ഒരു ഇരട്ടസെഞ്ചുറി, കുറേ ഫിഫ്റ്റി, പിന്നൊരു ‘സൈക്കോ ബോളർ’: ഇൻഡോറിലെ സംഹാരം
Mail This Article
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചൊരു ക്രിക്കറ്റ് ട്രോളുണ്ട്. ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലേസി ബംഗ്ലദേശ് ടീമുമായി നടത്തുന്ന സംഭാഷണമാണ് ട്രോൾ. അത് ഇങ്ങനെയാണ്:
ഡുപ്ലേസി: 200നു താഴെ ഓൾഔട്ടായി അല്ലേ?
ബംഗ്ലദേശ്: അതേ
ഡുപ്ലേസി: ഓപ്പണിങ് കേറിയതിൽ ഒരുത്തൻ ഡബിൾ അടിച്ചല്ലേ?
ബംഗ്ലദേശ്: അതേ
ഡുപ്ലേസി: പിന്നെ വന്നവൻമാർ കുറച്ചുപേർ ഫിഫ്റ്റി അടിച്ചല്ലേ?
ബംഗ്ലദേശ്: അതേ
ഡുപ്ലേസി: അവസാനം വന്ന ഒരു സൈക്കോ ബോളർ തലങ്ങും വിലങ്ങും അടിച്ചല്ലേ?
ബംഗ്ലദേശ്: ജ്യോത്സ്യൻ ആണോ?
–––––––––––––
സമകാലീന ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം നടത്തിവരുന്ന സമാനതകളില്ലാത്ത വിസ്മയക്കുതിപ്പിനെ ഏറെക്കുറെ അടയാളപ്പെടുത്തുന്നുണ്ട്, ഈ ട്രോൾ. ആദ്യം വെസ്റ്റിൻഡീസിനെ അവരുടെ നാട്ടിൽ കീഴടക്കി. പിന്നെ ദക്ഷിണാഫ്രിക്കയെ സ്വന്തം നാട്ടിൽ നിസാരരാക്കി. പിന്നാലെ ഇൻഡോറിൽ മറ്റൊരു ഐതിഹാസിക വിജയം കുറിച്ച് ടീം വിജയക്കുതിപ്പു തുടരുമ്പോൾ, ആരാധകരും ആവേശത്തിലാണ്. സ്ഥിരം വിജയശിൽപികളായ ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശര്‍മയും തീർത്തും നിറംമങ്ങിയ മത്സരത്തിലാണ് ഈ വിജയമെന്നത് ടീമെന്ന നിലയിൽ ഇന്ത്യയുടെ കരുത്തു വെളിവാക്കുന്നതാണ്.
അയൽക്കാരാണെങ്കിലും ആ പരിഗണനയൊന്നും നൽകാതെ ബംഗ്ലദേശിനെ ‘നിർദ്ദയം’ ശിക്ഷിച്ച ഇന്ത്യ, ഇന്നിങ്സിനും 130 റൺസിനുമാണ് ഇൻഡോറിൽ ജയിച്ചുകയറിയത്. തുടർച്ചയായ മൂന്നാം ഇന്നിങ്സ് ജയം കുറിച്ച ഇന്ത്യ, ടെസ്റ്റ് ചരിത്രത്തിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന മറ്റൊരു അസുലഭ നിമിഷവും ആരാധകർക്കു സമ്മാനിച്ചു. ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞ് ഒന്നാം ഇന്നിങ്സിൽ 150 റൺസിനു പുറത്തായ ബംഗ്ലദേശിനെതിരെ, മായങ്ക് അഗർവാളിന്റെ ഇരട്ടസെഞ്ചുറിയുടെ കരുത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 493 റൺസാണ് ഇന്ത്യ നേടിയത്. 343 റൺസിന്റെ ഒന്നാം ഇന്നിങ്സ് കടവുമായി വീണ്ടും ബാറ്റെടുത്ത ബംഗ്ലദേശ് ഇക്കുറി അൽപം പുരോഗതി കാട്ടി. 213 റൺസ് നേടിയെങ്കിലും ഇന്നിങ്സിനും 130 റൺസിനും തോറ്റു! രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലുമെത്തി.
ഇന്ത്യയുടെ വിസ്മയക്കുതിപ്പിനെ അതിലും വ്യക്തമായി അടയാളപ്പെടുത്തുന്ന മറ്റൊരിടമുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ പോയിന്റ് പട്ടിക. ടെസ്റ്റ് ലോകകപ്പിന്റെ ഭാഗമായി കളിച്ച ആറാം ടെസ്റ്റിലും ആധികാരിക വിജയം നേടിയ ഇന്ത്യയുടെ ആകെ പോയിന്റ് നേട്ടം മുന്നൂറിലെത്തി. രണ്ടാം സ്ഥാനത്തുള്ളത് ന്യൂസീലൻഡാണ്. അവർക്ക് ഇതുവരെന നേടാനായത് 60 പോയിന്റ് മാത്രം!
