ഒരു ജയം അകലെ ലോകകിരീടം; ഇന്ത്യയുടെ യുവപോരാളികൾ ഇവരാണ്
Mail This Article
മുംബൈയിലെ ആസാദ് ഗ്രൗണ്ടിനരികെ ടെന്റ് കെട്ടി താമസിച്ചു വിശപ്പടക്കാൻ പാനി പൂരിയും വിറ്റു ക്രിക്കറ്റർ ആകാൻ പ്രയത്നിച്ച ഉത്തർപ്രദേശുകാരൻ യശസ്വി ജയ്സ്വാളിനെ ഇതിനകം ഇന്ത്യ മുഴുവനും അറിഞ്ഞു കഴിഞ്ഞു. ജയ്സ്വാൾ മാത്രമല്ല, നാളെയുടെ താരങ്ങളാകാൻ വെമ്പുന്ന പതിനഞ്ചു കൗമാരത്തിളക്കങ്ങളുടേതാണ് ഇന്ത്യക്ക് ഇന്നത്തെ ദിനം. പോച്ചെഫ്സ്ട്രൂമിൽ ഇന്ന് ഇന്ത്യയുടെ ചുണക്കുട്ടികൾ അണ്ടർ –19 ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തിന് ഇറങ്ങുകയാണ്. എതിരാളികൾ അയൽക്കാരായ ബംഗ്ലദേശ്. രണ്ടു വർഷം മുൻപ് മൗണ്ട് മൗംഗനൂയിയിൽ ഏറ്റുവാങ്ങിയ ക്രിക്കറ്റ് യൗവനത്തിന്റെ ലോകകിരീടം ഒരു പോറലുമേൽക്കാതെ തിരിച്ചെത്തിക്കാൻ ഇറങ്ങുന്ന ടീം ഇന്ത്യയെ അറിയാം.
പ്രിയം ഗാർഗ് (19 വയസ്), ക്യാപ്റ്റൻ, ഉത്തർപ്രദേശ്
പതിനഞ്ചാം വയസിൽ ഇന്ത്യൻ താരം ഭുവനേശ്വർ കുമാറിനെ നേരിടാൻ ക്രീസ് വിട്ടിറങ്ങി സ്റ്റാൻസ് എടുത്ത മിടുക്കനാണീ മധ്യനിര താരം. ഫോം മങ്ങിയപ്പോൾ അണ്ടർ–19 ടീമിൽ നിന്നു പോലും ഒഴിവാക്കപ്പെട്ടതാണ്. രഞ്ജിയിൽ തിളങ്ങി തിരിച്ചുവന്നു.
ധ്രുവ് ജുറെൽ (18) ഉത്തർപ്രദേശ്
പതിനാലാം വയസിൽ 21 പന്തിൽ സെഞ്ചുറി കുറിച്ച മിടുക്കനാണു വൈസ് ക്യാപ്റ്റൻ കൂടിയായ ധ്രുവ്. വിക്കറ്റിനു പിന്നിലും മുന്നിലും മികവ്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ളയാളാണു ജുറെലിന്റെ പിതാവ്.
യശസ്വി ജയ്സ്വാൾ (17) മുംബൈ
ഇടംകയ്യൻ ബാറ്റ്സ്മാനും പാർട് ടൈം സ്പിന്നറും. ലോകകപ്പിൽ മിന്നും ഫോമിൽ.
തിലക് വർമ (17), ഹൈദരാബാദ്
പന്ത് കൊണ്ടും മികവ് തെളിയിച്ചിട്ടുള്ള ഇടംകയ്യൻ താരം റൺമെഷീനെന്നു പേരെടുത്തയാളാണ്.
ദിവ്യാംശ് സക്സേന (18)മുംബൈ
വിദേശ പിച്ചുകളിൽ തിളങ്ങാൻ വൈഭവമേറെയുണ്ട് ഓപ്പണിങ്ങിൽ യശസ്വിയുടെ പങ്കാളിയായ ഇടംകയ്യൻ ബാറ്റ്സ്മാന്‍
കാർത്തിക് ത്യാഗി (19) ഉത്തർപ്രദേശ്
വേഗത്തിലും സ്വിങ്ങിലും മികവ് തെളിയിച്ച ത്യാഗി ടീമിന്റെ തുറുപ്പുചീട്ടാണ്. യുപിയിലെ ഉൾനാടൻ ഗ്രാമത്തിൽ നിന്നാണു വരവ്. കുട്ടിക്കാലം തൊട്ടേ കാർഷിക ജോലികളിലേർപ്പെട്ട ശീലമാണീ കരുത്തന്റെ വേഗരഹസ്യം.
