പൂജ്യത്തിൽ സാഹ, 12ൽ ബുമ്ര, 21ൽ ഷാ; ലബുഷെയ്നെ കൈവിട്ട് ഇന്ത്യൻ താരങ്ങൾ
Mail This Article
അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റിൽ ഫീൽഡിങ്ങിൽ നിരാശപ്പെടുത്തി ഇന്ത്യൻ താരങ്ങൾ. ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ 22 റൺസെടുക്കുന്നതിടെ മൂന്നു തവണയാണ് ഇന്ത്യൻ താരങ്ങൾ കൈവിട്ടത്. വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ, ജസ്പ്രീത് ബുമ്ര, പൃഥ്വി ഷാ എന്നിവരാണ് ലബുഷെയ്നെ കൈവിട്ട് സഹായിച്ചവരിൽ ‘പ്രതിസ്ഥാനത്ത്’! 27 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇന്ത്യൻ താരങ്ങൾ ‘സമ്പൂർണ പിന്തുണ’ നൽകിയതോടെ ഇതിൽ 26 റൺസും സംഭാവന ചെയ്ത് ലബുഷെയ്ൻ ക്രീസിലുണ്ട്.
അക്കൗണ്ട് തുറക്കും മുൻപു തന്നെ ലബുഷെയ്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചതാണ്. മാത്യു വെയ്ഡ് പുറത്തായതിനു പിന്നാലെ വൺഡൗണായി ക്രീസിലെത്തിയ ലബുഷെയ്ൻ ആദ്യം നേരിട്ട രണ്ടു പന്തുകൾ വിജയകരമായി പ്രതിരോധിച്ചു. ബുമ്ര എറിഞ്ഞ മൂന്നാം പന്ത് ബാറ്റിലുരസി പിന്നിലേക്ക് പാഞ്ഞെങ്കിലും മുഴുനീളെ ഡൈവ് ചെയ്ത വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് കയ്യിലൊതുക്കാനായില്ല. ഈ പന്ത് നേരെ ബൗണ്ടറിയിലെത്തുകയും ചെയ്തു.
സാഹ ക്യാച്ച് കൈവിട്ടതോടെ നഷ്ടം സഹിക്കേണ്ടി വന്ന ബുമ്രയാണ് രണ്ടാം തവണ ലബുഷെയ്നെ കൈവിട്ടത്. ഈ സമയം ലബുഷെയ്ന്റെ വ്യക്തിഗത സ്കോർ 12 മാത്രം. മുഹമ്മദ് ഷമി എറിഞ്ഞ 18–ാം ഓവറിലെ അവസാന പന്ത് ബൗണ്ടറി ലക്ഷ്യമിട്ട് ലബുഷെയ്ൻ പുൾ ചെയ്തെങ്കിലും പന്ത് വീണത് ഗ്രൗണ്ടിനുള്ളിൽത്തന്നെ. ഓടിയെത്തിയ ബുമ്രയ്ക്ക് പന്ത് അനായാസം കൈപ്പിടിയിൽ ഒതുക്കാമായിരുന്നെങ്കിലും, ചാടിപ്പിടിക്കാനുള്ള ശ്രമത്തിൽ പന്ത് കയ്യിൽനിന്ന് ചോർന്നു. ഒരിക്കൽക്കൂടി പന്ത് ബൗണ്ടറി കടന്നു.
രണ്ടാം സെഷൻ ആരംഭിച്ച് അധികം വൈകും മുൻപാണ് പൃഥ്വി ഷായും ലബുഷെയ്നെ കൈവിട്ട് ‘സഹായിച്ചത്’. ഇത്തവണ ലബുഷെയ്ന്റെ വ്യക്തിഗത സ്കോർ 21 മാത്രം. ജസ്പ്രീത് ബുമ്ര എറിഞ്ഞ 23–ാം ോവറിലെ നാലാം പന്ത് പുൾ ചെയ്യാനുള്ള ലബുഷെയ്ന്റെ ശ്രമം പാളി. ബാറ്റിൽത്തട്ടി ഉയർന്ന പന്ത് സ്ക്വെയർ ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന പൃഥ്വി ഷായ്ക്ക് രണ്ട് ചുവടു പിന്നോട്ടുവച്ച് അനായാസം കയ്യിലൊതുക്കാമായിരുന്നു. തലയ്ക്കു മുകളിലൂടെ കയ്യെത്തിച്ച് ക്യാച്ചെടുക്കാനുള്ള ഷായുടെ ശ്രമം പാളിയതോടെ ലബുഷെയ്ന് മൂന്നാം ‘ലൈഫ്’!
English Summary: Indian Fielders Drop Marnus Labuschagne Thrice in India Vs Australia 1st Test