സഞ്ജുവിന്റെ ചാരുവിന് ഇന്ന് ജന്മദിനം; സമ്മാനം ‘സെഞ്ചുറി’ ആണോയെന്ന് ആരാധകർ
Mail This Article
അബുദാബി∙ ഭാര്യ ചാരുലതയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് മലയാളി ക്രിക്കറ്റ് താരവും രാജസ്ഥാൻ റോയൽസ് അംഗവുമായ സഞ്ജു സാംസൺ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലാണ് ചാരുവിന് സഞ്ജു ആശംസകൾ നേർന്നത്. ‘എന്റെ എല്ലാമായവൾക്ക് ജന്മദിനാശംസകൾ’ എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. കഴിഞ്ഞ വർഷത്തെ ആഘോഷത്തിന്റെ വിഡിയോയാണ് താരം പങ്കുവച്ചത്.
മാർ ഇവാനിയോസ് കോളജിൽ സഞ്ജുവിന്റെ സഹപാഠിയായിരുന്നു ചാരുലത. 5 വർഷം നീണ്ട പ്രണയത്തിനു ശേഷം 2018 ഡിസംബർ 22നായിരുന്നു ഇവരുടെ വിവാഹം. തിങ്കളാഴ്ച, സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ചെന്നൈയ്ക്കെതിരെ കളത്തിൽ ഇറങ്ങുന്ന ദിവസം തന്നെയാണ് ചാരുവിന്റെ ജന്മദിനമെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ പോസ്റ്റിനു താഴെ ഇതു പരാമർശിച്ച് നിരവധി കമന്റുകളാണുള്ളത്.
പ്രിയപ്പെട്ട ചാരുവിന് പിറന്നാൾ സമ്മാനമായി സഞ്ജു ഇന്ന് സെഞ്ചുറി നേടുമോ എന്നാണ് ബഹുഭൂരിപക്ഷം ആളുകളുടേയും ചോദ്യം. സീസണിൽ ഇതുവരെ ഒമ്പതു മത്സരങ്ങൾ കളിച്ച സഞ്ജു, ആദ്യ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തിളങ്ങിയത്. പിന്നീട് നടന്ന ഏഴ് കളികളിലും ശ്രദ്ധേയമായ ഇന്നിങ്സ് പുറത്തെടുക്കാൻ സഞ്ജുവിനായില്ല. ആകെ 236 റൺസാണ് ഈ വർഷത്തെ സമ്പാദ്യം.
English Summary: Sanju Samson Wishes Happy Birthday for his Wife