∙ ഇൻഡോറിലെ ‘മായങ്ക് ജാലം’
ടെസ്റ്റിലെ രണ്ടാം ഇരട്ടസെഞ്ചുറിയും ഇതുവരെയുള്ള ഉയർന്ന സ്കോറും കണ്ടെത്തിയ മായങ്ക് അഗർവാളിന്റെ അതുല്യ പ്രകടനം തന്നെയാണ് ഇൻഡോറിൽ ഇന്ത്യൻ തേരോട്ടത്തിനുള്ള ഇന്ധനമായത്. 330 പന്തുകൾ നേരിട്ട മായങ്ക് 28 ഫോറും എട്ടു സിക്സും സഹിതം 243 റൺസെടുത്ത് പുറത്തായി. 304 പന്തിൽ 25 ഫോറും അഞ്ച് സിക്സും സഹിതമാണ് മായങ്ക് താരതമ്യേന ചെറിയ കരിയറിലെ രണ്ടാം ഇരട്ടസെഞ്ചുറിയിലേക്ക് എത്തിയത്. മെഹ്ദി ഹസ്സനെ സിക്സർ പറത്തി രാജകീയമായി മായങ്ക് ഇരട്ടസെഞ്ചുറി തൊട്ടപ്പോൾ വീരേന്ദർ സേവാഗിനെ അനുസ്മരിച്ചവർ ഏറെ.
ഈ ഇരട്ടസെഞ്ചുറിയോടെ ഏറ്റവും കുറവ് ഇന്നിങ്സുകളിൽനിന്ന് രണ്ട് ഇരട്ടസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി അഗർവാൾ മാറി. രാജ്യാന്തര ക്രിക്കറ്റിലെ 12–ാം ഇന്നിങ്സിലാണ് അഗർവാൾ രണ്ടാം ഇരട്ടസെഞ്ചുറിയിലെത്തിയത്. അഞ്ചാം ഇന്നിങ്സിൽ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ ഇന്ത്യക്കാരന്‍ തന്നെയായ വിനോദ് കാംബ്ലിയാണ് മുന്നിൽ. 13–ാം ഇന്നിങ്സിൽ രണ്ടാം ഇരട്ടസെഞ്ചുറി നേടിയ ഡോൺ ബ്രാഡ്മാൻ പിന്നിലായി. ബംഗ്ലദേശിനെതിരെ ഇന്ത്യൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണ് മായങ്കിന്റെ 243. 2004–05ൽ ധാക്കയിൽ 248 റൺസെടുത്ത് പുറത്താകാതെ നിന്ന സച്ചിന്‍ തെൻഡുൽക്കറാണ് മുന്നിൽ.
ഇന്ത്യയ്ക്കായി രണ്ട് ഇരട്ടസെഞ്ചുറി നേടിയ ഓപ്പണർമാരിൽ വസിം ജാഫർ, വിനൂ മങ്കാദ് എന്നിവർക്കൊപ്പം മൂന്നാം സ്ഥാനത്തെത്താനും മായങ്കിനായി. ഇതോടെ തുടർച്ചയായ നാലു ടെസ്റ്റുകളിൽ താരങ്ങൾ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ടീമെന്ന റെക്കോർഡ് ഇന്ത്യയ്ക്കും സ്വന്തം. മായങ്ക് അഗർവാൾ – 215 (വിശാഖപട്ടണത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരെ), വിരാട് കോലി 254* (പുണെയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ), രോഹിത് ശർമ – 212 (റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ) എന്നിവരാണ് കഴിഞ്ഞ മൂന്നു ടെസ്റ്റുകളിൽ ഇന്ത്യയ്ക്കായി ഇരട്ടസെഞ്ചുറി നേടിയത്.
ഒന്നാം ഇന്നിങ്സുകൾ മായങ്കിന് ഒരു ‘വീക്നെസ്’ ആണെന്നും ഇന്‍ഡോർ ടെസ്റ്റ് ഉറപ്പിച്ചു പറയുന്നു. ഒന്നാം ഇന്നിങ്സുകളിൽ സവിശേഷമായ കളി പുറത്തെടുക്കുന്ന അഗർവാള്‍, ഇതുവരെ എട്ടു തവണ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്തതിൽ രണ്ടു തവണ ഇരട്ടസെഞ്ചുറി നേടി. ഒരു തവണ സെഞ്ചുറിയും മൂന്നു തവണ അർധസെഞ്ചുറിയും നേടി. ഒന്നാം ഇന്നിങ്സുകളിൽ മായങ്കിന്റെ പ്രകടനം ഇങ്ങനെ:
76 - ഓസ്ട്രേലിയയ്‌ക്കെതിരെ മെൽബണിൽ
77 – ഓസ്ട്രേലിയയ്‌ക്കെതിരെ സിഡ്നിയിൽ
5 – വെസ്റ്റിൻഡീസിനെതിരെ നോർത്ത് സൗണ്ടിൽ
55 – വെസ്റ്റിന്‍ഡീസിനെതിരെ കിങ്സ്റ്റണിൽ
215 – ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിശാഖപട്ടണത്ത്
108 – ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുണെയിൽ
10 – ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ
243 – ബംഗ്ലദേശിനെതിരെ ഇൻഡോറിൽ
∙ രോഹിതും കോലിയും ഇല്ലെങ്കിലും...
