താമസസൗകര്യമില്ല; പൊലീസ് സഹായം തേടി എട്ടടി രണ്ടിഞ്ചുകാരൻ അഫ്ഗാൻ ആരാധകൻ
Mail This Article
ലക്നൗ (ഉത്തർപ്രദേശ്) ∙ ഏറെ പ്രയാസപ്പെട്ടാണു ഷേർ ഖാൻ എന്ന ക്രിക്കറ്റ് ആരാധകൻ അഫ്ഗാനിസ്ഥാന്റെ മത്സരം കാണാൻ കാബൂളിൽനിന്നു ലക്നൗവിലെത്തിയത്. എന്നാൽ, തന്റെ യാത്രയെക്കാൾ വലിയ പ്രയാസമാണ് ഇവിടെ ഷേർ ഖാനെ കാത്തിരുന്നത്. താമസിക്കാൻ ഒരു മുറി കിട്ടാതെ 3 ദിവസം ഈ ആരാധകന് അലഞ്ഞു തിരിയേണ്ടി വന്നു.
ഏതു ഹോട്ടലിൽ ചെന്നാലും ഷേർ ഖാനെ കാണുമ്പോൾതന്നെ ജീവനക്കാർ നോ പറയും. കാരണം ഒന്നേയുള്ളൂ: ഷേർ ഖാന്റെ ഉയരം. എട്ടടി രണ്ടിഞ്ചാണ് (2.489 മീറ്റർ) ഈ കാബൂൾ സ്വദേശിയുടെ ഉയരം. ഇത്രയും പൊക്കമുള്ള ആൾക്കു തല മുട്ടാതെ താമസിക്കാൻ പറ്റിയ സൗകര്യം ഇല്ലെന്നു പറഞ്ഞാണു ഹോട്ടലുകാർ ഷേർ ഖാനെ മടക്കിയത്. ഒടുവിൽ പൊലീസ് സ്റ്റേഷനിലെത്തി ഖാൻ പരാതി നൽകി. പൊലീസുകാർ ഇടപെട്ടു താമസസ്ഥലം ഒരുക്കുകയും ചെയ്തു.
വെസ്റ്റിൻഡീസിനെതിരായ അഫ്ഗാനിസ്ഥാന്റെ ഏകദിന മത്സരം കാണാനാണു ഷേർ ഖാൻ ലക്നൗവിലെത്തിയത്. ആഭ്യന്തരപ്രശ്നങ്ങൾമൂലം അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ട് ഇപ്പോൾ ഇന്ത്യയാണ്. ആദ്യ ഏകദിനത്തിൽ ഖാന്റെ ടീം മോശം ബാറ്റിങ് പ്രകടനമാണു നടത്തിയത്. വിൻഡീസിനെതിരെ 45.2 ഓവറിൽ 194 റൺസിനു പുറത്തായി. വിൻഡീസ് ഏഴു വിക്കറ്റിന് മത്സരം ജയിക്കുകയും ചെയ്തു.
English Summary: Eight feet two inch long Afghan cricket fan search for room