ADVERTISEMENT

ഇൻഡോർ ∙ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ തന്നെ കാണികളുടെ മുഖത്ത് നിരാശ പടർന്നു തുടങ്ങിയിരുന്നു. ഇന്ത്യൻ ബാറ്റിങ് നിരയുടെ വെടിക്കെട്ടു പ്രതീക്ഷിച്ച് ഹോൾക്കർ സ്റ്റേഡിയത്തിലെത്തിയ ആരാധകർക്ക് ഒടുവിൽ ബോളിങ് നിരയുടെ പ്രകടനം കണ്ട് ആശ്വസിക്കേണ്ടി വന്നു. റൺമഴയ്ക്കു പേരുകേട്ട ഇൻഡോറിലെ വിക്കറ്റിൽ 143 റൺസ് വിജയലക്ഷ്യം ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്തിയില്ല. ഫലം: ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. സ്കോർ. ശ്രീലങ്ക: 9ന് 142. ഇന്ത്യ: 17.3 ഓവറിൽ 3ന് 144. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് അവിഷ്ക ഫെർണാണ്ടോയും ധനുഷ്ക ഗുണതിലകയും ഭേദപ്പെട്ട തുടക്കം നൽകി. ഒന്നാം വിക്കറ്റിൽ 4.4 ഓവറിൽ 38 റൺസാണ് സഖ്യം കൂട്ടിച്ചേർത്തത്. അവിഷ്കയെ പുറത്താക്കി വാഷിങ്ടൻ സുന്ദറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

പിന്നീട് നിശ്ചിത ഇടവേളകളിൽ ലങ്കൻ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. 28 പന്തിൽ 34 റൺസെടുത്ത കുശാൽ പെരേര ഇന്ത്യയ്ക്കു തലവേദനയാകുമെന്നു തോന്നിച്ചെങ്കിലും പെരേരയെ ശിഖർ ധവാന്റെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യൻ ആധിപത്യം ഉറപ്പാക്കി. ഇന്ത്യയ്ക്കു വേണ്ടി ഷാർദൂൽ ഠാക്കൂർ 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ യുവതാരം നവ്ദീപ് സെയ്നിയും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതം നേടി. പരുക്കിൽനിന്നു  തിരിച്ചെത്തിയ ജസ്പ്രീത് ബുമ്ര താളം കണ്ടെത്താൻ വൈകിയതൊഴിച്ചാൽ ഇന്ത്യൻ ബോളർമാർ മത്സരത്തിൽ സമ്പൂർണ ആധിപത്യം നിലനിർത്തി. 

സമ്മർദമില്ലാതെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാർ തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കി. 9 ഓവറിൽ 71 റൺസ് ചേർത്ത കെ.എൽ.രാഹുലും (45) ശിഖർ ധവാനും (32) ചേസിങ്ങിന് അടിത്തറ പാകിയപ്പോൾ പിന്നാലെ വന്ന  ശ്രേയസ് അയ്യർക്കും (34) വിരാട് കോലിക്കും (30*) കാര്യങ്ങൾ  എളുപ്പമായി. 18–ാം ഓവറിലെ മൂന്നാം പന്ത് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സറിനു പറത്തി രാജകീയ സ്റ്റൈലിൽ തന്നെ ക്യാപ്റ്റൻ കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

സ്കോർ ബോർഡ് : ടോസ് – ഇന്ത്യ

ശ്രീലങ്ക ബാറ്റിങ് 

ഗുണതിലക ബി സെയ്നി 20, അവിഷ്ക സി സെയ്നി ബി സുന്ദർ 22, പെരേര സി ധവാൻ  ബി കുൽദീപ് 34,  ഒഷാഡ സ്റ്റംപ്ഡ് പന്ത് ബി കുൽദീപ് 10,  രാജ്പക്സ സി പന്ത് ബി സെയ്നി  9, ശനക ബി ബുമ്ര 7, ഡി സിൽവ സി ദുബെ ബി ഷാർദൂൽ 17,  ഹസരംഗ 16 നോട്ടൗട്ട്,  ഉദാന സി സെയ്നി ബി ഷാർദൂൽ 1, മലിംഗ സി കുൽദീപ് ബി ഷാർദൂൽ 0, കുമാര 0 നോട്ടൗട്ട്, എക്സ്ട്രാസ് 6. ആകെ 20 ഓവറിൽ 9ന് 142. 

ബോളിങ്: ബുമ്ര 4 –0–32– 1, ഷാർദൂൽ 4– 0–23–3, സെയ്നി 4–0–18–2, സുന്ദർ 4–0–29–1, കുൽദീപ് 4–0–38–2.

ഇന്ത്യ ബാറ്റിങ് 

രാഹുൽ ബി ഹസരംഗ 45, ധവാൻ എൽബിഡബ്ല്യു ബി ഹസരംഗ 32, ശ്രേയസ് സി ശനക ബി കുമാര 34,  കോലി 30 നോട്ടൗട്ട്, പന്ത് 1 നോട്ടൗട്ട്, എക്സ്ട്രാസ് 2.  ആകെ 17.3 ഓവറിൽ 3ന് 144. ബോളിങ്: മലിംഗ 4–0–41–0, കുമാര 3.3–0–30–1, ഡി സിൽവ 2–0–15–0, ഷാനക 4–0–26–0, ഹസരംഗ 4–0–30–2. 

English Summary: India vs Sri Lanka, 2nd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com