള്ളവര്‍ ഭയപ്പെടുമ്പോള്‍ നിങ്ങള്‍ അത്യാഗ്രഹികളാകുക, മറ്റുള്ളവര്‍ അത്യാഗ്രഹികളാകുമ്പോള്‍ നിങ്ങള്‍ ഭയപ്പെടുക'' എന്ന വിഖ്യാത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ വാചകങ്ങള്‍ ഓര്‍ക്കേണ്ട ഒരു സന്ദര്‍ഭം കൂടിയാണ് ഇത്.
ലേഖകന്‍ ഹെഡ്‌ജ് ഗൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്