‘ആ ദിവസങ്ങൾ തികച്ചും മാന്ത്രികം’; സഞ്ജനയുമൊത്തുള്ള പുതിയ ചിത്രം പങ്കുവച്ച് ബുമ്ര
Mail This Article
പനജി∙ ക്രിക്കറ്റ് ലോകം ആഘോഷമാക്കിയ വിവാഹമാണ് ഇന്ത്യൻ താരം ജസ്പ്രിത് ബുമ്രയുടെയും ടെലിവിഷൻ അവതാരക സഞ്ജന ഗണേശന്റെയും. നിരവധി അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് ഗോവയിലെ ഒരു സ്വകാര്യ ചടങ്ങിൽവച്ച് ബുമ്ര സഞ്‍നയുടെ കൈപിടിച്ചത്. ഇപ്പോഴിതാ ആരാധകർ നൽകി സ്നേഹത്തിനും ആശംസകൾക്കും നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് താരം. തന്റെ ഇൻസ്റ്റാഗ്രാം പേജിൽ സഞ്ജനയുമൊത്തുള്ള പുതിയ ചിത്രം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.
‘തികച്ചും മാന്ത്രികത നിറഞ്ഞത് എന്നതിൽ കുറഞ്ഞ് കഴിഞ്ഞ കുറച്ചു ദിവസങ്ങളെ കുറിച്ച് ഒന്നും പറയാനില്ല. ഞങ്ങൾക്ക് ലഭിച്ച എല്ലാ സ്നേഹത്തിനും ആശംസകൾക്കും വളരെധികം നന്ദി അറിയിക്കുന്നു. നന്ദി’– ബുമ്ര കുറിച്ചു.
മാർച്ച് 15ന് സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങൾ പങ്കുവച്ചാണ് ഇരുവരും വിവാഹവാർത്ത ലോകത്തെ അറിയിച്ചത്. ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായാണു ഗോവയിൽ വിവാഹം നടന്നത്. വധുവരന്മാർക്കു വിരാട് കോലി ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളും സെലിബ്രിറ്റികളും ആരാധകരും ആശംസകൾ നേർന്നു. അവധിയെടുത്തു കളത്തിൽനിന്നു വിട്ടുനിൽക്കുന്ന ബുമ്ര, ഏപ്രിൽ 9ന് തുടങ്ങുന്ന ഐപിഎല്ലിന്റെ 14–ാം എഡിഷനിൽ മുംബൈ ഇന്ത്യൻസിനു വേണ്ടി ജഴ്സി അണിയുമെന്നാണു റിപ്പോർട്ട്.
English Summary : "Absolutely Magical": Jasprit Bumrah Shares Photos With Wife Sanjana Ganesan