ADVERTISEMENT

മുംബൈ∙ ഇന്ത്യ– ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന ടീമിൽ ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന നാലാം ട്വന്റി ട്വന്റി മത്സരത്തിൽ അർധസെഞ്ചുറിയോടെ മികച്ച പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവും ഇടംപിടിച്ചു. സൂര്യകുമാർ യാദവിനു പുറമേ ക്രുനാൽ പാണ്ഡ്യ, പ്രസിദ് കൃഷ്ണ എന്നിവരും ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കും. 

മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മാർച്ച് 23ന് പുണെയിൽ നടക്കും. കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ എല്ലാ ഏകദിനങ്ങളും അധികം കാണികളില്ലാതെ പുണെയിൽ തന്നെ നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. ട്വന്റി ട്വന്റി പരമ്പരയിലെ അവസാന മത്സരം നാളെ നടക്കും. നിലവിൽ 2–2 എന്ന നിലയിൽ പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന ടീമുകൾക്ക് അടുത്ത മത്സരം നിർണായകമാണ്.  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് നാളെ നടക്കുന്ന മത്സരം കൂടി ജയിച്ച് ട്വന്റി 20 പരമ്പര സ്വന്തമാക്കാനായാൽ ഏകദിന പരമ്പരയ്ക്കിറങ്ങുന്ന ടീമിന് അത് മുതൽക്കൂട്ടാകും.

ട്വന്റി ട്വിന്റി പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച് വിരാട് കോലിയിൽ തന്നെയാകും ഏകദിനത്തിലും ഇന്ത്യയുടെ പ്രതീക്ഷ. 2019 ഓഗസ്റ്റിലാണ് കോലി അവസാനമായി ഒരു സെഞ്ചുറി നേടുന്നത്. ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള രോഹിത് ശർമയാണ് ഉപനായകൻ. ആദ്യ ട്വന്റി ട്വന്റിയിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രേയസ് അയ്യർ, ഓസ്ട്രേലിയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ ‘സ്റ്റാർ പെർഫോർമറായ’ ഹാർദിക് പാണ്ഡ്യ, ക്രീസിൽ പ്രവചനാതീതമായി ഫോമിലേക്ക് എത്തുന്ന ഋഷഭ് പന്ത് എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ട്വന്റി 20 മത്സരങ്ങളിൽ ഉൾപ്പെടാതിരുന്ന ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും ഏകദിനത്തിലും അവസരം ലഭിച്ചില്ല

ഇന്ത്യൻ ടീം: വിരാട് കോലി (ക്യാപ്റ്റൻ), രോഹിത് ശർമ( വൈസ് ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ,  ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ക്രുനാൽ പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ടി. നടരാജൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ശർദുൽ താക്കൂർ

English Summary : Suryakumar Yadav, Krunal Pandya Included In India Squad For ODI Series vs England

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com