17–ാം വയസ്സിൽ ഇന്ത്യൻ ടീമിൽ; ഒടുവിൽ 35–ാം വയസ്സിൽ പാർഥിവ് പട്ടേൽ വിരമിച്ചു
Mail This Article
അഹമ്മദാബാദ്∙ ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായിരുന്ന പാർഥിവ് പട്ടേൽ സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 17–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി വിസ്മയിപ്പിച്ച പട്ടേൽ, 35–ാം വയസ്സിലാണ് കളമൊഴിയുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന്, 18 വർഷം നീളുന്ന കരിയറിന് വിരാമമിട്ട് പാർഥിവ് പട്ടേൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 25 ടെസ്റ്റുകളും 38 ഏകദിനങ്ങളും ഏതാനും ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്തിനായി 194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചു.
25 ടെസ്റ്റുകളിൽനിന്ന് 31.13 ശരാശരിയിൽ 934 റൺസ് നേടി. ഇതിൽ ആറ് അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 71 റൺസാണ് ഉയർന്ന സ്കോർ. ടെസ്റ്റിൽ 62 ക്യാച്ചുകളും 10 സ്റ്റംപിങ്ങും സ്വന്തമാക്കി. 38 ഏകദിനങ്ങളിൽനിന്ന് 23.74 ശരാശരിയിൽ 736 റൺസ് നേടി. ഇതിൽ നാല് അർധസെഞ്ചുറികളുണ്ട്. 95 റൺസാണ് ഉയർന്ന സ്കോർ. ഇതിനു പുറമെ 30 ക്യാച്ചുകളും ഒൻപത് സ്റ്റംപിങ്ങും സ്വന്തമാക്കി. രണ്ട് ട്വന്റി20 മത്സരങ്ങളിൽനിന്ന് 18.00 ശരാശരിയിൽ 36 റൺസ് നേടി. ഉയർന്ന സ്കോർ 26. ട്വന്റി20യിൽ ഒരു ക്യാച്ചും സ്വന്തമാക്കി.
2002 ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങാമിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച പാർഥിവ്, 2018ൽ ജൊഹാനാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‍ക്കെതിരെയാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. 2003ലായിരുന്നു ഏകദിന അരങ്ങേറ്റം. 2012ൽ ബ്രിസ്ബേനിൽ ശ്രീലങ്കയ്ക്കെതിരെ അവസാന രാജ്യാന്തര ഏകദിനം കളിച്ചു. 2011 ജൂണിൽ വെസ്റ്റിൻഡീസിനെതിരെ ആദ്യ ട്വന്റി20 മത്സരവും അതേ വർഷം ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി20 മത്സരവും കളിച്ചു.
∙ ഐപിഎലിൽ മൂന്ന് കിരീടം!
ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരിക്കെയാണ് പാർഥിവ് പട്ടേൽ കളമൊഴിയുന്നത്. മൂന്നു തവണ ഐപിഎൽ കിരീടം ചൂടിയ ടീമുകളിൽ അംഗമായിരുന്നു. 2010ൽ ചെന്നൈ സൂപ്പർ കിങ്സ് ചാംപ്യൻമാരാകുമ്പോഴും 2015, 2017 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ചാംപ്യൻമാരാകുമ്പോഴും പാർഥിവ് കിരീടവിജയത്തിൽ പങ്കാളിയായി. 2017ൽ 395 റൺസടിച്ച് മുംബൈ ഇന്ത്യൻസിന്റെ ടോപ് സ്കോററും പാർഥിവായിരുന്നു.
ആർസിബി നിരയിൽ ഉണ്ടായിരുന്നെങ്കിലും കോവിഡ് നിമിത്തം യുഎഇയിലേക്ക് മാറ്റിയ 13–ാം സീസണിൽ ഒരു മത്സരത്തിൽപ്പോലും കളത്തിലിറങ്ങാനായില്ല. ആർസിബി, ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ് ടീമുകൾക്കു പുറമെ ഡെക്കാൻ ചാർജേഴ്സ്, കൊച്ചി ടസ്കേഴ്സ് കേരള, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കായും കളിച്ചു.
∙ ഇന്ത്യൻ ക്രിക്കറ്റിലെ ‘ബേബി’
2002ൽ, 17 വർഷവും 153 ദിവസവും പ്രായമുള്ളപ്പോഴാണ് പാർഥിവ് പട്ടേൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഇതോടെ പാർഥിവ് സ്വന്തമാക്കിയിരുന്നു. സച്ചിൻ തെൻഡുൽക്കർ, പിയൂഷ് ചൗള, എൽ. ശിവരാമകൃഷ്ണൻ എന്നിവർക്കുശേഷം ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും പാർഥിവ് പട്ടേലിനാണ്.