ഇന്ത്യ ഏറെ പ്രതീക്ഷ വച്ചിരുന്ന ഓപ്പണർ രോഹിത് ശർമ വെറും ആറു റൺസുമായി പുറത്തായതിന്റെ ഞെട്ടലോടെയാണ് ഇൻഡോറിൽ ഇന്ത്യൻ ഇന്നിങ്സ് ആരംഭിച്ചത്. ക്യാപ്റ്റൻ വിരാട് കോലി പൂജ്യത്തിനു പുറത്താകുക കൂടി ചെയ്തതോടെ ഞെട്ടൽ ഇരട്ടിയായി. ട്വന്റി20യിലേതുപോലെ ആദ്യ ടെസ്റ്റിലും ബംഗ്ലദേശ് ഇന്ത്യയെ ഞെട്ടിക്കുമോ എന്ന് ആരാധകർ ആശങ്കപ്പെട്ടിരിക്കെയാണ്, ‘ഇത് പഴയ ഇന്ത്യയല്ല’ എന്ന പ്രഖ്യാപനവുമായി മറ്റു താരങ്ങളുടെ വരവ്.
ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യൻ ക്രിക്കറ്റിനുമുന്നിൽ വയ്ക്കുന്ന സുവിശേഷവും അതുതന്നെയാണ്; ഒരു വിരാട് കോലിയോ രോഹിത് ശർമയോ നിറംമങ്ങിയാൽ തീര്‍ന്നുപോകുന്നതല്ല, ടീം ഇന്ത്യ! ഇൻഡോറിൽ മായങ്ക് അഗർവാൾ ഇന്ത്യൻ ബാറ്റിങ്ങിന്റെ തേരാളിയായപ്പോൾ, ഉറച്ച പിന്തുണ നൽകി അർധസെഞ്ചുറി പിന്നിട്ടവർ മൂന്നുപേരാണ്. ചേതേശ്വർ പൂജാര (72 പന്തിൽ 54), അജിൻക്യ രഹാനെ (172 പന്തിൽ 86), രവീന്ദ്ര ജഡേജ (76 പന്തിൽ പുറത്താകാതെ 60). തുടർച്ചയായ രണ്ടാം ടെസ്റ്റിലും ബാറ്റിങ് വിസ്ഫോടനവുമായി ഞെട്ടിച്ച ഉമേഷ് യാദവ് 10 പന്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു.
രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളും സെഞ്ചുറിയുടെ വക്കോളമെത്തിയ ഒരു അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്താണ് ഇന്ത്യ ഇൻഡോറിൽ കൂറ്റൻ സ്കോറിലേക്ക് എത്തിയത്. നാലാം വിക്കറ്റിൽ മായങ്ക് – രഹാനെ സഖ്യം കൂട്ടിച്ചേർത്ത 190 റൺസാണ് മത്സരത്തിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റിൽ മായങ്ക് – ജഡേജ സഖ്യം കൂട്ടിച്ചേർത്ത 123 റൺസാണ് രണ്ടാമത്തെ സെഞ്ചുറി കൂട്ടുകെട്ട്. രണ്ടാം വിക്കറ്റിൽ പൂജാര – മായങ്ക് സഖ്യത്തിന്റെ 91 റൺസെടുത്തപ്പോൾ പിരിയാത്ത ഏഴാം വിക്കറ്റിൽ ജഡേജ– യാദവ് സഖ്യം 39 റൺസ് കൂട്ടിച്ചേർത്തു; അതും വെറും 19 പന്തിൽനിന്ന്!
ഇന്ത്യൻ ബാറ്റിങ്ങിന് രവീന്ദ്ര ജഡേജ നൽകുന്ന വൈവിധ്യവും ഇവിടെ എടുത്തുപറയണം. കഴിഞ്ഞ ടെസ്റ്റുകളിലെല്ലാം തുടർച്ചയായി അർധസെഞ്ചുറി നേടിയ ജഡേജ, ഇന്ത്യൻ ബാറ്റിങ്ങിന്റെ വേഗം വർധിപ്പിക്കുന്ന രാസത്വരകമായി പ്രവർത്തിക്കുന്നത് ഇൻഡോറിലും കണ്ടു. മുൻനിര ബാറ്റ്സ്മാൻമാർ നിലയുറപ്പിച്ച് മികച്ച സ്കോർ ഉറപ്പാക്കുമ്പോൾ, അവസാനമിറങ്ങി വേഗം കൂട്ടാനുള്ള ദൗത്യം ജഡജേ ഭംഗിയാക്കി. ഇപ്പോൾ കൂട്ടിന് ഉമേഷ് യാദവുമുണ്ട്.
