ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരമായി ഉയർത്തിക്കാട്ടിയ പൃഥ്വി ഷായ്ക്ക് തുടർച്ചയായ പരുക്കുകളും കളത്തിനു പുറത്തെ പെരുമാറ്റവും വീണ്ടും തിരിച്ചടിയാകുന്നു. എട്ടു മാസത്തോളം നീണ്ട വിലക്കിനുശേഷം സജീവ ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഷാ, രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ കന്നി ഫസ്റ്റ് ക്ലാസ് ഇരട്ടസെഞ്ചുറിയുമായി വരവറിയിച്ചതാണ്. ഇതിനു പിന്നാലെയാണ് പുതുവർഷത്തിൽ കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ താരത്തിനു വീണ്ടും പരുക്കേറ്റത്. നിലവിൽ ബംഗളൂരുവിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയിലുള്ള ഷായ്ക്ക്, മൂന്ന് ആഴ്ചയോളം കളത്തിലിറങ്ങാനാകില്ലെന്നാണ് വിവരം. ഇതോടെ, ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലെ ഷായുടെ സ്ഥാനവും ചോദ്യചിഹ്നമായി.

ഇടവേളയ്ക്കുശേഷം തകർപ്പൻ പ്രകടനവുമായി കരുത്തുകാട്ടിയതോടെയാണ് ഷായെ ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിലേക്കു തിരഞ്ഞെടുത്തത്. ക്രൈസ്റ്റ് ചർച്ചിലും ലിങ്കണിലുമായി നടക്കുന്ന രണ്ട് ചതുർദിന മത്സരങ്ങളിലേക്കാണ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ആദ്യ മത്സരം ജനുവരി 30നും രണ്ടാം മത്സരം ഫെബ്രുവരി 10നും ആരംഭിക്കും. ഈ മത്സരങ്ങളിൽ ഷായുടെ പങ്കാളിത്തം ഇപ്പോഴും ഉറപ്പില്ല. ഇതോടെ, ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരിച്ചെത്താനുള്ള സുവർണാവസരമാണ് പൃഥ്വി ഷായ്ക്ക് നഷ്ടമാകുന്നത്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത് ദേശീയ ടീമിലേക്ക് തിരിച്ചെത്താനാകും ഇനി ഷായുടെ ശ്രമം. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറിയുമായി അരങ്ങേറിയ പൃഥ്വി ഷാ ഏറെ പ്രതീക്ഷ നൽകിയെങ്കിലും, പിന്നീട് തുടർച്ചയായ പരുക്കുകളും ഉത്തേജക വിവാദവും അദ്ദേഹത്തെ പിന്നോട്ടടിച്ചു.

അതേസമയം, പൃഥ്വി ഷായുടെ കളത്തിനു പുറത്തെ പെരുമാറ്റത്തെക്കുറിച്ചും സ്വാഭാവരീതികളെക്കുറിച്ചും വ്യാപകമായ പരാതി ഉയരുന്നുണ്ട്. സ്ഥിരതയാർന്ന പ്രകടനങ്ങളുമായി ശ്രദ്ധ നേടിയ മായങ്ക് അഗർവാളിനും മുൻപേ ദേശീയ ടീമിൽ ഇടം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ പോയിട്ടുണ്ടെങ്കിൽ, അതിന്റെ പൂർണ ഉത്തരവാദിത്തം പൃഥ്വി ഷായ്ക്കു തന്നെയാണെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഷാ കളിച്ചിട്ടുള്ള വിവിധ ടീമുകളുടെ അധികൃതർക്കും താരത്തെക്കുറിച്ച് അത്ര മതിപ്പില്ലെന്നാണ് സൂചനകൾ.

