61 അടിച്ച് ഇർഫാൻ പഠാൻ, കൂട്ടിന് ഗോണി; എന്നിട്ടും ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ
Mail This Article
റായ്പൂർ∙ റോഡ് സേഫ്റ്റി വേൾഡ് സീരീസ് ക്രിക്കറ്റിൽ ഇംഗ്ലണ്ട് ലെജൻഡ്‍സിനോടു തോറ്റ് ഇന്ത്യ ലെജൻഡ്സ്. ആറ് റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ 188 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇംഗ്ലണ്ടിന്റെ മുന്നേറ്റം. 37 പന്തുകളിൽനിന്ന് പീറ്റേഴ്സൻ 75 റൺസ് അടിച്ചെടുത്തു. ആറു ഫോറുകളും അഞ്ചു സിക്സുകളുമാണു താരം പറത്തിയത്. ഇംഗ്ലണ്ടിനായി ഡാരൻ മാഡി 27 പന്തിൽ 29 റൺസെടുത്തു. ക്രിസ് ഫോഫീൽഡ് (12 പന്തിൽ 15), ഗാവിൻ ഹാമിൽട്ടൻ (12 പന്തിൽ 15), ഫിൽ മസ്റ്റാർഡ് (15 പന്തിൽ 14), ക്രിസ് ട്രെംലെറ്റ് (നാല് പന്തിൽ 12), ജെയിംസ് ട്രെഡ്‍വെൽ (11 പന്തിൽ 9) എന്നിവരാണ് മറ്റു പ്രധാന സ്കോറർമാർ.
ഇന്ത്യയ്ക്കായി യൂസഫ് പഠാൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ മോശം തുടക്കം ഇന്ത്യ ലെജൻഡ്സിന് തിരിച്ചടിയായി. വിരേന്ദർ സെവാഗ് ആറും ക്യാപ്റ്റൻ സച്ചിൻ തെൻഡുൽക്കർ ഒന്‍പതും റൺസെടുത്തു പുറത്തായി. മുഹമ്മദ് കൈഫ് (ഒന്ന്), യുവരാജ് സിങ് (22), എസ്. ബദ്രീനാഥ് (എട്ട്) എന്നിവർ ചെറിയ സ്കോറിനു പുറത്തായി. ഇർഫാൻ പഠാന്‍ അർധസെഞ്ചുറി നേടിയത് ഇന്ത്യയ്ക്കു പ്രതീക്ഷ നൽകിയെങ്കിലും വിജയത്തിലെത്താൻ സാധിച്ചില്ല.
34 പന്തുകൾ നേരിട്ട ഇർഫാൻ പഠാൻ 61 റൺസെടുത്തു പുറത്താകാതെനിന്നു. അഞ്ച് സിക്സും നാല് ഫോറുകളും താരം നേടി. പഠാന് കൂട്ടായി മൻപ്രീത് ഗോണിയും (16 പന്തിൽ 35) പുറത്താകാതെ നിന്നു.
English Summary: Road safety world series, India legends vs England legends