∙ പേസാണ് കരുത്ത്, പേസ് ത്രയവും!
ഇന്ത്യൻ ക്രിക്കറ്റിൽ അത്ര വലിയ സ്വാധീന ശക്തിയൊന്നുമല്ലാതിരുന്ന പേസ് ബോളിങ് ഡിപ്പാർട്മെന്റ് വിസ്മയ പ്രകടനം ഇൻഡോറിലും തുടർന്നതോടെയാണ് മറ്റൊരു ഇന്നിങ്സ് ജയം സാധ്യമായത്. സ്പിന്നർമാരെ മാത്രം മുൻനിർത്തി എതിരാളികളെ കറക്കിവീഴ്ത്തിയിരുന്ന ആ കാലമൊക്കെ പോയി. ഇപ്പോഴത്തെ അവസ്ഥയിൽ പേസ് ബോളർമാരാണ് ഇന്ത്യൻ ബോളിങ് ആക്രമണത്തിന്റെ നായകർ. സ്പിന്നർമാർക്ക് സഹ വേഷം മാത്രം! പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെയുടെ നിരീക്ഷണത്തിലുണ്ട്, ഇതിന്റെ രത്നച്ചുരുക്കം:
കുട്ടിയായിരിക്കെ ക്രിക്കറ്റ് ആസ്വദിച്ചു തുടങ്ങിയ കാലം മുതൽ സ്പിന്നർമാരെ സഹായിക്കുന്ന പിച്ചുകളെ മാത്രമേ ഇവിടെ പരിചയമുള്ളൂ. അവിടെനിന്ന് ഇത്രയും മികച്ച പേസ് ആക്രമണം സ്വന്തമാക്കുന്ന തലത്തിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് വളർന്നത് സന്തോഷകരമായ മാറ്റമാണ്! അദ്ദേഹം ഒന്നുകൂടി പറഞ്ഞു; ഇന്ത്യൻ മണ്ണിൽ നടക്കുന്ന ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു സെഷനിലുടനീളം സ്പിന്നർമാർ ഒരു പന്തുപോലും എറിയാതെ പേസ് ബോളർമാർ മാത്രം ബോൾ ചെയ്യുന്നത് കാണാനാകുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല! ഉവ്വ്, ഇൻഡോറിൽ അങ്ങനെയുമൊന്നു സംഭവിച്ചു.
ഇൻഡോർ ടെസ്റ്റിൽ ബോളർമാർക്കു ലഭിച്ച 19 ബംഗ്ലദേശ് വിക്കറ്റുകളിൽ 14 എണ്ണവും പോക്കറ്റിലാക്കിയത് മുഹമ്മദ് ഷമി – ഉമേഷ് യാദവ് – ഇഷാന്ത് ശർമ ത്രയമാണ്. രണ്ട് ഇന്നിങ്സിലുമായി ഷമിക്കു കിട്ടിയത് ഏഴു വിക്കറ്റ്. ഉമേഷ് യാദവ് നാലും ഇഷാന്ത് ശർമ മൂന്നും വിക്കറ്റ് വീഴ്ത്തി. അഞ്ച് വിക്കറ്റുമായി അശ്വിൻ സഹനടന്റെ വേഷം ഭംഗിയാക്കി. രണ്ട് ഇന്നിങ്സിലുമായി 17 ഓവർ ബോൾ ചെയ്തിട്ടും രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ് പോലും ലഭിക്കാതെ പോയതിനും ഇൻഡോർ സാക്ഷിയായി!
ഇന്ത്യൻ പേസർമാരിൽത്തന്നെ മുഹമ്മദ് ഷമിയുടെ മികവ് എടുത്തുപറയണം. പ്രത്യേകിച്ചും രണ്ടാം ഇന്നിങ്സിൽ. റെഡ് ബോൾ ക്രിക്കറ്റിൽ ലോകത്ത് ഇപ്പോഴുള്ള ഏറ്റവും മികച്ച ബോളർ ഷമിയാണെന്ന് ഗൗതം ഗംഭീർ പറഞ്ഞത് വെറുതെയല്ല. രണ്ടാം ഇന്നിങ്സിലെ ‘കില്ലർ’ എന്ന് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ഷമിയെ വിളിക്കുന്നതും വെറുതെയല്ല. ഇന്ത്യൻ മണ്ണിൽ മുഹമ്മദ് ഷമിയുടെ മികച്ച ബോളിങ് പ്രകടനങ്ങൾ നോക്കൂ:
5/35 – ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിശാഖപട്ടണത്ത്, 2019/10
5/47 – വെസ്റ്റിൻഡീസിനെതിരെ കൊൽക്കത്തയിൽ, 2013/14 - അരങ്ങേറ്റം
4/31 – ബംഗ്ലദേശിനെതിരെ ഇന്‍ഡോറിൽ, 2019/20 *
4/71 – വെസ്റ്റിൻഡീസിനെതിരെ കൊൽക്കത്തയിൽ 2013/14 - അരങ്ങേറ്റം
ഇതിൽ മൂന്നും രണ്ടാം ഇന്നിങ്സിലാണ്!
