ADVERTISEMENT

ഇന്ത്യൻ ടീമിലെത്താൻ പ്രതിഭയുണ്ടായിരുന്നിട്ടും അവസരം കിട്ടാതിരുന്ന, അകാലത്തിൽ പൊലിഞ്ഞ എം. സുരേഷ് കുമാറിനെക്കുറിച്ച്..

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ‘നാനാത്വത്തിൽ ഏകത്വത്തെ’ പരാമർശിക്കാൻ ഇതിഹാസതാരം രാഹുൽ ദ്രാവിഡ് ഒരിക്കൽ പറഞ്ഞ പേര് എം. സുരേഷ് കുമാറിന്റേതായിരുന്നു. 1991–92 സീസണിൽ ന്യൂസീലൻഡിനെതിരെ താൻ നയിച്ച ഇന്ത്യൻ അണ്ടർ–19 ടീമിൽ അംഗമായിരുന്ന ആലപ്പുഴക്കാരൻ ‘ഉമ്രി’യെക്കുറിച്ച് വലിയ മതിപ്പായിരുന്നു ദ്രാവിഡിന്.

ഏതാനും വർഷം മുൻപ് ഒരു ചടങ്ങിനിടെ ദ്രാവിഡ് പറഞ്ഞു: ‘ന്യൂസീലൻഡിനെതിരെ അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ബാറ്റ് ചെയ്യാൻ യുപിക്കാരനായ താരമെത്തി. അദ്ദേഹത്തിനു ഹിന്ദി മാത്രമേ അറിയൂ. ഒപ്പമുള്ളതു കേരളത്തിൽനിന്നുള്ള സുരേഷ്കുമാർ. അദ്ദേഹത്തിന് അറിയാവുന്നതു മലയാളം മാത്രം. ഡ്രസിങ് റൂമിൽ ഞങ്ങൾ പിരിമുറുക്കത്തിലായി. എങ്ങനെയാണ് അവർ ബാറ്റിങ്ങിനിടെ ഓടാനും സൂക്ഷിച്ചു കളിക്കാനുമെല്ലാം പറയുക? ഒരാൾ പറയുന്നതു മറ്റെയാൾക്കു മനസ്സിലാകില്ല. പക്ഷേ, അവർ 100 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. കാരണം അവരുടെ ഭാഷ ക്രിക്കറ്റായിരുന്നു’.

ബാറ്റുകൊണ്ടും പന്തുകൊണ്ടും ദ്രാവിഡിനെ അമ്പരപ്പിച്ചു ഈ ഇടംകൈ സ്പിൻ ബോളർ. കീവീസിനെതിരായ ആദ്യ ഇന്നിങ്സിൽ സുരേഷ് നേടിയ 46 റൺസായിരുന്നു ടീമിലെ ഏറ്റവും മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോർ. പിന്നീടു കിവീസ് നായകനായ സ്റ്റീഫൻ ഫ്ലെമിങ്ങും ഡിയോൺ നാഷും മാത്യു ഹർട്ടുമെല്ലാമുണ്ടായിരുന്നു അന്നത്തെ ജൂനിയർ ടീമിൽ.

കേരളത്തിനായി രഞ്ജി ട്രോഫിയിൽ ആദ്യതവണതന്നെ തലശേരിയിൽ ഹൈദരാബാദിനെതിരെ 9 വിക്കറ്റ് നേടി വരവറിയിച്ച ഉമ്രി 1994–95 സീസണിൽ കരുത്തരായ തമിഴ്നാടിനെതിരെ ചരിത്രത്തിലെ ആദ്യ രഞ്ജി വിജയം നേടാനും കേരളത്തെ സഹായിച്ചു. പാലക്കാട് വിക്ടോറിയ കോളജ് മൈതാനത്ത് 2 ഇന്നിങ്സിലുമായി 12 വിക്കറ്റുകൾ ഉമ്രി നേടി. അതുവഴി കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലെത്തി. അവസാന ദിവസം പരുക്കേറ്റ സ്റ്റാർ ബോളർ കെ.എൻ. അനന്തപത്മനാഭൻ പുറത്തിരുന്ന മത്സരത്തിൽ ഉമ്രിയാണു തമിഴ്നാടിനെ എറിഞ്ഞുവീഴ്ത്തി കേരളത്തിനു ചരിത്രജയം സമ്മാനിച്ചത്. ആ സീസണിൽ ഉമ്രി ആകെ നേടിയത് 25 വിക്കറ്റുകൾ.

