അണ്‍ലിമിറ്റഡ് അല്‍ഫാമും വയറു നിറച്ചു തട്ടിപ്പും
Mail This Article
അണ്‍ലിമിറ്റഡ് മിസ്ഡ് കോള്‍. ആഴ്ചയിലൊരിക്കലുള്ള ഒത്തുചേരല്‍ ദിവസം പതിവില്ലാതെ സുഹൃത്ത് അക്ഷമയോടെ വിളിച്ചുകൊണ്ടിരിക്കുന്നു. സാധാരണ പലതവണ ഞാന്‍ വിളിച്ചാലാണ് അവൻ ഓഫിസില്‍ നിന്ന് ഇറങ്ങുക. ഇന്ന് ഓഫിസ് ഗേറ്റില്‍ എന്നെ കാത്ത് അക്ഷമയോടെ ഉലാത്തുകയാണ്. കാറില്‍ കയറിയതും നേരേ ഹോട്ടല്‍ പൂങ്കാവനത്തിലേക്കു വിടാന്‍ ആജ്ഞാപിച്ചു. അവന്റെ മുഖത്തു വലിയ ഗൗരവം. ‘വയറ് വേണേല്‍ കാലിയാക്കിക്കോ. ഇന്ന് ഞാന്‍ നിന്റെ അല്‍ഫാം കൊതി തീര്‍ത്തുതരും. നിങ്ങളുടെ ഗാങ് എനിക്കിട്ട ‘പിശുക്കന്‍ പശു’ എന്ന പേരുണ്ടല്ലോ, അതും ഞാനിന്നു മാറ്റും.’ സുഹൃത്ത് പറഞ്ഞു.
വെയിറ്റര്‍ എത്തിയപ്പോള്‍ അവന്‍ പിന്നെയും എന്നോട്, ‘നിനക്ക് അല്‍ഫാം പിരിപിരി തന്നെയല്ലേ. ഫുള്ള് വേണോ, ഹാഫ് മതിയോ?’ ‘ക്വാര്‍ട്ടര്‍ മതി.’ ഞാന്‍ ചിരിച്ചു. അവന്‍ ഓരോ ഹാഫ് അല്‍ഫാമും ചപ്പാത്തിയും പറഞ്ഞു. നല്ല ഫുഡ്. രുചി ഒരു രക്ഷയുമില്ല. ഞാന്‍ കഴിച്ചുകൊണ്ടേയിരുന്നു. ‘ഇന്നെന്താ വല്ലതിന്റെയും ചെലവാണോ?’ ഞാന്‍ ചോദിച്ചു. ‘നീ വയര്‍ നിറച്ച് കഴിക്ക്,’ എന്നു പറഞ്ഞു പിന്നെയും ഓര്‍ഡര്‍ ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ഞാന്‍ വിലക്കി. ‘വയ്യ. ഇനി വയ്യ. വയറിപ്പോ പൊട്ടും.’ അവന്‍ ചിരിച്ചുകൊണ്ട് ഓരോ ലൈം ടീ ഓര്‍ഡര്‍ ചെയ്തു.
പക്ഷേ, ഞാന്‍ കൈകഴുകി എത്തിയപ്പോള്‍ കാണുന്നത് സുഹൃത്ത് കൗണ്ടറില്‍ ബഹളമുണ്ടാക്കുന്നതാണ്. എന്നെ കണ്ടതും അവന്‍ പിന്നെയും ക്രുദ്ധനായി. ‘ഇവന്‍മാര്‍ ഭയങ്കര ഉഡായിപ്പാണെടാ, ഭൂലോക തട്ടിപ്പ്.’ അവന്‍ വാട്‌സാപില്‍ വന്ന ഒരു ഫോട്ടോ പോസ്റ്റര്‍ കാണിച്ചു. അതില്‍ അണ്‍ലിമിറ്റഡ് അല്‍ഫാം വിത്ത് ചപ്പാത്തി @ 499. ഹോട്ടല്‍ പൂങ്കാവനം എന്നു കാണാം. അപ്പോള്‍ അതിന്റെ ത്രസിപ്പിലാണ് ഇവന്‍ എന്റെ അല്‍ഫാം കൊതി മാറ്റാന്‍വന്നത്. ‘ഇവന്മാര്‍ പറയുകയാണ്, അണ്‍ലിമിറ്റഡ് ഓഫര്‍ ചപ്പാത്തിക്കു മാത്രമേയുള്ളൂ എന്ന്.’ മൊത്തം ബില്ല് 3985 രൂപ.