∙ മറക്കരുത്, കൈവിട്ട ക്യാച്ചും...
ഇൻഡോറിൽ ഇന്ത്യ നേടിയത് ആധികാരിക വിജയമാണെന്ന് നിസംശയം പറയാമെങ്കിലും തിരുത്തേണ്ട പിഴവുകളും ചില്ലറയല്ലെന്ന് ഈ മത്സരം ഓർമിപ്പിക്കുന്നുണ്ട്. അതിലൊന്ന് ഫീൽഡിങ് തന്നെ! സമീപകാലത്ത് പേസ് ബോളിങ്ങിനൊപ്പം ഇന്ത്യ ഏറ്റവും വളർച്ച രേഖപ്പെടുത്തിയ മേഖലയായാണ് ഫീൽഡിങ് കരുതപ്പെട്ടിരന്നത്. ആ വിശ്വാസത്തിൽ ചില തിരുത്തലുകൾ അത്യാവശ്യമാണെന്ന് ഇൻഡോർ ടെസ്റ്റ് ഓർമിപ്പിക്കുന്നു. സ്ലിപ്, ഗള്ളി പോലുള്ള തന്ത്രപ്രധാനമായ മേഖലകളിലാണ് ഇന്ത്യൻ താരങ്ങൾ കൂടുതൽ ക്യാച്ചുകൾ കൈവിട്ടതെന്നത് ആശങ്കയേറ്റുന്നു.
രസമതല്ല. ക്യാപ്റ്റൻ വിരാട് കോലി, വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ, ഏകദിന ടീം ഉപനായകൻ രോഹിത് ശർമ എന്നിവരാണ് ക്യാച്ചുകൾ കൈവിട്ട് വില്ലൻമാരായത്! രണ്ട് ഇന്നിങ്സിലുമായി അര ഡസനിലധികം അനായാസ ക്യാച്ചുകളാണ് ഇന്ത്യൻ താരങ്ങൾ നിലത്തിട്ടത്. ബംഗ്ലദേശുകാർക്ക് അതുകൊണ്ട് കാര്യമായ നേട്ടമുണ്ടാക്കാനാകാതെ പോയത് ഇന്ത്യയുടെ ഭാഗ്യം. പക്ഷേ, കരുത്തരായ ടീമുകളെ നേരിടുമ്പോൾ ഇത്തരം ഫീൽഡിങ് പിഴവുകൾക്ക് ചിലപ്പോൾ പിഴയായി നൽകേണ്ടി വരിക ആ മത്സരം തന്നെയായിരിക്കും.
മുഷ്ഫിഖുർ റഹിമാണ് ഇന്ത്യൻ താരങ്ങളുടെ കൈവിട്ട കളിയിൽ ഏറ്റവും നേട്ടമുണ്ടാക്കിയത്. ഒന്നാം ഇന്നിങ്സിൽ രഹാനെയും കോലിയും ചേർന്ന് മൂന്നു തവണയാണ് റഹിമിനെ കൈവിട്ടത്. രണ്ടാം ഇന്നിങ്സിൽ ആ ദൗത്യം രോഹിത് ‘ഏറ്റെടുത്തു’. രണ്ട് ഇന്നിങ്സിലും ‘ജീവൻ’ മുതലെടുത്ത് റഹിം ടീമിന്റെ ടോപ് സ്കോററായി. രണ്ടാം ഇന്നിങ്സിൽ വ്യക്തിഗത സ്കോർ നാലിൽ നിൽക്കെയാണ് രോഹിത് റഹിമിനെ കൈവിട്ടത്. 64 റൺസെടുത്ത റഹിം ഒൻപതാമനായാണ് പുറത്തായത്! അതേസമയം, തെറ്റു തിരുത്താനുള്ള ആർജവം ഇതേ മത്സരത്തിൽത്തന്നെ ഇന്ത്യൻ താരങ്ങൾ കാട്ടിയത് പ്രശംസനീയമാണ്. രണ്ടാം ഇന്നിങ്സിൽ റഹിമിന്റെ ക്യാച്ച് കൈവിട്ട രോഹിത്, ഉച്ചഭക്ഷണ സമയത്ത് ക്യാച്ചിങ് പരിശീലനത്തിനായി പ്രത്യേകം സമയം കണ്ടെത്തിയിരുന്നു. അതിന്റെ ഗുണവും ലഭിച്ചു. രണ്ടാം സെഷനിൽ സ്ലിപ്പിൽത്തന്നെ മഹ്മൂദുല്ലയെ പിഴവുകളൊന്നും കൂടാതെ കയ്യിലൊതുക്കി, രോഹിത്. വരും മത്സരങ്ങളിൽ ഇതേ ആറ്റിറ്റ്യൂഡാണ് മറ്റു താരങ്ങളിൽനിന്നും ആരാധകർ പ്രതീക്ഷിക്കുന്നത്!
