ADVERTISEMENT

ദുബായ്∙ 13–ാം സീസണിലേക്ക് കാലൂന്നുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ആദ്യ അമേരിക്കൻ താരമെന്ന നേട്ടത്തിനരികെ ഇരുപത്തൊൻപതുകാരനായ അലി ഖാൻ. ഐപിഎൽ അധികൃതരുടെ അംഗീകാരം ലഭിച്ചാൽ ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിരയിൽ അലി ഖാനെ കാണാം. പരുക്കുമൂലം ഈ സീസണിൽ കളിക്കാനില്ലെന്ന് പ്രഖ്യാപിച്ച ഇംഗ്ലിഷ് താരം ഹാരി ഗുർണിക്ക് പകരക്കാരനായാണ് അലി ഖാനെ ടീമിലെത്തിക്കാൻ കൊൽക്കത്ത ശ്രമം നടത്തുന്നത്. തോളിനേറ്റ പരുക്കു മൂലമാണ് ഹാരി ഗുർണി ഈ സീസണിൽനിന്ന് പിൻമാറിയത്.

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിന്റെ താരമാണ് അലി ഖാൻ. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥരാണ് ട്രിൻബാഗോയുടെയും ഉടമസ്ഥർ. കഴിഞ്ഞ ദിവസം അവസാനിച്ച പുതിയ സീസണിൽ എല്ലാ മത്സരവും ജയിച്ച് കിരീടം ചൂടിയ ട്രിൻബാഗോയ്‌ക്കായി അലി ഖാൻ എട്ടു വിക്കറ്റും വീഴ്ത്തിയിരുന്നു.

കരീബിയൻ പ്രീമിയർ ലീഗിൽ ട്രിൻബാഗോയുടെ താരമായിരുന്ന വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ ഒരു ചിത്രത്തിൽ അലി ഖാനും ഉൾപ്പെട്ടതോടെയാണ് താരം ഐപിഎല്ലിൽ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്. ‘അടുത്ത സ്റ്റോപ്പ് ദുബായ്’ എന്ന ക്യാപ്ഷന്‍ സഹിതമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കരീബിയൻ ലീഗിൽ ട്രിൻബാഗോയുടെ താരമാണെങ്കിലും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് ബ്രാവോ.

കഴിഞ്ഞ ദിവസം സമാപിച്ച കരീബിയൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച പേസ് ബോളർമാരുടെ ഗണത്തിൽ അലി ഖാനും ഇടം നേടിയിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കരീബിയൻ ലീഗിൽ തകർപ്പൻ പ്രകടനമാണ് അലി ഖാന്റേത്. എട്ടു മത്സരങ്ങളിൽനിന്ന് 7.43 ശരാശരിയിൽ എട്ടു വിക്കറ്റാണ് ഈ സീസണിലെ സമ്പാദ്യം.

2018ൽ കാനഡയിലെ ഗ്ലോബൽ ട്വന്റി20 ലീഗിൽ കളിക്കുമ്പോൾ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഡ്വെയിൻ ബ്രാവോയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അലി ഖാന്റെ കരിയർ മാറിമറിഞ്ഞത്. തുടർന്ന് ബ്രാവോ അദ്ദേഹത്തെ കരീബിയൻ ലീഗിലെത്തിച്ചു. ആദ്യ സീസണിൽ 12 മത്സരങ്ങളിൽനിന്ന് 16 വിക്കറ്റ് വീഴ്ത്തി കയ്യടി നേടി. പേസ് ബോളർമാരുടെ ഗണത്തിൽ കൂടുതൽ വിക്കറ്റെടുത്ത രണ്ടാമത്തെ താരമായിരുന്നു. പിന്നീട് ബംഗ്ലദേശ് പ്രീമിയർ ലീഗ്, പാക്കിസ്ഥാൻ സൂപ്പർ ലീഗ് എന്നിവിടങ്ങളിലും കളിച്ചു.

ഒയിൻ മോർഗൻ, ടോം ബാന്റൻ, ആന്ദ്രെ റസ്സൽ, സുനിൽ നരൈൻ, ക്രിസ് ഗ്രീൻ, പാറ്റ് കമിൻസ്, ലോക്കി ഫെർഗൂസൻ എന്നിവരാണ് നിലവിൽ കൊൽക്കത്ത നിരയിലെ വിദേശ താരങ്ങൾ.

English Summary: Ali Khan set to join Kolkata Knight Riders as Harry Gurney replacement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com