ആ സീസണു ശേഷം ഉമ്രി റെയിൽവേ ടീമിലേക്കു പോയി. 4 സീസണുകളിൽ നിന്ന് റെയിൽവേസിനായി അറുപതോളം വിക്കറ്റുകൾ നേടി. 1999ൽ കേരളത്തിലെത്തിയ ഉമ്രി 2000– 01 സീസണിൽ ആന്ധ്രയ്ക്കെതിരെ 125 പന്തിൽ നേടിയ െസഞ്ചുറി ഒന്നര പതിറ്റാണ്ടുകാലം രഞ്ജിയിൽ കേരളത്തിന്റെ അതിവേഗ സെഞ്ചുറിയായി തുടർന്നു. ആകെ 72 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിലായി 196 വിക്കറ്റ് നേടിയ അദ്ദേഹം 12 തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കി. 1657 റൺസും നേടി.

1973 ഏപ്രിൽ 19 ന് ആലപ്പുഴയിൽ ജനിച്ച സുരേഷ് കുമാറിനെ അമ്മാവന്മാരായ മണിറാമും ഹരിറാമുമാണ് ബാല്യത്തിലേ ക്രിക്കറ്റിലേക്കു നയിച്ചത്. ഇപ്പോഴിതാ ജീവിതത്തിന്റെ ക്രീസിൽനിന്നു മഹാനായ ആ കായികതാരം വിടവാങ്ങിയിരിക്കുന്നു. കളിച്ച കാലത്തെല്ലാം മികവു മാത്രം കരുത്താക്കിയ ‘ഉമ്രി നക്ഷത്രം’. മറക്കാനാകില്ല ഒരിക്കലും.

∙ ഓർമകളിൽ ഇപ്പോഴും കൂൾ ഓൾറൗണ്ടർ: സുനിൽ ഒയാസിസ് (മുൻ കേരള ക്രിക്കറ്റ് ക്യാപ്റ്റൻ)

‘ഞാനും സുരേഷും ഒന്നിച്ച് ഒരുപാടു മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഞാൻ ക്യാപ്റ്റനായിരുന്നപ്പോഴും ടീമിൽ സുരേഷ് ഉണ്ടായിരുന്നു. സജീവ ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം വെറ്ററൻസ് മത്സരങ്ങളിലും പരിശീലന പരിപാടികളിലുമെല്ലാം ‍ഞങ്ങൾ കണ്ടുകൊണ്ടേയിരുന്നു. ജന്മസിദ്ധമായ പ്രതിഭയായിരുന്നു അദ്ദേഹത്തിന്റേത്. ഏതു മത്സരത്തിലും ‘കൂൾ’ ആയി നിൽക്കുന്ന സുരേഷ് ആണ് ഞങ്ങളുടെ മനസ്സിൽ.’

∙ വിശ്വസിക്കാനാവുന്നില്ല, ഈ വിയോഗം: പി. ബാലചന്ദ്രൻ (മുൻ കേരള പരിശീലകൻ)

‘14 വയസ്സിൽ സുരേഷ് കുമാറിനെ പരിശീലിപ്പിക്കാൻ തുടങ്ങിയതാണു ഞാൻ. അദ്ദേഹം കേരള അണ്ടർ–19 ടീമിന്റെ നായകനായപ്പോഴും പിന്നീടു രഞ്ജി ടീമിൽ കളി

ക്കുമ്പോഴും ടീമിന്റെ പരിശീലകനായി ഒപ്പമുണ്ടായിരുന്നു. അടുത്ത കാലത്ത് ആലപ്പുഴയിൽ ഉമ്രിയുടെ മകൻ അതുൽ കൃഷ്ണനെ പരിശീലിപ്പിക്കാനും കഴിഞ്ഞു. ഞെട്ടിക്കുന്ന വാർത്തയായി ഇത്. ഉൾക്കൊള്ളാനാകുന്നില്ല.’

English Summary: Remembering Former Kerala cricketer Suresh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com