∙ വളരുന്ന ആത്മവിശ്വാസം, കുതിക്കുന്ന ക്യാപ്റ്റൻ
ബാറ്റ്സ്മാനെന്ന നിലയിൽ പൂജ്യത്തിനു പുറത്തായി നിരാശപ്പെടുത്തിയെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി ആർജിക്കുന്ന വർധിത വീര്യവും ഇൻഡോർ ടെസ്റ്റ് കാണിച്ചുതരുന്നുണ്ട്. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഗാംഗുലിയെയും അതിശയിക്കും, കോലി. ഇന്‍ഡോർ ടെസ്റ്റിൽ സെഞ്ചുറിയില്‍നിന്ന് ഇരട്ടസെഞ്ചുറിയിലേക്കുള്ള മായങ്ക് അഗർവാളിന്റെ കുതിപ്പിൽ വിരാട് കോലിയുടെ പങ്ക് അവഗണിക്കാനാകില്ല. ഇക്കാര്യം മത്സരശേഷം മായങ്ക് തന്നെ തുറന്നുപറഞ്ഞിരുന്നു.
സെഞ്ചുറി നേടിയശേഷം പവലിയനിലേക്കു നോക്കി ആഹ്ലാദം പ്രകടിപ്പിച്ച മായങ്കിനോട് ഇരട്ടസെഞ്ചുറിക്കായി ശ്രമിക്കൂ എന്ന് ആംഗ്യം കാട്ടിയ കോലിയെ എങ്ങനെ മറക്കും. ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ശേഷം ഇനി ട്രിപ്പിൾ സെഞ്ചുറിയും വേണം എന്നു പറഞ്ഞ കോലിയും നിറമുള്ള ക്രിക്കറ്റ് കാഴ്ചയായി. ഇതേ ബോളിങ് നിരയ്ക്കെതിരെ പൂജ്യത്തിന് പുറത്തായി മടങ്ങിയ കോലിയാണ് കരിയറിലെ എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന മായങ്കിനെ നിർലോഭം പിന്തുണയ്ക്കുന്നതെന്ന് ഓർക്കണം. യുവതാരങ്ങളെ ഞാൻ പിന്തുണച്ചില്ലെങ്കിൽ മറ്റാര് അതു ചെയ്യും എന്നായിരുന്നു ഇതേക്കുറിച്ച് കോലിയുടെ പ്രതികരണം.
കോലിക്കു കീഴിൽ ഇന്ത്യ നേടുന്ന വിജയങ്ങള്‍ക്കു കാരണം ഷമി – ഇഷാന്ത് – ഉമേഷ് പേസ് ത്രയത്തെ ലഭിച്ചതാണെന്ന് പറയുന്നവർ, ഇവരെ വളർത്തിയെടുത്തതും കോലിയാണെന്ന കാര്യം മറക്കരുത്. ഈ മൂവർ സംഘത്തിൽ കോലി പുലർത്തിയ വിശ്വാസം തന്നെയാണ് ഇവർ തിരിച്ചുകൊടുക്കുന്നത്. ഇൻഡോർ ടെസ്റ്റിനു മുന്നോടിയായി, ഇന്ത്യയുടെ പേസ് ത്രയത്തെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബോളിങ് യൂണിറ്റുകളിൽ ഒന്ന് എന്നു വിളിച്ച മാധ്യമപ്രവർത്തകനെ കോലി തിരുത്തി; ഏറ്റവും മികച്ച മൂന്നെണ്ണത്തിൽ ഒന്നല്ല, ഏറ്റവം മികച്ചതാണ് എന്റെ പേസ് ബോളിങ് ഡിപ്പാർട്ട്മെന്റ്! നല്ലതുപറയാൻ അസാമാന്യ പിശുക്കു കാട്ടുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇൻഡോർ ടെസ്റ്റിനു തൊട്ടുപിന്നാലെ ട്വീറ്റ് ചെയ്തു; ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ വളരുന്നയാളാണ് വിരാട്!
∙ ട്രോളിലുമുണ്ട്, സത്യം!
ഈ ലേഖനത്തിന്റെ പ്രതിപാദിച്ച ട്രോൾ, വെറുമൊരു ട്രോൾ മാത്രമല്ലെന്ന് ഇന്ത്യയുടെ കഴിഞ്ഞ ഏതാനും ടെസ്റ്റുകളിലെ പ്രകടനം ശ്രദ്ധിച്ചവർക്കറിയാം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തുടങ്ങി ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റ് വരെ തുടർച്ചയായി നാലു ടെസ്റ്റുകളിലും ഇന്ത്യൻ താരങ്ങൾ ഇരട്ടസെഞ്ചുറി നേടിയിട്ടുണ്ട്. വിശാഖപട്ടണത്തു നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ മായങ്ക് അഗർവാളിനായിരുന്നു ഈ ചുമതല. 371 പന്തിൽ 23 ഫോറും ആറു സിക്സും സഹിതമാണ് മായങ്ക് ഇരട്ടസെഞ്ചുറി നേടിയത്. പുണെയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കോലി ദൗത്യമേറ്റു. 336 പന്തിൽ 33 ഫോറും രണ്ടു സിക്സും സഹിതം 254 റൺസ് നേടി കോലി പുറത്താകാതെ നിന്നു.
