ADVERTISEMENT

അഹമ്മദാബാദ് ∙ സ്ഥാനാർഥി പട്ടികയിൽ പേരുണ്ട്; പക്ഷേ മത്സരിക്കാനാകുമോയെന്ന് കാത്തിരുന്നു കാണണം! ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടവരുടെ അവസ്ഥയാണത്. എല്ലാവരും ഐപിഎലിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഒന്നിനൊന്നു മികച്ച പ്രകടനവുമായി 19 അംഗ ടീമിൽ ഇടം പിടിച്ചവർ. ഇവരിൽ നിന്ന് പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുക എന്നതാണ് ക്യാപ്റ്റൻ വിരാട് കോലിയുടെയും പരിശീലകൻ രവി ശാസ്ത്രിയുടെയും ‘തലവേദന’. വെള്ളിയാഴ്ചയാണ് ആദ്യ ട്വന്റി20. പരമ്പരയിലെ 5 മത്സരങ്ങളും മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തന്നെ.

∙ സിറ്റിങ്ങ് സീറ്റുകൾ

നിലവിൽ ബാറ്റിങ് നിരയിൽ സ്ഥാനം ഉറപ്പുള്ളവർ 3 പേർ മാത്രമാണ്: രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ. രോഹിത്തിനൊപ്പം ആര് ഓപ്പൺ ചെയ്യുമെന്നതാണ് ബാറ്റിങ്ങിലെ ചോദ്യം. ശിഖർ ധവാന്റെ സ്ഥാനത്തിനു വെല്ലുവിളിയായി കെ.എൽ രാഹുലുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് ടീമിലുണ്ടെങ്കിലും ഐപിഎലിൽ ഓപ്പണറായി തിളങ്ങിയ രാഹുലിനെ തഴയാൻ വയ്യ.

ധവാനെ ഓപ്പണറാക്കി രാഹുലിനെ 4–ാം സ്ഥാനത്തേക്ക് ഇറക്കുകയാണെങ്കിൽ ശ്രേയസ് അയ്യർ പുറത്തിരിക്കേണ്ടി വരും. സൂര്യകുമാർ യാദവിന്റെ അരങ്ങേറ്റം വൈകുകയും ചെയ്യും.

∙ സീനിയർ Vs ജൂനിയർ

ബോളിങ് നിരയിൽ മൂപ്പിളമപ്പോരാണ്. ദീർഘകാലത്തിനു ശേഷം ടീമിലേക്കു തിരിച്ചെത്തുന്ന ഭുവനേശ്വർ കുമാറിനു വെല്ലുവിളിയായി ദീപക് ചാഹർ, ഷാർദൂൽ ഠാക്കൂർ, ടി.നടരാജൻ, നവ്‌ദീപ് സെയ്നി എന്നിവരുണ്ട്. ഭുവിയെ കോലിക്കു വിശ്വാസമാണെങ്കിലും പരുക്കുമൂലം കുറെ മാസങ്ങളായി കളിച്ചിട്ടില്ല എന്നത് തിരിച്ചടിയാണ്.

നിലവിലെ ഫോമും ബോളിങ് വൈവിധ്യവും ഷാർദൂലിന്റെ ആനുകൂല്യങ്ങൾ. ടീമിൽനിന്നു വിട്ടുനിൽക്കുന്ന ജസ്പ്രീത് ബുമ്രയുടെ അസാന്നിധ്യം നികത്താൻ ഡെത്ത് ഓവറുകളിൽ ബുമ്രയെപ്പോലെ യോർ‌ക്കറുകളെറിയുന്ന ടി. നടരാജനെ കോലി ആശ്രയിച്ചേക്കാം. മൊട്ടേരയിലെ സ്പിൻ പിച്ചുകളിൽ യുസ്‌വേന്ദ്ര ചെഹൽ–വാഷിങ്ടൻ സുന്ദർ–അക്ഷർ പട്ടേൽ ത്രയത്തിന് അവസരം കിട്ടിയാലും അൽഭുതപ്പെടാനില്ല.

English Summary: Indian Team Selection For England T20 Remains Head Ache For Indian Team Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com