രവി ബിഷ്ണോയ് (19) രാജസ്ഥാൻ
മീഡിയം പേസറായി കളി തുടങ്ങി. യൂട്യൂബിൽ അനിൽ കുംബ്ലെയുടെ വിഡിയോകൾ കണ്ടു ലെഗ് സ്പിന്നിലേക്കു മാറി
ആകാശ് സിങ് (17) രാജസ്ഥാൻ
ഇടംകയ്യൻ ഫാസ്റ്റ് ബോളർ. രണ്ടു വർഷം മുൻപു ജയ്പുരിൽ നടന്ന ടൂർണമെന്റിൽ ഒരു റൺ പോലും വഴങ്ങാതെ 10 വിക്കറ്റ് പിഴുതതോടെയാണു ആകാശ് ശ്രദ്ധ നേടിയത്. അപകടം വിതയ്ക്കുന്ന ഇൻസ്വിങ്ങറുകൾ.
അഥർവ അങ്കോലേക്കർ (19) മുംബൈ
പ്രതികൂല സാഹചര്യങ്ങളോടു പട വെട്ടിയാണു ഇടംകയ്യൻ സ്പിന്നറായ അഥർവയുടെയും വരവ്. പിതാവിന്റെ വേർപാട് സൃഷ്ടിച്ച വെല്ലുവിളി അതിജീവിച്ചെത്തുന്ന അഥർവയ്ക്കു ബാറ്റ് കൊണ്ടും സംഭാവന നൽകാനാകും.
ശുഭാംഗ് ഹെഗ്ഡെ (18) കർണാടക
മൂന്നു വർഷമായി കർണാടക പ്രീമിയർ ലീഗിലെ താരമാണ് ബോളിങ് ഓൾറൗണ്ടറായ ഹെഗ്ഡെ. പതിനേഴാം വയസിൽ ബെലഗാവി പാന്തേഴ്സിനു വേണ്ടി പന്തെറിഞ്ഞു തുടങ്ങി.
സുശാന്ത് മിശ്ര (18) ജാർഖണ്ഡ്
കാർത്തിക് ത്യാഗിയുടെ ഓപ്പണിങ് പാർട്ണർ. ചുരുങ്ങിയ മത്സരങ്ങളിൽ നിന്നായി മുപ്പതിലേറെ വിക്കറ്റുകൾ പിഴുതു.
ശാശ്വത് റാവത്ത് (18)ബറോഡ
ഇടംകയ്യൻ ബാറ്റ്സ്മാൻ. വലം കയ്യൻ ബോളർ. ഉത്തരാഖണ്ഡിൽ നിന്നെത്തി ബറോഡ ജൂനിയർ ടീമുകളുടെ സ്ഥിരംമുഖമായി മാറിയ ഓൾറൗണ്ട് താരത്തിനു പ്രകടനത്തിലുമുണ്ട് ആ സ്ഥിരത.
സിദ്ധേഷ് വീർ (18) മുംബൈ
ബാറ്റ് കൊണ്ടും ബോൾ കൊണ്ടും തിളങ്ങുന്ന സിദ്ധേഷ് അവസാനനിമിഷം പകരക്കാരനായാണു ലോകകപ്പ് ടീമിലെത്തിയത്.
വിദ്യാധർ പാട്ടീൽ (19) കർണാടക
മീഡിയം പേസർ. കർണാടക പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞ വിദ്യാധർ ഒരു വർഷത്തിലേറെയായി ജൂനിയർ ടീമിലെ സ്ഥിരസാന്നിധ്യങ്ങളിലൊന്നാണ്.
കുമാർ കുശാഗ്ര (15) ജാർഖണ്ഡ്
ലോകകപ്പ് ടീമിൽ ധ്രുവ് ജുറെലിന്റെ ബാക്ക് അപ്പ്. ഒൻപത് യൂത്ത് രാജ്യാന്തര ഏകദിനങ്ങൾ കളിച്ചുകഴിഞ്ഞു ബാറ്റിങ്ങിലും തിളങ്ങുന്ന വിക്കറ്റ് കീപ്പർ താരം.
English Summary: India Under 19 World Cup Team