റാഞ്ചിയിൽ നടന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്കായിരുന്നു ‘ഇരട്ടസെഞ്ചുറി ദൗത്യം’. 255 പന്തിൽ 28 ഫോറും ആറു സിക്സും സഹിതം രോഹിത് നേടിയത് 212 റൺസ്! ഇതിനു പിന്നാലെയാണ് ബംഗ്ലദേശിനെതിരായ ഒന്നാം ടെസ്റ്റിൽ മായങ്ക് വീണ്ടും ഇരട്ടസെഞ്ചുറി നേടിയത്. 330 പന്തിൽ 28 ഫോറും എട്ടു സിക്സും നിറംചാർത്തിയ ഇന്നിങ്സ്!
ഈ നാലു മത്സരങ്ങളിലുമായി എട്ട് ഇന്നിങ്സിൽ അഞ്ചിലും എതിരാളികളെ ഇന്ത്യ 200നു ചുവടെ ഒതുക്കി. വിശാഖപട്ടണത്ത് ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 431 റൺസ് നേടിയതാണ് ഉള്ളതിൽ കൂടിയ സ്കോർ. ഈ മത്സരങ്ങളിലെല്ലാം ഇന്ത്യൻ താരങ്ങൾ യഥേഷ്ടം അർധസെഞ്ചുറിയും അടിച്ചുകൂട്ടി. ഏറ്റവും ശ്രദ്ധേയമായ കാര്യം അതല്ല. ഈ നാലു ടെസ്റ്റുകളിലുമായി ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയത് അഞ്ച് ഇന്നിങ്സുകളിൽ മാത്രമാണ്. അതിൽത്തന്നെ ഓൾഔട്ടായ ഇന്നിങ്സ് ഒന്നുപോലുമില്ല. അഞ്ചു തവണയും ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. ഈ അഞ്ച് ഇന്നിങ്സുകളിൽനിന്ന് ഇന്ത്യൻ താരങ്ങൾ അടിച്ചുകൂട്ടിയ ഇരട്ടസെഞ്ചുറികൾ – നാല്, സെഞ്ചുറികൾ – അഞ്ച്, അർധസെഞ്ചുറികൾ – എട്ട് എന്നിങ്ങനെയാണ്!
ഇനി ഏറ്റവും ഒടുവിൽ പറഞ്ഞ ആ ‘സൈക്കോ ബോളർ’ – അത് ഉമേഷ് യാദവാണ്. ഇന്ത്യൻ ബാറ്റിങ്ങിലെ പുതിയ താരോദയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ വെറും 10 പന്തിൽനിന്ന് അഞ്ച് പടുകൂറ്റൻ സിക്സുകളുടെ അകമ്പടിയോടെ 31 റൺസെടുത്ത റെക്കോർഡ് പ്രകടനത്തോടെയാണ് യാദവ് ശ്രദ്ധ നേടുന്നത്. ഇതിനു പിന്നാലെ ബംഗ്ലദേശിനെതിരെ 10 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 25 റൺസുമായി പുറത്താകാതെ നിന്ന് യാദവ് വീണ്ടും ഞെട്ടിച്ചു!
∙ കഷ്ടം, ബംഗ്ലദേശ്
ബംഗ്ലദേശിന്റെ കാര്യമാണ് കഷ്ടം. സാക്ഷാൽ ദക്ഷിണാഫ്രിക്ക പോലും ഇന്ത്യയ്ക്കെതിരെ മുട്ടുമടക്കിയ സ്ഥാനത്ത് ബംഗ്ലദേശ് അദ്ഭുതങ്ങൾ കാട്ടുമെന്ന് പ്രതീക്ഷിച്ചവർ ഉണ്ടാകില്ലെന്നതു സത്യം തന്നെ. എങ്കിലും ബംഗ്ലദേശ് തോറ്റ രീതി തീർത്തും നിരാശപ്പെടുത്തിക്കളഞ്ഞു. ഇന്നിങ്സിനും 130 റൺസിനും തോറ്റതിനേക്കാൾ, അഞ്ചു ദിവസമുള്ള ടെസ്റ്റ് മൂന്നാം ദിനം തന്നെ തോറ്റു എന്നതാകും ബംഗ്ലദേശിനെ നിരാശപ്പെടുത്തിയത്. ഇന്ത്യൻ ഫീൽഡർമാർ സഹായിച്ചിരുന്നില്ലെങ്കിൽ മൂന്നാം ദിനം രണ്ടാം സെഷനിൽത്തന്നെ തീരേണ്ട മത്സരമായിരുന്നു ഇത് എന്നും ഓർക്കണം.