‘സത്യത്തിൽ ഇത് ആരുടെ നഷ്ടമാണ്? ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള താരമായിരുന്ന മായങ്ക് അഗർവാളിനേക്കാളും മുൻപേ ദേശീയ ടീമിൽ ഇടം ലഭിച്ചതിന്റെ പ്രാധാന്യം പൃഥ്വി ഷാ മനസ്സിലാക്കാൻ ഇനിയും എത്ര കാലമെടുക്കും? ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ, സ്വയം കുറ്റപ്പെടുത്തുക മാത്രമേ പൃഥ്വി ഷായ്ക്കു ചെയ്യാനുള്ളൂ. അദ്ദേഹത്തിന്റെ ജീവിത ശൈലിയാണ് പെരുമാറ്റ രീതിയുമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം’ – പൃഥ്വി ഷായുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

‘പൃഥ്വി ഷായുടെ പെരുമാറ്റദൂഷ്യത്തെപ്പറ്റി ഒട്ടേറെ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും അതിലേതെങ്കിലുമൊരു സംഭവം ഇവിടെ എടുത്തു പറയാൻ എനിക്കു താൽപര്യമില്ല. അടുത്തിടെ ബറോഡയ്ക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിലാണ് ഇതിൽ അവസാന പരാതി ഉയർന്നത്. ഈ സംഭവത്തെ തുടർന്ന് മുംബൈ ടീം മാനേജർ കടുത്ത ദേഷ്യത്തിലായിരുന്നു. ഇക്കാര്യം അദ്ദേഹം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അതിന്റെ വിശദാംശങ്ങളിലേക്കു ഞാൻ കടക്കുന്നില്ല. എങ്കിലും പൃഥ്വി ഷായുടെ പോക്കു ശരിയല്ല എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇക്കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പൃഥ്വിയോട് വിശദമായിത്തന്നെ സംസാരിക്കണം’ – താരവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇടവേളയ്ക്കു ശേഷം സജീവ ക്രിക്കറ്റിലേക്കു തിരിച്ചെത്തിയ ഉടനെ തന്നെ ഫോം കണ്ടെത്തിയ ഷാ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അഞ്ച് ഇന്നിങ്സുകളിൽനിന്ന് മൂന്ന് അർധസെഞ്ചുറികൾ സഹിതം 240 റൺസാണ് നേടിയത്. ഇതിനു പിന്നാലെ രഞ്ജി സീസണിലെ ആദ്യ മത്സരത്തിൽ ബറോഡയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ അർധസെഞ്ചുറിയും (66), രണ്ടാം ഇന്നിങ്സിൽ കന്നി ഫസ്റ്റ് ക്ലാസ് ഇരട്ടസെഞ്ചുറിയും (202) നേടി കരുത്തുകാട്ടി. ഈ മത്സരം മുംബൈ 309 റൺസിനാണ് ജയിച്ചത്.

നേരത്തെ, ഉത്തജേക മരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എട്ടു മാസം നീണ്ടുനിന്ന വിലക്കിലായിരുന്നു ഷാ. ജലദോഷത്തിനുള്ള മരുന്നുകളിലുള്ള ടെർബ്യൂട്ടാലിൻ ആണ് ഷായുടെ ശരീരത്തിൽനിന്ന് കണ്ടെത്തിയത്. അരക്കെട്ടിനേറ്റ പരുക്കിനെ തുടർന്ന് വിശ്രമത്തിലിരിക്കെയാണ് വിലക്കു ലഭിച്ചത്. ഫെബ്രുവരി 22ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ പൃഥ്വി നൽകിയ മൂത്ര സാംപിളിൽ ടെർബ്യൂട്ടാലിൻ എന്ന ഉൽപന്നമാണു കണ്ടെടുത്തത്. കഫ് സിറപ്പ് ഉപയോഗിച്ചിരുന്നുവെന്നും അതിൽ ടെർബ്യൂട്ടാലിൻ അടങ്ങിയിട്ടുണ്ടെന്ന് അറിയില്ലായിരുന്നു എന്നുമാണു ഷാ നൽകിയ വിശദീകരണം. ഷാ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു. എന്നാൽ, ഉത്തേജക വിരുദ്ധ ഏജൻസിയായ ‘വാഡ’യുടെ നിരോധിത പട്ടികയിൽപ്പെട്ട ഉൽപന്നമാണ് ടെർബ്യൂട്ടാലിൻ എന്നതിനാൽ വിലക്ക് എന്നത് അനിവാര്യതയായി.

English Summary: Prithvi Shaw’s international career has hit a major roadblock and if reports are to be believed it is of his own making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com