ഹോട്ടല്‍ മാനേജരെ വിളിപ്പിച്ചു. അയാള്‍ പറഞ്ഞു, ‘ഓഫര്‍ ഉണ്ട്. പക്ഷേ, ഈ സാര്‍ പറയുന്നതു പോലെയല്ല. അല്‍ഫാം വിത്ത് അണ്‍ലിമിറ്റഡ് ചപ്പാത്തി എന്നതാണ്. അതായത് ഓര്‍ഡര്‍ ചെയ്യുന്ന അല്‍ഫാമിനു ബില്ല് വരും, ചപ്പാത്തി അണ്‍ലിമിറ്റഡാണ്. ആ ബോര്‍ഡിലേക്കു നോക്കൂ.’ ശരിയാണ് അല്‍ഫാം വിത്ത് അണ്‍ലിമിറ്റഡ് ചപ്പാത്തി @ 499. ഞാന്‍ സുഹൃത്തിന്റെ ഫോണിലേക്കു നോക്കി. അണ്‍ലിമിറ്റഡ് അല്‍ഫാം എന്നും വായിക്കാം, അണ്‍ലിമിറ്റഡ് ചപ്പാത്തി എന്നും വായിക്കാം. എഴുത്തിലെ ഒരു ചതി.
ആളുകള്‍ ശ്രദ്ധിക്കുന്നു എന്നു മനസ്സിലാക്കി, ഞാന്‍ ബില്ലു കൊടുത്തു തടിതപ്പാന്‍ സുഹൃത്തിനോടു പറഞ്ഞു. സുഹൃത്ത് ദയനീയമായി നോക്കി. അവനിലെ ‘പിശുക്കന്‍ പശു, വാലു പൊക്കി.’ ഞാന്‍ ബില്ല് പേ ചെയ്തിട്ട് വെയിറ്ററോടു സ്വകാര്യമായി അന്വേഷിച്ചു. അത്തരം പരാതികള്‍ പലപ്പോഴും ഉണ്ടാകാറുണ്ട് എന്ന് അയാള്‍ സമ്മതിച്ചു. ഞാന്‍ മാനേജരുടെ കാബിനില്‍ പോയി, ‘ബോര്‍ഡ് മാറ്റി വ്യക്തമായി എഴുതുന്നോ, അതോ പരാതിയുമായി മുന്നോട്ടു പോണോ?’ ആദ്യം കുറെ വാദങ്ങള്‍ നിരത്തിയെങ്കിലും ഒടുവില്‍ ബോര്‍ഡില്‍ വ്യക്തത വരുത്താമെന്നു സമ്മതിച്ചു. തലകുമ്പിട്ടു നില്‍ക്കുന്ന സുഹൃത്തിനോടു വീട്ടില്‍ ഡ്രോപ്പ് ചെയ്യാം എന്നു ഞാന്‍ പറഞ്ഞു. ‘വേണ്ട, ഞാന്‍ ഓണ്‍ലൈന്‍ ടാക്‌സിയില്‍ പൊയ്ക്കൊള്ളാം. ഇന്ന് നല്ല ഒരു ഡിസ്‌കൗണ്ട് ഓഫറുണ്ട്. 19 രൂപയ്ക്ക് വീട്ടിലെത്തിക്കും അവര്‍.’ ഞാന്‍ അവനെ വലിച്ചു വണ്ടിക്കകത്തിട്ടിട്ട് കാര്‍ സ്റ്റാര്‍ട്ട് ചെയ്തു •
(പ്രമുഖ ഫിനാൻഷ്യൽ ജേണലിസ്റ്റും ഇൻഫർമേഷൻ–പബ്ലിക് റിലേഷൻസ് വകുപ്പിൽ ഉദ്യോഗസ്ഥനുമാണ് ലേഖകൻ. മനോരമ സമ്പാദ്യം ഫെബ്രുവരി ലക്കം 'ബാലൻസ് ഷീറ്റ്' പംക്തിയിൽ പ്രസിദ്ധീകരിച്ചത്.)