ബോളിങ്ങിൽ അബു ജായേദിന്റെയും ബാറ്റിങ്ങിൽ മുഷ്ഫിഖുർ റഹിമിന്റെയും പ്രകടനങ്ങൾ മാത്രമുണ്ട് ബംഗ്ലദേശിന് ഓർമിക്കാൻ. അതിൽത്തന്നെ ഇന്ത്യൻ ഫീൽഡർമാർ തുടർച്ചയായി കൈവിട്ടു സഹായിച്ചതോടെയാണ് റഹിം രണ്ട് ഇന്നിങ്സിലും അവരുടെ ടോപ് സ്കോററായത്. ഇന്ത്യൻ ബാറ്റ്സ്മാൻമാരെ പരീക്ഷിക്കാൻ ശേഷിയുള്ള ക്വാളിറ്റി സ്പിന്നറുടെ അഭാവവും ബംഗ്ലാ നിരയിൽ നിഴലിച്ചുകണ്ടു. മാത്രമല്ല ഷാക്കിബ് അൽ ഹസ്സൻ, തമിം ഇക്ബാൽ എന്നീ വമ്പൻമാരുടെ അസാന്നിധ്യവും തെളിഞ്ഞുകണ്ടു.
പ്രകടനം മെച്ചപ്പെടുത്താൻ അവർ കാര്യമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെ പിങ്ക് ബോൾ ടെസ്റ്റും ഇന്ത്യയ്ക്ക് വിജയത്തിന്റെ മറ്റൊരു പറുദീസ തീർക്കാനാണ് സാധ്യത.
∙ കണക്കുകളിലെ കളി
ടെസ്റ്റിൽ ഇന്ത്യയുടെ തുടർച്ചയായ ആറാം വിജയമാണിതെന്ന പ്രത്യേകതയുമുണ്ട്. ഇതിനു മുൻപ് ഒരിക്കൽ മാത്രമാണ് ഇന്ത്യ ടെസ്റ്റിൽ തുടർച്ചയായി ആറു ജയം നേടിയിട്ടുള്ളത്. 2013ൽ ധോണിക്കു കീഴിൽ ഓസീസിനെതിരെ നാലും വിൻഡീസിനെതിരെ രണ്ടും ജയമാണ് അന്ന് നേടിയത്.
∙ ബംഗ്ലദേശിന്റെ അവസാന ആറ് എവേ ടെസ്റ്റുകൾ
ഇന്നിങ്സിനും 254 റൺസിനും തോറ്റു
ഇന്നിങ്സിനും 219 റൺസിനും തോറ്റു
166 റൺസിനു തോറ്റു
ഇന്നിങ്സിനും 52 റൺസിനും തോറ്റു
ഇന്നിങ്സിനും 12 റണ്‍സിനും തോറ്റു
ഇന്നിങ്സിനും 130 റൺസിനും തോറ്റു
∙ ഇന്ത്യൻ ക്യാപ്റ്റൻമാരിൽ കൂടുതൽ ഇന്നിങ്സ് വിജയങ്ങൾ
10 – വിരാട് കോലി
9 – എം.എസ്. ധോണി
8 – മുഹമ്മദ് അസ്ഹറുദ്ദീൻ
7 – സൗരവ് ഗാംഗുലി
∙ ഇന്ത്യ തുടർച്ചയായി മൂന്ന് ഇന്നിങ്സ് വിജയങ്ങൾ നേടിയത് 3 തവണ
1992/93 സീസൺ
ഇന്നിങ്സിനും 22 റൺസിനും ജയം (ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ)
ഇന്നിങ്സിനും 15 റൺസിനും ജയം (ഇംഗ്ലണ്ടിനെതിരെ മുംബൈയിൽ)
ഇന്നിങ്സിനും 13 റൺസിനും ജയം (സിംബാബ്‌വെയ്ക്കെതിരെ ഡൽഹിയിൽ)
1993/94 സീസൺ
ഇന്നിങ്സിനും 119 റൺസിനും ജയം (ശ്രീലങ്കയ്ക്കെതിരെ ലക്നൗവിൽ)
ഇന്നിങ്സിനും 95 റൺസിനും ജയം (ശ്രീലങ്കയ്ക്കെതിരെ ബെംഗളൂരുവിൽ)
ഇന്നിങ്സിനും 17 റൺസിനും ജയം (ശ്രീലങ്കയ്‌ക്കെതിരെ അഹമ്മദാബാദിൽ)
2019–20
ഇന്നിങ്സിനും 137 റൺസിനും ജയം (ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുണെയിൽ)
ഇന്നിങ്സിനും 202 റൺസിനും ജയം (ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ)
ഇന്നിങ്സിനും 130 റൺസിനും ജയം (ബംഗ്ലദേശിനെതിരെ ഇൻഡോറിൽ)
English Summary: India vs Bangladesh, 1st Test - , Match Analysis