രാജ്യാന്തര കരിയറിന് മികച്ച തുടക്കമിടാൻ കഴിഞ്ഞെങ്കിലും, ദിനേഷ് കാർത്തിക്കിന്റെയും മഹേന്ദ്രസിങ് ധോണിയുടെയും വരവോടെയാണ് പാർഥിവ് മുഖ്യധാരയിൽനിന്ന് പുറത്തായത്. പിന്നീട് ധോണി വിശ്രമിക്കാൻ തീരുമാനിച്ച അപൂർവം അവസരങ്ങളിൽ മാത്രമാണ് വിക്കറ്റ് കീപ്പറെന്ന നിലയിൽ പട്ടേൽ ടീമിലെത്തിയത്. 2008ൽ ശ്രീലങ്കൻ പര്യടനത്തിലെ ഒരു ടെസ്റ്റിൽ ഇങ്ങനെ അവസരം ലഭിച്ചു. പിന്നീട് 2011, 2012 വർഷങ്ങളിലായി ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായി ഏതാനും മത്സരങ്ങൾ കളിച്ചു. 2016–18 കാലഘട്ടത്തിൽ അഞ്ച് ടെസ്റ്റുകൾ കൂടി കളിച്ചതോടെ രാജ്യാന്തര കരിയർ പൂർണം.
∙ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരം
രഞ്ജി ട്രോഫിയിൽ കളിച്ചശേഷം ദേശീയ ടീമിലെത്തുന്നതാണ് പതിവെങ്കിലും, ഇന്ത്യൻ ജഴ്സിയണിഞ്ഞ് രണ്ടു വർഷവും രണ്ടു മാസവും പിന്നിട്ടപ്പോൾ മാത്രം രഞ്ജി ട്രോഫിയിൽ അരങ്ങേറിയ അപൂർവ ചരിത്രവും പാർഥിവ് പട്ടേലിന് സ്വന്തം. 2002ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു. പിന്നീട് ഇന്ത്യ എ ടീമിലും ഇന്ത്യ സീനിയർ ടീമിലും കളിച്ചശേഷമാണ് രഞ്ജി ട്രോഫിയിൽ കളത്തിലിറങ്ങുന്നത്.
ആഭ്യന്തര ക്രിക്കറ്റിൽ വലിയ വിജയങ്ങൾ സ്വന്തമാക്കിയ താരവും ക്യാപ്റ്റനുമാണ് പാർഥിവ് പട്ടേൽ. 2015ൽ ഗുജറാത്ത് വിജയ് ഹസാരെ ട്രോഫിയിൽ കിരീടം ചൂടിയത് പാർഥിവ് പട്ടേലിന്റെ നേതൃത്വത്തിലാണ്. അന്ന് ഫൈനലിൽ ഡൽഹിക്കെതിരെ പാർഥിവ് പട്ടേൽ സെഞ്ചുറി നേടിയിരുന്നു. തൊട്ടടുത്ത സീസണിൽ രഞ്ജി ട്രോഫി ഫൈനലിൽ ഗുജറാത്ത് റെക്കോർഡ് റൺചേസുമായി രഞ്ജി ട്രോഫി കിരീടം ചൂടിയപ്പോഴും സെഞ്ചുറിയുമായി പാർഥിവ് കരുത്തുകാട്ടി.
194 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 43.39 ശരാശരിയിൽ 11,240 റൺസ് നേടി. ഇതിൽ 27 സെഞ്ചുറികളും 62 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 206 റൺസാണ് ഉയർന്ന സ്കോർ. 486 ക്യാച്ചുകളും 77 സ്റ്റംപിങ്ങും നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 193 മത്സരങ്ങളിൽനിന്ന് 29.72 ശരാശരിയിൽ 5172 റൺസ് നേടി. ഇതിൽ മൂന്നു സെഞ്ചുറിയും 35 അർധസെഞ്ചുറിയുമുണ്ട്. 119 റൺസാണ് ഉയർന്ന സ്കോർ. 189 ക്യാച്ചുകളും 67 സ്റ്റംപിങ്ങും പാർഥിവിന്റെ പേരിലുണ്ട്.
English Summary: Parthiv Patel announces retirement from all forms of cricket